ളി ഇന്ത്യക്കാരോടോ.. ഇവിടെ വന്ന് ഇന്ത്യക്കാരോടു കളിച്ചാൽ കളി പഠിപ്പിച്ചേ വിടൂ എന്നിപ്പോൾ പാക്കിസ്ഥാൻ താരങ്ങൾക്കു മനസിലായിക്കാണും. ഇന്ത്യൻ ഹോക്കി ടീമിനെതിരായ ജയം അതിരുവിട്ട് ആഘോഷിച്ച പാക്കിസ്ഥാൻ താരങ്ങൾ ഇപ്പോൾ തലയിൽ കൈവച്ച് ഓടുകയായിരിക്കും.

മലയാളികളുടെ ഫേസ്‌ബുക്ക് കമന്റാക്രമണത്തിൽ വിറങ്ങലിച്ചിരിക്കുകയാണിപ്പോൾ പാക്കിസ്ഥാൻ. ഇന്ത്യയെ തോൽപ്പിച്ച സന്തോഷത്തിൽ കാണികൾക്കുനേരെ വിരലുയർത്തി അശ്ലീല ആംഗ്യം കാണിച്ച പാക് താരങ്ങൾ ഒരിക്കലും ഇത്തരമൊരു ആക്രമണം മലയാളികളിൽ നിന്നുണ്ടാകുമെന്നു പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

കളിക്കളത്തിലെ വിജയാഹ്ലാദം അതിരുകടന്നതിനു രണ്ടു കളിക്കാർക്ക് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ വിലക്കുകൽപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ജർമനിയോടു പാക്കിസ്ഥാൻ തോൽക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ ഹോക്കി ടീമിന്റെ ഫേസ്‌ബുക്ക് ഫാൻ പേജിലേക്കു മലയാളി സൈബർ സേനയുടെ ആക്രമണവും.

നേരത്തെ, സച്ചിനെ അറിയില്ലെന്നു പറഞ്ഞ മരിയ ഷറപ്പോവയുടെ ഫേസ്‌ബുക്ക് പേജിലും മംഗൾയാനെ കളിയാക്കിയ ന്യൂയോർക്ക് ടൈംസിന്റെ പേജിലും മലയാളികൾ തെറിയഭിഷേകം നടത്തിയിരുന്നു. ഇന്ത്യയോടു 'കളിച്ച' പാക്കിസ്ഥാനും ഇപ്പോൾ സൈബർ സേനയുടെ ആക്രമണത്തിൽ നിലതെറ്റിയിരിക്കുകയാണ്. നേരത്തെ മോഹൻലാലിന്റെ ബ്ലോഗ് ഹാക്കുചെയ്ത പാക്കിസ്ഥാനും മലയാളി സൈബർ സേന കനത്ത തിരിച്ചടി നൽകിയിരുന്നു.

രണ്ടു ദിവസമായി കനത്ത തെറിയഭിഷേകമാണ് പാക് ഹോക്കി ടീമിന്റെ ഫേസ്‌ബുക്കിൽ മലയാളികൾ നടത്തുന്നത്. പേജിൽ പ്രത്യക്ഷപ്പെടുന്ന ഓരോ പോസ്റ്റിനും താഴെ നൂറുകണക്കിനു മറുപടിയാണ് മലയാളത്തിൽ പോസ്റ്റുചെയ്യുന്നത്. ഇന്ത്യയെ പ്രകീർത്തിച്ചും പാക്കിസ്ഥാനെ കണക്കിനു കളിയാക്കിയുമാണ് പേജിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ''വല്ലാണ്ട് കളിച്ചാൽ അടുത്ത കളികളിക്കേണ്ടി വരില്ലാട്ടാ ...കത്തിച്ചു കളയും.. ജയ് ഹിന്ദ്'' എന്ന് ഒരാൾ പോസ്റ്റ് ചെയ്തപ്പോൾ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് മറ്റൊരാൾ പാക്കിസ്ഥാനെ വിശേഷിപ്പിച്ചിരിക്കുന്നത്.

''പൊങ്കാലയിടാൻ വന്ന മലയാളികളുടെ ശ്രദ്ധയ്ക്ക്... തളരാതെ പോരാടുക... ഷറപ്പോവയ്ക്കും ന്യൂയോർക്ക് ടൈംസിനും പണി കൊടുത്തവരാണ് നമ്മൾ... അവന്മാരുടെ എല്ലാ പോസ്റ്റിലും കയറി നിരങ്ങുക..'' എന്നും പേജിൽ ആഹ്വാനമുണ്ട്. പാക്കിസ്ഥാനെ തോൽപ്പിച്ച ജർമൻകാരോടു 'ആരെങ്കിലും ആ വിരലൊന്നു കാട്ടിക്കൊടുക്കൂ ജർമൻകാരാ' എന്നും ആവശ്യപ്പെടുന്നുണ്ട്. എന്തായാലും ഇതുവരെ ആരും കാര്യമായി പരിഗണിക്കാത്ത പാക്കിസ്ഥാൻ ഹോക്കി ടീമിന്റെ ഫേസ്‌ബുക്ക് പേജ് മലയാളികളുടെ കമന്റുകൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോൾ.