- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രക്ക് ഓടിക്കാനും കോഴി ഫാമിലേക്കും യുകെയിൽ മലയാളികളോ?; താൽക്കാലിക വിസയുള്ള 5000 ഡ്രൈവർമാരുടെ ഒഴിവ് മലയാളി റിക്രൂട്മെന്റുകാരും യൂട്യൂബ് തള്ളുകാരും ചേർന്ന് ഒരു ലക്ഷമാക്കി; ഊറ്റിക്കുടിക്കാൻ ഏജന്റുമാരും രംഗത്ത്
കവൻട്രി: പേര് സത്യൻ. വയസ് 45. സ്ഥലം തൃശൂർ. ജോലി ടാങ്കർ ഡ്രൈവർ. ഇപ്പോൾ രണ്ടു വർഷത്തോളമായി കോവിഡ് മഹാമാരിയിൽ അകപ്പെട്ട ശേഷം ജോലിയില്ലാതെ വീട്ടിൽ തന്നെ. എങ്ങനെ മുന്നോട്ടുള്ള ജീവിതം എന്ന് ഒരു നിശ്ചയുമില്ല. അങ്ങനെയാണ് യുകെയിൽ ട്രക്ക് ഡ്രൈവർമാരുടെ ഒരു ലക്ഷം ഒഴിവുകൾ ഉണ്ടെന്നു ഫേസ്ബുക്കിലും യൂട്യുബിലും ഒക്കെയായി സത്യൻ അറിയുന്നത്. പ്രാഥമിക അന്വേഷണത്തിൽ അഞ്ചോ പത്തോ ലക്ഷം രൂപ വേണ്ടി വരും യുകെയിൽ എത്താൻ എന്നാണ് അദ്ദേഹം മനസിലാക്കിയത്.
എത്തിക്കഴിഞ്ഞാൽ ഒരു വർഷം പോലും ജോലി ചെയ്യാതെ ഈ തുക കയ്യിൽ എത്തുകയും ചെയ്യും. ഇതോടെ എന്തിനു മടിക്കണം എന്ന ചിന്തയിൽ ആകെയുള്ള പത്തു സെന്റ് സ്ഥലവും വീടും അടുത്തുള്ള സഹകരണ ബാങ്കിൽ ഏൽപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഇദ്ദേഹം. ഇതിനിടയിൽ ആരോ പറഞ്ഞാണ് അദ്ദേഹം ഇതേപ്പറ്റി കൂടുതൽ അന്വേഷിക്കുന്നത്.
യുകെയിൽ ട്രക്ക് ഡ്രൈവർമാരുടെ ഒഴിവുകൾ ഉണ്ടെന്നത് നേരുതന്നെ. എന്നാൽ ഒരു സുപ്രഭാതത്തിൽ ഉണ്ടായ ഒഴിവുകൾ അല്ല ഇത്. ബ്രക്സിറ്റിനെ തുടർന്ന് 25000 ഡ്രൈവർമാർ നാട് വിട്ടതും കോവിഡിനെ തുടർന്ന് 40000 പേരുടെ ഡ്രൈവിങ് ടെസ്റ്റ് നടക്കാതിരുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എന്നാൽ വസ്തവമറിയാതെ പലതും വിളിച്ച് പറയുന്ന യൂ ട്ഊബർമാരുടെയും പുര കത്തുമ്പോൾ വാഴ വെട്ടാൻ ഇറങ്ങുന്ന റിക്രൂട്മെന്റ് ചതിയന്മാരും പറയുന്ന പോലെ ഒരു ലക്ഷം മലയാളികൾക്ക് വന്നടിയാൻ ഉള്ള സ്ഥലമല്ല ട്രക്ക് കാബിനുകൾ. അത്ര നിസാരമായി മലയാളികൾക്ക് ചെയ്യാനാകുന്ന ജോലിയുമല്ല. പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്നെ പറയുന്നത് അനുസരിച്ചു താത്കാലികമായി 5000 ഡ്രൈവർമാരെ ലഭിച്ചാൽ തീരാവുന്ന പ്രയാസമേ യുകെയിൽ ഉള്ളൂ.
ഇതിനായി ക്രിസ്മസ് കാലം വരെയുള്ള ആവശ്യത്തിനായി താൽക്കാലിക വിസ നൽകി അയൽരാജ്യങ്ങളിൽ നിന്നും ഡ്രൈവർമാരെ എത്തിക്കാനുള്ള നടപടിയാണ് സർക്കാർ ആലോചിക്കുന്നത്. താൽക്കാലിക വിസ തീരുമ്പോൾ മടങ്ങി പോകുകയും ചെയ്യണം. ആ സമയത്തിനുള്ളിൽ ബ്രിട്ടനിൽ ബാക്ലോഗിൽ കഴിയുന്ന ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസ് ടെസ്റ്റുകൾ പരമാവധി നടത്തുക എന്നതും സർക്കാരിന്റെ പദ്ധതിയാണ്. ഇ വാസ്തവത്തെക്കുറിച്ച് അറിയാതെയോ അറിഞ്ഞിട്ട് മനഃപൂർവ്വമോ ആണ് ഒരു ലക്ഷം ട്രക്ക് ഡ്രൈവർമാർ എന്നൊക്കെയുള്ള പ്രചരണം
മലയാളിക്ക് അപേക്ഷിക്കാം എന്ന വിവരം എവിടെ നിന്ന്?
