ദുബായ്: മലയാളികളുടെ പ്രവാസി ജീവിത്തിലെ ദുരിത കഥകൾക്ക് ശമനമില്ല. ഏറെ പ്രതീക്ഷകളോടെ കുടുംബത്തിന്റെ ഭാരവും നെഞ്ചിലേറ്റി പ്രവാസ ജീവിതം നയിക്കാനെത്തുന്ന പലർക്കും സ്വപ്‌നജീവിതം ആയിരിക്കില്ല കാത്തിരിക്കുന്നത്. പലരും ഏജൻസികളുയെിം തൊഴിലുടമകളുടെ തട്ടിപ്പിന്റെയും ക്രൂരതകളുടെയും ബലിയാടാകുന്ന കഥകൾ നമ്മൾ വായിക്കാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു കഥയാണ് ദുബായിൽ നിന്നും വരുന്നത്.

മാസങ്ങളായി ശമ്പളമില്ലാതെയും വീസാ കാലാവധി അവസാനിച്ചതിനാൽ നാട്ടിലേക്കു മടങ്ങാനാകാതെയും മലയാളികളടക്കം ഇരു നൂറിലേറെ തൊഴിലാളികൾ ദുരിതത്തിലാണെന്നാണ് റിപ്പോർട്ട്. കരാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിനീയറിങ് കമ്പനിയിലെ തൊഴിലാളികളാണു വഴിയാധാരമായത്.

ഇവർ താമസിക്കുന്ന താമസ സ്ഥലത്തെ വൈദ്യുതി വിച്‌ഛേദിച്ചിട്ടു രണ്ടു മാസമായി. കുടിവെള്ളം പോലും ഇടയ്ക്കിടെ മുടങ്ങുന്നു. ശമ്പളം ലഭിക്കാത്തതിനാൽ ഭക്ഷണം ഒരു നേരമാണ് ഇവർക്ക് ലഭിക്കുന്നത്. അതും സന്നദ്ധ സംഘടനകളുടെ കാരുണ്യത്തി. മലയാളിയും ഹൈദരാബാദ് സ്വദേശിയും പാർട്ണർമാരായുള്ള കമ്പനി 19 വർഷം മുൻപാണ് ആരംഭിച്ചത്. മികച്ച രീതിയിൽ പ്രവർത്തിച്ചു വരികയായിരുന്ന കമ്പനി, സാമ്പത്തിക ബാധ്യതയിൽ പെടുകയായിരുന്നുവെന്നു പറയപ്പെടുന്നു.

ഇപ്പോൾ 225 ഓളം പേരാണ് ജോലിയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്‌ളാദേശ്, നേപ്പാൾ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യക്കാരാണിവർ. 35 ഓളം മലയാളികളുണ്ട്. മിക്കവരും ഇലക്ട്രിക്, മെക്കാനിക്ക് ടെക്‌നീഷ്യന്മാരാണ്. 1000 ദിർഹം മുതൽ 15,000 ദിർഹം വരെ ശമ്പളം ലഭിച്ചിരുന്നവരാണ് ഇവർ.

നാട്ടിലേക്കു പണമയയ്ക്കാത്തതിനാൽ മിക്കവരുടെയും കുടുംബം പട്ടിണിയിലാണ്.മാസങ്ങൾക്കു മുൻപ് കുറച്ചെങ്കിലും ശമ്പളം തന്നിരുന്നുവെങ്കിലും പിന്നീട് പൂർണമായും മുടങ്ങുകയായിരുന്നു. വിസ കാലാവധി തീർന്നതിനാൽ മിക്കവരും രണ്ടുവർഷത്തിലേറെയായി നാട്ടിൽപോയിട്ട്. ഉറ്റവർ മരിച്ചിട്ട് നാട്ടിൽപോകാനുമാവാത്തവർ ഇതിലുണ്ട്.

യുഎഇ തൊഴിൽ മന്ത്രാലയത്തിനു നൽകിയ പരാതിയിൽ അനുകൂല തീരുമാനമുണ്ടായെങ്കിലും നടപടിയുണ്ടായില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഇന്ത്യൻ കോൺസുലേറ്റിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു നേരിട്ടും കഴിഞ്ഞ ദിവസം പരാതി നൽകിയതോടെ സഹായമുണ്ടാകുമെന്നാണ് പ്രതീക്ഷ.