റുസ്താഖിനടുത്ത് കാർ മറിഞ്ഞ് മലയാളി മരിച്ചു. കെപ്പമംഗലം ചെളിങ്ങാട് പുഴങ്കരയില്ലത്ത് പരേതനായ ഖാലിദിന്റെ മകൻ അബ്ദുൽ കരീം ആണ് മരിച്ചത്. പരേതന് 47 വയസായിരുന്നു പ്രായം. തിങ്കളാഴ്ച പുലർച്ച ഒന്നരയോടെ ഹൊഖയിനിലാണ് അപകടം. ഒറ്റപ്പെട്ട സ്ഥലത്തായതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകി.

ജോലിയാവശ്യാർഥം ദുബൈയിലേക്ക് പോവുകയായിരുന്നു. ദുബൈയിൽനിന്ന് സാധനങ്ങൾ കൊണ്ടുവന്ന് വിതരണംചെയ്യുന്ന ജോലിചെയ്തുവന്നിരുന്ന കരീം 30 വർഷത്തോളമായി ഒമാനിലുണ്ട്. ചികിത്സ ആവശ്യാർഥം ഒരാഴ്ചയായി നാട്ടിലായിരുന്ന ഇദ്ദേഹം ഞായറാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്. വീട്ടിലെത്തിയ ശേഷം ദുബൈയിലേക്ക് പുറപ്പെടുകയായിരുന്നു.

കുടുംബസമേതം റുസ്താഖിലായിരുന്നു താമസം. സഫിയ മാതാവും ഹസീന ഭാര്യയുമാണ്. മക്കൾ: ഹിഷാം, ഹൈതം, സൈനബ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.