കോഴിക്കോട്: പ്രളയത്തിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങാകാൻ ബംഗാളിൽ നിന്നും ഓടിയെത്തിയ മലയാളി കളക്ടർ എത്തിച്ചു നൽകിയത് ഒരു കോടി രൂപയുടെ സാധനങ്ങൾ. വെസ്റ്റ് ബംഗാളിന്റെ ഈ പ്രിയപ്പെട്ട ഉദ്യോഗസ്ഥൻ മലയാളികൾക്കു വേണ്ടി കൈ നീട്ടിയപ്പോൾ മരുന്നായും ഭക്ഷണമായും വസ്ത്രമായും എല്ലാം സഹായം നൽകിയത് ബംഗാളിലെ നിരവധി കമ്പനിികളും വ്യക്തികളുമാണ്.

ബംഗാൾ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ മൂവാറ്റുപുഴക്കാരൻ ഡോ.പി.ബി.സലിം ആണ് ബംഗാളിൽ നിന്നും ഒരു കോടി രൂപയുടെ സഹായമെത്തിച്ച് കേരളത്തിനൊപ്പം നിന്നത്. ഏറ്റവും കൂടുതൽ കാലം കോഴിക്കോട്ട് കലക്ടറായിരുന്ന ഡോ പി. ബി സലിം നാടിനൊരു ആപത്തു വന്നപ്പോൾ സഹായിക്കാനായി ജോലി ചെയ്യുന്ന നാട്ടിലെ സുമനസ്സുകളോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥൻ സഹായം അഭ്യർത്ഥിച്ചപ്പോൾ ഒരു കോടി രൂപയുടെ സഹായം കേരളത്തിലേക്ക് ഒഴുകി എത്തുകയായിരുന്നു.

പ്രളയത്തിനിടെ മൂവാറ്റുപുഴയിലെ വീട്ടിലേക്ക് എത്താനിരുന്നതായിരുന്നു പി.ബി.സലീം. ഇതിനായി കൊച്ചിയിലേക്ക് പുറപ്പെട്ടെങ്കിലും വിമാനമെത്തിയത് തിരുവനന്തപുരത്തായിരുന്നു. വീട്ടിലേക്ക് എത്താൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം ബംഗാളിലേക്കു മടങ്ങി. തിരികെപ്പോയെങ്കിലും മലയാളികൾക്ക് സഹായമെത്തിക്കണമെന്ന ചിന്തയിൽ നിന്നാണ് ഒരു കോടിയുടെ സഹായം കേരളത്തിന് എത്തിയത്. അതിനായി വെസ്റ്റ് ബംഗാൾ കേഡറിലുള്ള രണ്ടു മലയാളി ഐഎഎസ് ഉദ്യോഗസ്ഥരെ ഒപ്പംകൂട്ടി. ഐഷ റാണി, ബിജിൻ കൃഷ്ണ എന്നീ ഉദ്യോഗസ്ഥരാണ് പി.ബി.സലീമിന് ഒപ്പം നിന്നത്.

സലിം കലക്ടറായിരുന്ന കൊൽക്കത്ത ദക്ഷിണ പർഗ്‌നസിൽ നിന്ന് കിട്ടിയതും വലിയ സഹായമാണ്. വസ്ത്ര നിർമ്മാതാക്കളോട് സഹായം ആരാഞ്ഞപ്പോൾ അവർ 70 ലക്ഷം രൂപ വില വരുന്ന പുതിയ വസ്ത്രങ്ങൾ നൽകി. സാരിയും കുട്ടികളുടെ ഡ്രസും ഉൾപ്പെടെ 28,232 എണ്ണം. സലിം കലക്ടർ ആയിരുന്ന നാദിയ ജില്ലയിലെ ബർധമാനിൽനിന്ന് റൈസ് മിൽ ഓണേഴ്‌സ് അസോസിയേഷനും സഹായിച്ചു. 66 മെട്രിക് ടൺ പുഴുങ്ങലരി ലഭിച്ചു. കൊൽക്കത്തയിലെ ഡ്രഗ്‌സ് ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ മുഖേന ഏകദേശം 25 ലക്ഷം രൂപ വിലവരുന്ന അവശ്യമരുന്നുകളും മറ്റു സാധനങ്ങളും നൽകി.

ഏഴു പ്രത്യേക ബോഗികളിലായി 140 മെട്രിക് ടൺ സാധനങ്ങളാണ് കോഴിക്കോട്ടേയ്ക്ക് അയച്ചത്. വയനാട്ടിലെ ദുരിതബാധിതർക്കു വേണ്ടി. പതിനാറു ടൺ സാധനങ്ങൾ കപ്പൽ വഴി കൊച്ചിയിലേക്കും അയച്ചു. ആലുവ, പെരുമ്പാവൂർ മേഖലകളിലേക്കാണ് അയച്ചത്. ഇക്കാര്യം കോഴിക്കോട്, എറണാകുളം ജില്ലാ കലക്ടർമാരെ അറിയിച്ചിട്ടുണ്ട്. ആ കപ്പൽ നാളെ കൊച്ചിയിൽ എത്തും.

മൂന്നു വർഷവും മൂന്നു മാസവുമാണ് സലിം കോഴിക്കോടിന്റെ കലക്ടറായിരുന്നത്. മാറാട് സ്പർശം ഉൾപ്പെടെ നിരവധി ജനകീയ പദ്ധതികൾ കോഴിക്കോട്ട് അവതരിപ്പിച്ചു. നിലവിൽ വെസ്റ്റ് ബംഗാളിൽ ഗവ.സെക്രട്ടറിയും ഫിനാൻസ് കോർപറേഷൻ മേധാവിയുമാണ്. പ്രളയ ദുരന്തം അനുഭവിച്ച സ്വന്തം നാടിന് വേണ്ടി ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ കളക്ടർ.