ദുബായ്: ഗൾഫ് മലയാളികൾക്ക് ഇത് നല്ല കാലം എന്ന് പറയാതിരിക്കാൻ വയ്യ. അബുദാബി മലയാളിക്ക് പിന്നാലെ മറ്റൊരു മലയാളിയേയും ഭാഗ്യം തേടി എത്തിയിരിക്കുകയാണ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനയർ നറുക്കെടുപ്പിൽ മലയാളി ഡ്രൈവർക്ക് ഏകദേശം ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചു.

കാപ്പിലങ്ങാട്ട് വേലു വേണുഗോപാലൻ എന്നയാൾക്കാണ് 25-ാമത് നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത്. ദുബായിലെ ഒരു കമ്പനിയിൽ ഡ്രൈവറായ വേണുഗോപാൽ വാർഷിക അവധിക്ക് നാട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു ആയിരം ദിർഹത്തിന്റെ ഭാഗ്യ ടിക്കറ്റ് എടുത്തത്. മൂന്നാമത്തെ തവണയാണ് ഇദ്ദേഹം ഈ ഭാഗ്യ പരീക്ഷണം നടത്തുന്നത്. കഴിഞ്ഞ 30 വർഷമായി യുഎഇയിലുള്ള വേണുഗോപാൽ നാട്ടിലേയ്ക്ക് തിരിച്ചുപോയി സ്വന്തമായി ബിസിനസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. രോഗികൾക്കും മറ്റും സഹായം ചെയ്യണമെന്നും ആഗ്രഹിക്കുന്നു.

ടിക്കറ്റ് നമ്പർ3073. കഴിഞ്ഞ ദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 12 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. ഇതിന് മുൻപും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരെ കോടീശ്വരന്മാരാക്കിയിട്ടുണ്ട്. ഓഗസ്റ്റിൽ നടന്ന നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ ബ്രോൻവിൻ എസ്.മുൻസ് എന്നയാൾക്കായിരുന്നു സമ്മാനം.