ട്രക്ക് ഓടിക്കാൻ മാത്രമല്ല കോഴി ഫാമുകളിൽ ജോലി ചെയ്യാനും ഇപ്പോൾ യുകെയിൽ ആളില്ല. ഇതോടെ യുകെയിൽ എത്തിക്കാം എന്ന പേരിൽ ഡ്രൈവർമാരെ പോലെ കോഴി ഫാമിലേക്കും ചെറുപ്പക്കാരെ ഇറക്കുമതി ചെയ്യാൻ റിക്രൂട്മെന്റുകാർ രംഗത്തെത്താൻ കാലതാമസം ഉണ്ടാകില്ല. എന്നാൽ യുകെയിൽ ഒരു ട്രക്ക് ഡ്രൈവർ ആകാൻ മാസങ്ങളോളം വൻതുക ചിലവഴിച്ചു ഡ്രൈവിങ് പരിശീലനം നടത്തണം എന്ന മിനിമം കാര്യം പോലും ഒരു യുട്യൂബ് വിദഗ്ധനും പങ്കിടുന്നില്ല. ഒരു ലക്ഷം ഒഴിവുകൾ എന്ന പ്രഖ്യാപനം അട്ടഹാസമായി മുഴക്കുന്നവർ അതിലേക്കു മലയാളിക്ക് അപേക്ഷിക്കാനാകുമോ എന്ന വിവരവും പങ്കുവയ്ക്കുന്നില്ല. ഇതാണ് റിക്രൂട്മെന്റ് അവസരം ചാകരയായി കണക്കാക്കുന്ന എജന്റുമാർ മുതലാക്കുന്നത്.
ക്രിസ്മസ് തലേന്ന് വരെ യുകെയിൽ ജോലി ചെയ്യാൻ കഴിയുന്ന വിസയാണ് ഡ്രൈവർമാർക്ക് വേണ്ടി സർക്കാർ നൽകാൻ തയ്യാറെടുക്കുന്നത്. അയ്യായിരം പേരെ വീതം ട്രക്ക് ഓടിക്കാനും കോഴി ഫാമിലേക്കും എത്തിക്കാനാണ് സർക്കാർ നീക്കം. അടുത്തമാസം മുതൽ നടത്താൻ സർക്കാർ ആലോചിക്കുന്ന റിക്രൂട്മെന്റിന് മലയാളികൾ കേരളത്തിൽ ഇപ്പോഴേ അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി പരസ്യവും നൽകി എന്നതാണ് വിചിത്രം.
എന്നാൽ ഈ ജോലിക്കായി പ്രധാനമായും യൂറോപ്യൻ യൂണിയനിൽ ഉള്ളവർ തന്നെയാകും തിരഞ്ഞെടുക്കപ്പെടുക എന്നും ദി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടീഷ് മന്ത്രാലയ സെക്രട്ടറിമാരെ ഉദ്ധരിച്ചാണ് പത്രം ഈ വിവരം പങ്കു വയ്ക്കുന്നതും. ഇതോടെ യൂട്ഊബർമാരും സോഷ്യൽ മീഡിയയും എന്തടിസ്ഥാനത്തിനാലാണ് മലയാളികൾക്ക് യുകെയിൽ ട്രക്ക് ഡ്രൈവർ ആകാൻ കഴിയും എന്ന് വീമ്പിളക്കി അനേകായിരങ്ങളെ മോഹിപ്പിച്ചത് എന്ന് മാത്രം വ്യക്തമല്ല.
അവസരം മുതലെടുക്കുന്ന റിക്രൂട്ടിങ്ങ് ഏജൻസികളും
വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന പോലെ ഇപ്പോൾ യുകെയിൽ ഒരു ഫോൺ നമ്പറോ വിലാസമോ ഉള്ളവർ എല്ലാം റിക്രൂട്മെന്റ് എജന്റുമാരാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന തട്ടിപ്പിലെ ഡർബി മലയാളി സോയി ജോസഫിനെ പോലെ ഏതു പാവപ്പെട്ടവനെയും പറ്റിക്കാൻ കരളുറപ്പുണ്ടെങ്കിൽ സീനിയർ കെയർ വിസ എന്ന ഏർപ്പാടിൽ പല ഇംഗ്ലീഷ് കെയർ ഹോമുകളും വിമാന ടിക്കറ്റ് വരെ നൽകി ഭാഗ്യം ചെയ്ത മലയാളികളിൽ ചിലരെ യുകെയിൽ എത്തിച്ചപ്പോൾ റിക്രൂട്മെന്റ് എന്ന ചാകരയിൽ കണ്ണുടക്കിയ മലയാളികൾ ആറു ലക്ഷം മുതൽ 25 ലക്ഷം വരെ ഊറ്റിയെടുത്താണ് പത്തു പൗണ്ട് ശമ്പളത്തിൽ ജോലി ചെയ്യാൻ ആളെ ഇറക്കുന്നത്.
