തിരുവനന്തപുരം: അങ്ങനെയിപ്പോൾ ഇന്ത്യയെ ഇകഴ്‌ത്തിക്കാട്ടി ആരും ആളാകാൻ മലയാളികൾ സമ്മതിക്കില്ല. സച്ചിൻ ടെൻഡുൽക്കറെ അറിയില്ലെന്നു പറഞ്ഞ മറിയ ഷറപ്പോവയും ഇന്ത്യൻ ശാസ്ത്രലോകത്തെ അപമാനിച്ചു കാർട്ടൂൺ വരച്ച ന്യൂയോർക്ക് ടൈംസിനെയും പൊങ്കാലയിട്ട മലയാളി സൈബർ പടയാളികൾ ഇപ്പോൾ ഇന്ത്യ-പാക് യുദ്ധത്തിലും പങ്കാളികളായിരിക്കുകയാണ്.

ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തെ താഴ്‌ത്തിക്കെട്ടി സംസാരിച്ച പാക്കിസ്ഥാൻ സേനയുടെ ഡയറക്ടർ ജനറൽ അസിം ബജ്‌വയുടെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിട്ടു തുടങ്ങിയിരിക്കുകയാണു മലയാളികൾ.

സർജിക്കൽ സ്‌ട്രൈക്ക് എന്നാണ് ഇന്ത്യ പറയുന്നതെങ്കിലും അങ്ങനെയല്ലെന്നാണ് പാക് ജനറൽ അവകാശപ്പെടുന്നത്. അതിർത്തിയിൽ സ്വാഭാവികമായി നടക്കുന്ന വെടിവയ്പു മാത്രമാണത്രേ ഉണ്ടായത്. ഇതിനു പാക്കിസ്ഥാൻ സൈന്യം മറുപടി നൽകിയെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ ജനറൽ അസിം ബജ്‌വ അവകാശപ്പെടുന്നു.

നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകൾ ആക്രമിച്ചെന്ന ഇന്ത്യൻ സൈന്യത്തിന്റെ അവകാശവാദം 'കെട്ടിച്ചമച്ച സത്യം' മാത്രമാണെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം. സംഭവത്തെ നിയന്ത്രണ രേഖയിൽ പതിവായി നടക്കാറുള്ള വെടിവെപ്പിൽ ഒതുക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നു. ഇന്ത്യൻ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടുവെന്ന് പാക് സൈന്യം പറയുന്നു. അതിർത്തിയിലെ വെടിവെപ്പിനെ അതിർത്തികടന്നുള്ള ആക്രമണമായി വ്യാഖ്യാനിച്ച് മാദ്ധ്യമങ്ങളിലൂടെ പെരുപ്പിച്ച് കാണിക്കാനുള്ള ഇന്ത്യയുടെ ശ്രമം കെട്ടിച്ചമച്ച സത്യമാണെന്നും പാക് സൈന്യം പ്രസ്താവനയിൽ എടുത്തുപറയുന്നു. പാക് മണ്ണിൽ കടന്നുകയറി ഇന്ത്യ ആക്രമിച്ചിരുന്നുവെങ്കിൽ തിരിച്ചടി ഉണ്ടാകുമായിരുന്നുവെന്നുമാണ് പാക് സൈന്യത്തിന്റെ വാദം.

ഫേസ്‌ബുക്കിൽ ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയ പോസ്റ്റിനു താഴെയും അസിം ബജ്‌വയുടെ ഫേസ്‌ബുക്ക് പേജിലെ ഓരോ പോസ്റ്റിനു താഴെയും മലയാളി സൈബർ പോരാളികൾ കമന്റുകൾ കൊണ്ടു നിറയ്ക്കുകയാണ്. പച്ചമലയാളത്തിൽ തന്നെയാണു രസകരമായ കമന്റുകൾ നിറയുന്നത്. ഓരോ പോസ്റ്റിനു കീഴിലും ആയിരക്കണക്കിനു കമന്റുകളാണു മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

'നാണവും മാനവും ഇല്ലാത്ത മലയാളം അറിയാത്തവൻ... പാക്കിസ്ഥാനികൾ സ്‌കൂളിൽ പോകാൻ വിട്ട സമയത്ത് ബോംബ് ഉണ്ടാക്കി നടക്കുമ്പോ ആലോചിക്കണം ... ആ വാർ ആൻഡ് ലവ് സിനിമയിലും കുരുക്ഷേത്രയിലുമൊക്കെ എത്ര നന്നയിട്ടട അവന്മാർ മലയാളം പറയുന്നേ ... പഠിക്കാൻ വിട്ടാൽ പഠിക്കണം കണ്ട്രി ഫെലോസ്' എന്നു തുടങ്ങി നിരവധി കമന്റുകളാണു സൈബർ പടയാളികൾ എയ്തുവിടുന്നത്.


''എന്നാലും എന്റെ ജനറൽ സാറേ, താനൊരു ഒന്നൊന്നര തോൽവിയായിപ്പോയല്ലോ, ശരി മൊയലാളി.... നുമ്മ വിശ്വസിച്ചു.... നിങ്ങ ഇനീം പറയണം... നുമ്മ ഇനീം വിശ്വസിക്കാം... നിങ്ങ പറഞ്ഞാൽ പിന്നെ അതിനു അപ്പീൽ ഇല്ല...

നിങ്ങ ഇനീം കൊറേ എന്തേലുമൊക്കെ പറ മൊയലാളി.. നുമ്മക്ക് ഇനീം എന്തൊക്കെയോ വിശ്വസിക്കാൻ തോന്നുന്നു ..

NB: മോന്തക്കിട്ട് നല്ലതു കിട്ടിയിട്ടും ജാടക്ക് ഒരു കുറവുമില്ല...

നിങ്ങ എന്തൊരു ലോക തോൽവി ആണ് ഭായ്..'', ''എന്നാലും എന്റെ ജനറൽ നായരേ നിങ്ങള്ക്കി ഗതി വന്നല്ലോ'', ഫേസ്‌ബുക്കിൽ മലയാളികളോടു കളിച്ചാൽ കളി പഠിപ്പിക്കും തുടങ്ങി നിരവധി കമന്റുകളാണ് പാക്കിസ്ഥാൻ ജനറലിന്റെ പേജിൽ നിറയുന്നത്.