ലണ്ടൻ: ആറ്റുനോറ്റിരുന്ന് എത്തുന്ന അവധിക്കാല യാത്ര എന്നെന്നും ഭയപ്പെടുത്തുന്ന ഓർമ്മയായി മാറിയാലോ? കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ യുണൈറ്റഡ് എയർലൈൻ, ഈസി ജെറ്റ് വിമാനയാത്രക്കാരുടെ അനുഭവം അവധിക്കാല യാത്ര പ്ലാൻ ചെയ്തിരിക്കുന്നവരുടെയും എപ്പോഴെങ്കിലും വിമാനയാത്ര ആവശ്യമായി വരുന്നവരുടെയും മുന്നിലേക്ക് ഉയർത്തി വിടുന്ന ചോദ്യമാണിത്. പ്രത്യേകിച്ചും യൂറോപ്പിലും മറ്റും ബജറ്റ് എയർലൈനുകളിൽ കുഞ്ഞുങ്ങളുമായി അവധിക്കാല യാത്ര നടത്തേണ്ടി വരുന്ന മലയാളി യാത്രക്കാരെ സംബന്ധിച്ച് ഇത്തരം ഒരു അനുഭവം ഉണ്ടായാൽ അത് നരക തുല്യ അനുഭവം ആയിരിക്കുമെന്ന് ഉറപ്പാണ്.

യുണൈറ്റഡ് എയർ ലൈൻ പുറത്താക്കിയത് ചൈനീസ് വംശജനായ ഡോക്ടറെയും ഈസി ജെറ്റ് പുറത്താക്കിയത് ഇന്ത്യൻ വംശജനായ ഐറ്റി കൺസൾട്ടന്റിനെയും ആണെന്ന വിവരം പുറത്തായതോടെ ഇത്തരം സംഭവങ്ങൾ വംശീയമായി കൈകാര്യം ചെയ്യുകയാണോ എന്ന സന്ദേഹം പോലും സോഷ്യൽ മീഡിയ ഉയർത്തുന്നു. ഈസി ജെറ്റിൽ നിന്നും പുറത്താക്കിയ ലൂട്ടൻ നിവാസികളായ മനോജിന്റെയും ഭാര്യയും അദ്ധ്യാപികയുമായ വിധയുടെയും കൂടുതൽ തിരിച്ചറിയൽ വിവരങ്ങൾ പുറത്തു വിടരുതെന്ന് ഇരുവരും മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. എങ്കിലും ഇരുവരും മലയാളികളാണോയെന്ന് സംശയിക്കപ്പെടുന്നു.

ഇറ്റാലിയൻ പ്രവിശ്യയായ പ്രശസ്ത ടൂറിസ്റ്റു സങ്കേതമായ മെഡിറ്ററേനിയൻ ദ്വീപ് സമൂഹമായ സിസിലിയയിൽ നിന്നും ഒരാഴ്ച അവധി ആഘോഷിച്ച ശേഷം ലണ്ടൻ ഹീത്രൂവിലേക്കു പറക്കാൻ വിമാനം കയറിയ മനോജ് - വിധ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാനക്കേടും സമയ നഷ്ടവും തുടർ യാത്രക്കുള്ള പണ നഷ്ടവും എല്ലാം കൂടി വലിയ പ്രത്യാഘാതമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. യാത്ര റദ്ദാക്കപ്പെടുമ്പോൾ പല ബജറ്റ് എയർ ലൈനുകളും നഷ്ടപരിഹാരം നൽകാനോ യാത്രക്കാരുടെ വൈഷമ്യങ്ങൾ പരിഹരിക്കാനോ തയ്യാറല്ല എന്നതാണ് ഏറ്റവും ദയനീയം.

കുറഞ്ഞ നിരക്കിൽ നൽകുന്ന ടിക്കറ്റിനു റീ ബുക്കിങ് സൗകര്യം പോലും നൽകാൻ പലപ്പോഴും വിമാന കമ്പനികൾ തയ്യാറാകില്ല. തുടർന്ന് യാത്രക്കാർ അടിയന്തിരമായി സ്വന്തം നാട്ടിലേക്കു മടങ്ങാൻ നൂറു കണക്കിന് പൗണ്ട് അധികമായി മുടക്കേണ്ടിയും വരും. അതിനിടെ അവധിക്കാല സമയമായ ഇപ്പോൾ മിക്ക വിമാനങ്ങളും പറക്കുന്നതും ഓവർ ബൂക്ഡ് ആയ നിലയിലാണെന്ന് വ്യോമയാന വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുഴുവൻ സീറ്റുകളിലും യാത്രക്കാരുമായി പറക്കുന്ന ഓരോ വിമാനവും യാത്രക്ക് മുൻപ് ഏതു സമയവും യാത്രക്കാരെ പുറത്താക്കാൻ തയ്യാറായ നിലയിലാണ് എന്നതും അവധിക്കാല യാത്ര ബുക്ക് ചെയ്തവരുടെ ഉള്ളം കിടുക്കാൻ കാരണമായ കാര്യമാണ്.

