അബുദാബി: ആത്മവിശ്വാസം നഷ്ടപ്പെട്ട സമൂഹമായി മലയാളികൾ മാറിയെന്ന് ജനാധിപത്യ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി എൻ സീമ എം പി പറഞ്ഞു. അബുദാബി കേരള സോഷ്യൽ സെന്റർ വനിതാവിഭാഗം സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

മറ്റേതോ നാട്ടിൽ നിലനിന്നിരുന്നതും മറ്റേതോ കാലത്തുണ്ടായിരുന്നതുമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളീയ കുടുംബങ്ങളിലേയ്ക്ക് കടന്നുവരാനുണ്ടായ കാരണം ഈ ആത്മവിശ്വാസമില്ലായ്മയാണ്. നവോത്ഥാന മൂല്യങ്ങൾ നഷ്ടപ്പെട്ട് മന്ത്രവാദത്തിലേയ്ക്കും ദുർമന്ത്ര വാദത്തിലേയ്ക്കും നമ്മുടെ സമൂഹം പോയിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ ഉന്നതിയിലും സമ്പൂർണ്ണ സാക്ഷരതയിലും നാം അഭിമാനിക്കുന്ന കേരളത്തിൽ സ്ത്രീകൾ ദുർമന്ത്രവാദം വഴി കൊലചെയ്യപ്പെടുന്നു. ചോദ്യം ചെയ്യാനുള്ള മലയാളികളുടെ കഴിവാണ് കേരളത്തിലെ സമൂഹികമാറ്റത്തിനു വഴിവച്ചത്. ഇന്ന് ചോദ്യം ചോദിക്കുവാനുള്ള കഴിവ് നഷ്ടപ്പെട്ട് അവനവനിലേയ്ക്ക് ചുരുങ്ങുകയാണ്. അവനവനിലേയ്ക്ക് ചുരുക്കുന്ന കമ്പോള സംസ്‌കാരത്തെ ചോദ്യം ചെയ്യുന്നതിനെതിരെയുള്ള പോരാട്ടമാണ് ഓരോരുത്തരും നടത്തേണ്ടത്.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയ്ക്ക് സ്ത്രീകളുടെ സുരക്ഷയും ഉന്നമനവും കണക്കിലെടുത്ത് 75 നിയമപരിഷ്‌കാരങ്ങൾ ഉണ്ടായെങ്കിലും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ കൂടിവരുന്നു. ഓരോ 20 മിനുട്ടിലും ഒരു സ്ത്രീ ലൈംഗിക അതിക്രമത്തിനു വിധേയയാകുന്നു. സ്ത്രീ കയ്യേറ്റം ചെയ്യപ്പെടാനുള്ളതാണെന്ന വികലധാരണ ഇന്നും സമൂഹത്തെ ഭരിച്ചുകൊണ്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു. സെന്റർ പ്രസിഡന്റ് എൻ വി മോഹനൻ അദ്ധ്യക്ഷനായി. വനിതാ വിഭാഗം കൺവീനർ സുധ സുധീർ സ്വാഗതം പറഞ്ഞു. ദേവിക സുധീന്ദ്രൻ അതിഥിയെ പരിചയപ്പെടുത്തി.