ജിദ്ദ: വിജനമായ പ്രദേശത്തെ മണൽക്കാട്ടിൽ നിന്നും കിട്ടിയ മലയാളി ദമ്പതികളുടെ മൃതദേഹം സൗദിയിൽ തന്നെ സംസ്‌ക്കരിച്ചു. റാഷിദിയ്യ പള്ളിയിൽ നടന്ന ജനാസ നിസ്‌കാരത്തിനു ശേഷമായിരുന്നു ഖബറടക്കൽ. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തൽ റിസ്‌വാന(30) എന്നിവരുടെ മൃതദേഹങ്ങളാണ് അന്വേഷണ നടപടികൾക്ക് ശേഷം ഇന്നലെ സംസ്‌ക്കരിച്ചത്.

ഇരുവരുടെയും മൃതദേഹം ഫെബ്രുവരി പത്തൊമ്പതിന് ദമാംഅൽഹസ്സ പാതയിലെ അൽഉയൂൻ എന്ന വിജനമായ പ്രദേശത്തെ മണൽക്കാട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് മൃതദേഹം ഇന്നലെ സംസ്‌ക്കരിച്ചത്. രണ്ടു പേരെയും അടുത്തടുത്താണ് ഖബറടക്കിയത്.

റിസ്വാനയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം കുഞ്ഞബ്ദുള്ള സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ക്രൂര കൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്തി സമീപത്തു നിന്ന് കണ്ടെടുത്തിരുന്നു. ഇതിൽ മറ്റാരുടെയും വിരലടയാളം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

നാട്ടിൽ നിന്ന് എത്തിയ റിസ്വാനയുടെ സഹോദരൻ ആഷിഖ്, ദുബായിൽ നിന്നെത്തിയ അമ്മാവൻ മഹ്മൂദ്, റിയാദിൽ നിന്നെത്തിയ കുഞ്ഞബ്ദുള്ളയുടെ പിതൃസഹോദരൻ കരീം അബ്ദുല്ല എന്നിവർ ഉൾപ്പെടെ വൻ ജനാവലി സംബന്ധിച്ചു. കുഞ്ഞബ്ദുള്ള ജോലി ചെയ്തിരുന്ന ഹൈപ്പർ മാർക്കറ്റിലെ ഡയറക്ടർ നാസർ അടക്കം ജീവനക്കാരും നിരവധി സ്വദേശികളും ഖബറടക്കത്തിൽ പങ്കെടുത്തു.

ആത്മഹത്യയും കൊലപാതകവുമായിരുന്നതിനാൽ രണ്ടാഴ്ചയോളം നീണ്ട നിയമ നടപടികൾ പൂർത്തിയായതിന് ശേഷമാണ് മൃതദേഹങ്ങൾ പൊലീസ് കുടുംബത്തിന് വിട്ടുനൽകിയത്. കുഞ്ഞബ്ദുല്ലയുടെ മൃതദേഹം അൽഹസ്സയിൽ തന്നെ സംസ്‌കരിക്കുമെന്നും റിസ്വാനയുടെ മൃതദേഹം അമ്മയുടെ ആഗ്രഹപ്രകാരം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്നുമായിരുന്നു ആദ്യ വിവരം.

പിന്നീട് ഇത് അനിശ്ചിതത്വത്തിലായി. പിന്നീട് റിസ്വാനയുടെ സഹോദരനെ നാട്ടിൽ നിന്ന് അൽഹസ്സയിൽ എത്തുകയും മൃതദേഹം അവിടെ തന്നെ സംസ്‌ക്കരിക്കാൻ തീരുമാനിക്കുകയും ആയിരുന്നു. ഇതിൻ പ്രകാരം രണ്ടു പേരുടേയും മൃതദേഹം അടുത്തടുത്ത് അടക്കി. റിസ്വാനയുടെ സ്വർണാഭരണങ്ങൾ സഹോദരൻ ഏറ്റുവാങ്ങി. ജനാസയ്ക്കു ശേഷം റിസ്വാനയുടെ ബന്ധുക്കൾ ഉംറ നിർവഹിക്കാൻ മക്കയിലേക്ക് പോയി. കുഞ്ഞബ്ദുള്ളയുടെ ബന്ധു റിയാദിലേക്കു മടങ്ങുകയും ചെയ്തു.

റിസ്‌വാനയും കുഞ്ഞബ്ദുള്ളയും നാലു വർഷം മുമ്പാണ് വിവാഹിതരാവുന്നത്. ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. രണ്ട് മാസം മുമ്പ് വിസിറ്റിങഅ വിസയിൽ എത്തിയ റിസ് വാന ഇതിനായി ദമാമിലെ ഒരാശുപത്രിയിൽചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി ആശുപത്രിയിൽ പോയി വരുമ്പോഴാണ് സംഭവം നടക്കുന്നത്. കുഞ്ഞബ്ദുള്ള സംശയ രോഗിയായിരുന്നെന്നും റിപ്പോർട്ടുണ്ട്. ഭാര്യയിലുള്ള ഈ സംശയ രോഗമാകാം കൊലപാതകത്തിലേക്കും പിന്നീട് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.