ഹൂസ്റ്റൻ:ദുരന്തങ്ങൾക്ക് മേൽ ദുരന്തങ്ങളാണ് യുഎസിലെ ഈ മലയാളി ദമ്പതികൾക്ക് നേരിടേണ്ടി വരുന്നത്.  സ്വയംകൃതാർഥമെങ്കിലും, സ്വന്തം മകളുടെ അവകാശം വിട്ടുകൊടുക്കേണ്ടി വന്നത് ഇവരുടെ ജീവിതത്തിലെ വലിയ ദുരന്തം തന്നെ. വളർത്തുമകൾ ഷെറിൻ മാത്യൂസ് എന്ന മൂന്നു വയസ്സുകാരി ദുരൂഹമായി മരണപ്പെട്ടതിനെ തുടർന്നാണ് ഇരുവരും അറസ്റ്റിലായത്. വെസ്ലി മാത്യൂസും (37) സിനി മാത്യൂസും (35) സ്വന്തം മകളുടെ മാതാപിതാക്കളെന്ന അവകാശം വിട്ടുകൊടുക്കുന്നതായി ഡാലസിലെ കോടതിയെ അറിയിച്ചു.

വളർത്തുപുത്രിയെ സംരക്ഷിക്കാൻ കഴിയാത്തതിനാൽ സ്വന്തം മകളെ കാണാൻ കോടതി ഇവർക്കു വിലക്കേർപ്പെടുത്തിയിരുന്നു. നാലു വയസ്സുള്ള ഈ കുട്ടിയെ ഇപ്പോൾ ബന്ധുക്കളാണു നോക്കുന്നതെങ്കിലും ചൈൽഡ് പ്രൊട്ടക്ടീവ് സർവീസിന്റെ (സിപിഎസ്) സംരക്ഷണത്തിലാണ്. മാതാപിതാക്കൾക്ക് ഇനി കുട്ടിയുടെ മേലുള്ള അവകാശം തിരിച്ചുകിട്ടില്ല. സിപിഎസിന്റെ ചുമതലയിൽ ആയിരിക്കും കുട്ടിയെ വളർത്തുക.

ജയിലിൽ കഴിയുന്ന വെസ്ലിയുടെ മേൽ കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണു ചാർത്തിയിട്ടുള്ളത്. ജീവഹാനി സംഭവിക്കുംവിധം കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനാണു സിനി തടവിൽ കഴിയുന്നത്.കൊല്ലപ്പെടുന്നതിനുമുൻപ് ഷെറിൻ പല തവണ ശാരീരിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന വിദഗ്ധ റിപ്പോർട്ടിനെ തുടർന്നാണു കോടതി നടപടി മാതാപിതാക്കളെ കാണാൻ അനുമതി ലഭിക്കാതിരുന്നത്. മകളെ കാണാനുള്ള അവകാശം സ്ഥിരമായി ഇല്ലാതാക്കണമെന്ന് എതിർഭാഗം വാദിച്ചു.. ഷെറിന്റെ മരണത്തിൽ ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് രക്ഷിതാവെന്ന നിലയിലുള്ള ഉത്തരാവാദിത്വം നിറവേറ്റാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റിന് ശേഷം ഇവരുടെ ബന്ധുക്കൾക്കൊപ്പമാണ് സ്വന്തം മകൾ കഴിയുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഡാലസിലെ വീട്ടിൽ നിന്നും മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസിനെ കാണാതാവുന്നത്. ഒക്ടോബർ 22 ന് വീടിന് ഒരു കിലോമീറ്റർ അപ്പുറത്ത് നിന്ന് ഷെറിനിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഒരു ഓർഫനേജിൽ നിന്നായിരുന്നു ഷെറിനെ ദമ്പതികൾ ദത്തെടുത്തത്. കുട്ടിയെ അപായപ്പെടുത്തിയെന്ന കേസിലാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടി മരിച്ചതിന്റെ തലേദിവസം വൈകീട്ട് ഷെറിനെ വീട്ടിലാക്കി നാലു വയസ്സുള്ള സ്വന്തം കുട്ടിയുമായി ദമ്പതികൾ റസ്റ്റോറന്റിൽ പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് മുമ്പ് ഷെറിന് ശാരീരിക ഉപദ്രവം ഏൽക്കേണ്ടി വന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം വിലയിരുത്തിയാണ് സ്വന്തം മകളെ കാണാനുള്ള അവകാശം കോടതി എടുത്തു കളഞ്ഞത്.

കേസിൽ വാദം കേൾക്കൽ തുടരും. വാദം പൂർത്തിയാകുന്നതോടെ രക്ഷിതാവ് എന്ന എല്ലാ അവകാശങ്ങളും ദമ്പതികളിൽ നിന്നും എടുത്തുമാറ്റിയേക്കാനും സാധ്യതയുണ്ട്. അടുത്ത വാദം കേൾക്കൽ ദിവസം എപ്പോഴെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അധികം നീണ്ട് പോവില്ലെന്നാണ് സൂചന. ഷെറിനിന്റെ മരണവുമായി ബന്ധപ്പെട്ട് ദമ്പതികൾ നൽകിയ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടായതോടെയായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കാണാതാവുമ്പോൾ താൻ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി മാത്യൂസ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ നിർബന്ധിച്ച് പാൽകുടിപ്പിച്ചപ്പോഴാണ് ഷെറിൻ മരിച്ചതെന്നായിരുന്നു വെസ്ലി മൊഴി നൽകിയത്. കേസിൽ രണ്ടര ലക്ഷം ഡോളറാണ് ജാമ്യ വ്യവസ്ഥയായി നിശ്ചയിച്ചിരിക്കുന്നത്

ഒക്ടോബർ ഏഴിന് വീട്ടിൽനിന്നു കാണാതായ ഷെറിനെ 22-ന് ഒരു കിലോമീറ്റർ ദൂരെ കലുങ്കിനടയിൽ മൃതദേഹം കണ്ടെത്തിയത്. ഷെറിൻ മാത്യൂസ് മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചപ്പോഴാണെന്ന് വളർത്തച്ഛൻ വെസ്ലി മാത്യൂസ് മൊഴി നൽകിയിരുന്നത്. ഒക്ടോബർ ഏഴിനു രാവിലെ സ്വന്തം വാഹനത്തിൽ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയിൽ കൊണ്ടു പോയി ഇടുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയിൽ നടത്തിയ നിരവധി എക്സറെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഷെറിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന കാര്യം പുറംലോകമറിഞ്ഞത്. ഷെറിൻ മാത്യൂസിന്റെ തുടയെല്ല്, കാൽമുട്ട് എന്നിവയ്ക്ക് പൊട്ടലുകളുണ്ടായിരുന്നുവെന്നാണ് ഡോക്ടർ സ്ഥിരീകരിച്ചിരുന്നു ഇവകൂടാതെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുൻപ് പരുക്കേറ്റതിന്റെ പാടുകളുമുണ്ടായിരുന്നുവെന്നും ഡോകടർ പറയുന്നു. ഷെറിനെ ഇന്ത്യയിൽനിന്നു ദത്തെടുത്തതിനു ശേഷം പല തവണയായാണു മുറിവുകളും പൊട്ടലുകളും ഉണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്.