പാലാ സ്വദേശിയായ സുമിത് ജോർജ് തന്റെ ഭാര്യക്ക് വേണ്ടി അപേക്ഷ നൽകാൻ എത്തിയതോടെയാണ് ഡെർബി മലയാളിയുടെ ഊറ്റലിനെ കുറിച്ച് പുറം ലോകം അറിയാൻ ഇടയായത്. റിക്രൂട്മെന്റിന് വേണ്ടിയുള്ള യാതൊരു മിനിമം യോഗ്യതയും ഇല്ലാതെ നൂറുകണക്കിന് ആളുകളിൽ നിന്നും 5000 രൂപ വീതം വാങ്ങി കയ്യിൽ വച്ചിരിക്കുന്ന ലക്ഷക്കണക്കിന് രൂപ എത്രയോ പാവങ്ങളുടെ വിയർപ്പിൽ നിന്നും ഉണ്ടായതാണ് എന്ന് ഒരു നിമിഷം പോലും യുകെ മലയാളിയായ ഇയാൾ ആലോചിച്ചില്ലല്ലോ എന്നാണ് മുൻ യുകെ മലയാളി കൂടിയായ സുമിത്തിന്റെ ഭാര്യ സങ്കടത്തോടെ വിവരിച്ചത്.
കുപ്രസിദ്ധി നേടിയ സോയി ജോസഫ് വാട്സാപ്പ് വഴി ഡെർബി മലയാളികളെ വലിയ ധീരതയോടെ അറിയിച്ചത് താൻ ഇനിയും പെണ്ണ് കെട്ടാൻ തൽക്കാലം ഉദ്ദേശിച്ചിട്ടില്ലാത്തതിനാൽ പത്രത്തിൽ വരുന്ന വാർത്തകൾ ഒന്നും തന്റെ പൊടിരോമത്തിൽ ഏശില്ല എന്നാണ്. പക്ഷെ മട്ടിലുള്ളവർ പറയുന്നത് മറ്റൊരു തരത്തിലും. എന്നാൽ കേസ് അന്വേഷണത്തിന് ഇറങ്ങിയ കൂത്താട്ടുകുളം പൊലീസ് നൽകുന്ന സൂചനയിൽ ഈ ധീരത ഒക്കെ അലിഞ്ഞു പോകുന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഏതായാലും കക്ഷി ഇന്ന് വാടക കെട്ടിടത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന 50000 രൂപ വിലയുള്ള സീനിയർ കെയറർ അഭിമുഖം വേണ്ടെന്നു വച്ചതായി അപേക്ഷകരെ ഇന്നലെ രാത്രിയിൽ അറിയിക്കുക ആയിരുന്നു. ഇതോടെ പണം നൽകിയവർ കൂട്ടമായി ഇന്ന് കൂത്താട്ടുകുളം പൊലീസിൽ എത്തും എന്നും വിവരമുണ്ട്.
ഇത്തരത്തിൽ നൂറു കണക്കിന് ഏജന്റുമാർ സീനിയർ കെയർ വിസയിൽ എത്താനുള്ള മോഹവുമായി നടക്കുന്നവരെ വല വീശാൻ രംഗത്ത് ഇറങ്ങിയ പോലെ ഇപ്പോൾ ട്രക്ക് ഡ്രൈവർമാർക്ക് വേണ്ടിയും ഏജൻസി കഴുകന്മാർ നോട്ടമിട്ടിരിക്കുകയാണ്. തീർച്ചയായും ഇവരുടെ വലയിൽ തൃശൂരിലെ സത്യനെ പോലെ അനേകായിരങ്ങൾ വന്നു ചാടുകയും ചെയ്യും. ഒടുവിൽ യുകെയിൽ എത്താനായില്ലെങ്കിലും രജിസ്ട്രേഷന് നൽകിയ പതിനായിരമോ ഇരുപത്തിനായിരമോ അല്ലേ പോയുള്ളൂ എന്ന് ഓരോരുത്തരും സമാധാനപ്പെടുകയും ചെയ്യും. ഈ സമാധാനം തന്നെയാണ് ഓരോ റിക്രൂട്മെന്റ് ഏജന്റിന്റെയും തുറുപ്പു ചീട്ടും. ആരും പരാതിയുമായി രംഗത്ത് വരില്ല എന്ന ധൈര്യം തന്നെയാണ് കള്ളത്തരത്തിന് ഇറങ്ങുന്ന ഏജൻസി കഴുകന്മാരുടെ പ്രധാന നിക്ഷേപവും.
മറുനാടന് മലയാളി ബ്യൂറോ