മിക്കവാറും ടൂറിസ്റ്റു സങ്കേതങ്ങളിൽ നിന്നുള്ള വിമാനങ്ങൾ പൂർണ്ണമായും നിറഞ്ഞിരിക്കുന്നതിനാൽ മടക്ക യാത്രക്ക് ദിവസങ്ങളോളം കാത്തിരിക്കേണ്ടിയും വരും. അതും കുട്ടികളുമായി കുടുംബം ഒത്തുള്ള യാത്ര ആണെങ്കിൽ ഹോട്ടൽ ബിൽ അടക്കം വൻതുക നഷ്ടപ്പെടുന്നതോടെ വീണ്ടും ഒരു അവധിക്കാല യാത്ര നടത്താൻ ജീവിതത്തിൽ ഒരിക്കലും പലർക്കും കഴിഞ്ഞെന്നു വരില്ല. മാത്രമല്ല, ഇത്തരം സംഭവങ്ങളിൽ നഷ്ടപരിഹാരം കയ്യോടെ നിഷേധിക്കപെടും എന്നതും വസ്തുതയാണ്.

കാരണം കുറഞ്ഞ നിരക്കിൽ വിറ്റ ടിക്കറ്റിനു സാധാരണ കൂടിയ നിരക്കിൽ നൽകുന്ന ടിക്കറ്റിനുള്ള പരിരക്ഷ നൽകാൻ തങ്ങൾ തയ്യാറല്ല എന്നതാണ് വിമാനക്കമ്പനികളുടെ നിലപാട്. പ്രത്യേകിച്ചും തിരക്കേറിയ അവധിക്കാല സമയങ്ങളിൽ ഒട്ടും ഔദാര്യം വിമാനകമ്പനികളിൽ നിന്നും പ്രതീക്ഷിക്കണ്ട എന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.

എന്നാൽ ഈസി ജെറ്റ് വിമാനത്തിൽ നിന്നും പിടിച്ചു പുറത്താക്കിയ മനോജിന്റെയും ഭാര്യയുടെയും കാര്യത്തിൽ ഇത്തരം നടപടികളിൽ പാലിക്കേണ്ട യാതൊരു നടപടിക്രമവും പുലർത്തിയിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇക്കാര്യം ശരിയാണെന്നു ബോധ്യമായതോടെ പരസ്യമായ ഖേദപ്രകടനം നടത്താൻ ഈസി ജെറ്റ് തയ്യാറായി എന്നതും പ്രത്യേകതയായി. എന്നാൽ ഇക്കാര്യം പോലും യുണൈറ്റഡ് എയർലൈനിന്റെ കാര്യത്തിൽ തുടക്കത്തിൽ സംഭവിച്ചിരുന്നില്ല.

മനോജിന്റെയും വിധയുടെയും മടക്കയാത്രക്കുള്ള മറ്റൊരു വിമാനം കണ്ടെത്തുന്നതിൽ ഈസി ജെറ്റ് പരാജയമായി എന്നതും ഗുരുതര വീഴ്ചയായി കണക്കാക്കപ്പെടുന്നു. അതിനിടെ വിമാനത്തിൽ അധിക യാത്രക്കാർ ഉണ്ടാകുന്ന സാഹചര്യത്തിൽ പലപ്പോഴും കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവത്തിൽ ജീവനക്കാർ സ്വയം സൃഷ്ടിക്കുന്ന കാരണങ്ങളാൽ ആകും യാത്രക്കാരെ പുറത്താക്കുക. ഇത്തരം കാരണങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റു എടുക്കുന്നവരും ഏറ്റവും ഒടുവിലായി ചെക് ഇൻ ചെയ്തവരും ഒക്കെ ഉൾപ്പെടാറുണ്ട്.

പലപ്പോഴും ഓരോ വിമാനത്തിലും ജീവനക്കാർക്ക് വേണ്ടിയുള്ള സീറ്റുകൾ ഉണ്ടാകാറുണ്ട്. എന്നാൽ തിരക്കുള്ള സമയങ്ങളിൽ ഈ സീറ്റ് കൂടി യാത്രക്കാർക്ക് വിൽക്കുന്നതാണ് പ്രശ്‌നത്തിന് കാരണമായി മാറാറുള്ളത്. ലോകത്തിന്റെ ഒട്ടുമിക്ക കേന്ദ്രങ്ങളിലും പ്രവർത്തന ഹബ്ബുകൾ ഉള്ള യുണൈറ്റഡ് എയർ ലൈൻ പോലുള്ള വലിയ കമ്പനികൾക്ക് മിക്കപ്പോഴും വിമാനങ്ങളുടെ യാത്ര മുടങ്ങാതിരിക്കാൻ മുൻകൂട്ടി നിശ്ചയിക്കാതെ തന്നെ ജീവനക്കാരെ തങ്ങളുടെ വിമാനത്തിൽ തന്നെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് എത്തിക്കേണ്ടി വരും.

ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ മിക്കപ്പോഴും ചെക് ഇൻ ചെയ്തു വിമാനത്തിൽ ഇരിപ്പുറപ്പിച്ച യാത്രക്കാരിൽ ചിലരെ പുറത്താക്കിയാകും പ്രശ്‌നം പരിഹരിക്കുക. എന്നാൽ പുറത്തു പോകാൻ യാത്രക്കാർ വിസമ്മതിക്കുന്ന സാഹചര്യത്തിൽ ബലം പ്രയോഗം നടത്താൻ ജീവനക്കാർ തുനിയുന്നതാണ് ലോകമൊട്ടാകെ വിമാന യാത്ര നടത്തുന്നവർക്കിടയിൽ ഈ ദിവസങ്ങളിൽ സംസാര വിഷയം ആയിരിക്കുന്നത്. യുണൈറ്റഡ് എയർ ലൈൻ സംഭവത്തെ തുടർന്ന് കമ്പനിക്ക് ഓഹരി വിപണിയിൽ ഒരു ബില്യൺ ഡോളറിന്റെ മൂല്യം ഇടിഞ്ഞു എന്നതും കൂട്ടിവായിക്കപ്പെടേണ്ടതാണ്.