കോഴിക്കോട്: ഇംഗ്ലണ്ടിലെ മഞ്ചസ്റ്ററ്ററിലേക്കു പറന്ന മലയാളി വിദ്യാർത്ഥി അബൂദബിയിൽ കുടുങ്ങി. ഇത്തിഹാദ് എയർവേഴ്‌സിലെ വെരിഫിക്കേഷൻ ജീവനക്കാരിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് പരാതി. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും ജെറ്റ് എയർവേഴ്‌സിൽ അബൂദബിയിലെത്തിയ മലയാളി യാത്രക്കാരനായ മറൈൻ എൻജിനീയർ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജേഷ് ബാലകൃഷ്ണനാണ് വഴിക്കുവെച്ച് യാത്ര മുടങ്ങിയത്. ഇത് സംബന്ധിച്ച് ഇത്തിഹാദ് എയർവേഴ്‌സിനും എയർപോർട്ട് അധികൃതർക്കും ഇന്ത്യൻ എംബസിക്കും മറ്റും പരാതി നൽകിയെങ്കിലും രണ്ടു ദിവസമായി അബൂദബി എയർപോർട്ടിൽ കുടുങ്ങി കിടക്കുകയാണ് ബിജേഷ്. ലക്ഷങ്ങൾ മുടക്കി മാഞ്ചസ്റ്ററിൽ പഠിക്കുന്ന ബിജേഷിന് നാലു ദിവസത്തിനകം യു കെയിൽ എത്തിയില്ലെങ്കിൽ കോഴ്‌സ് ഫീയും പരീക്ഷയുമെല്ലാം നഷ്ടമാകുന്ന സ്ഥിതിയാണ്.

ഇതു സംബന്ധിച്ച് ബിജേഷ് പറയുന്നത് ഇങ്ങനെയാണ്: കരിപ്പൂരിൽ നിന്നും മുംബൈ വഴി ഇന്നലെയാണ് (17.4.2018) ഞാൻ അബൂദബിയിൽ എത്തിയത്. മുംബൈയിൽനിന്നും മഞ്ചസ്റ്റർ (Manchester - UK) പോവാൻ, അബൂദബി കണക്ഷൻ ഫ്‌ളൈറ്റ് ആണ് ഞാൻ ബുക്ക് ചെയ്തത്. ജെറ്റ് എയർവേഴ്‌സിൽ അബൂദബിയിൽ രാവിലെ ഏഴിന് എത്തി. അടുത്ത കണക്ഷൻ വിമാനം ഇത്തിഹാദ് എയർവേഴ്‌സായിരുന്നു. സുരക്ഷാ പരിശോധന കഴിഞ്ഞു ഞാൻ 33-ാം നമ്പർ ഗേറ്റിൽ ഫ്‌ളൈറ്റ് വെയിറ്റ് ചെയ്തു ഇരുന്നു. ഗേറ്റ് ചെക്കിങ് 0930ന് തുടങ്ങി. ഞാൻ 0935-നു ഗേറ്റ് ചെക്ക് പോയിന്റിൽ ക്യു നിന്ന് ഏറ്റി. എന്റെ പിന്നിൽ ഒരു മലയാളി ഉണ്ടായിരുന്നു. പിന്നെ ബ്രിട്ടീഷ് യാത്രക്കാരും ഉണ്ടായിരുന്നു സൈഡിൽ. ഞാൻ എന്റെ പാസ്‌പോർട്ടും ബോർഡിങ് പാസും കൗണ്ടർ ഡസ്‌കിലുണ്ടായിരുന്ന ഫിലിപ്പിനോ ലേഡിക്കു കൊടുത്തു. അവരത് വാങ്ങി ചെക്ക് ചെയ്തു എന്നോട് സീമന്ത ഡോക്യുമെന്റ് ചോദിച്ചു.

ഞാൻ എന്റെ ഹാൻഡ് ബാഗിൽ ഉണ്ടായിരുന്ന UK Residence Biometrik Card ( ബി ആർ പി കാർഡ്) ഒന്ന് ഇരുന്ന് എടുത്തു. എണീറ്റപ്പോഴേക്കും അവൾ സൈഡിൽ നിന്നിരുന്ന ബ്രിട്ടീഷ് യാത്രക്കാരെ ചെക്ക് ചെയ്ത് അവർക്കു ഡെസ്‌കിൽ നിന്ന് പാസ്‌പോർട്ട് എടുത്തു കൊടുത്തു ഒഴിവാക്കി. ഞാൻ എന്റെ ബി ആർ പി കാർഡ് (BRP Card) കൊടുത്തപ്പോൾ അവൾ എന്നോട് വീണ്ടും പാസ്‌പോർട്ട് ചോദിച്ചു. ഞാൻ അത് നേരത്തെ തന്നുവെന്നു പറഞ്ഞപ്പോൾ അവരത് എനിക്ക് തിരിച്ചു തന്നതായും വാദിച്ചു. തുടർന് ഞാൻ അവളോട് സൈഡിൽ കൂടെ കടത്തി വിട്ട ബ്രിട്ടീഷ് പൗരന്മാരെ ഒന്ന് ചെക്ക് ചെയ്യാൻ പറഞ്ഞു, അത് അവൾ ചെയ്തപ്പോഴേക്കും ആ ബ്രിട്ടീഷ് പേഴ്‌സൺ മിസ്സായി. (ആരാണ് എന്ന് മനസിലായില്ല). പിന്നീട് ഞാൻ വേറെ ഒഫീഷ്യൽസിനെ എല്ലാം വിവരം അറിയിച്ചു.

അവർ അനൗൺസ് ചെയ്തും പേഴ്‌സണലി ചെക്കിംഗും നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അവർ എയർപോർട്ട് പൊലീസിൽ വിവരം നൽകി. ശേഷം സി സി ടി വി ചെക്ക് ചെയ്തപ്പോൾ ഞാൻ പാസ്‌പോർട്ട് കൊടുക്കുന്നതും, മഞ്ചസ്റ്റർ വിസ പരിശോധിച്ച ഇത്തിഹാദ് സ്റ്റാഫ് സൈഡിൽ കൂടെ പോയവർക്ക് കൊടുക്കുന്നതും ക്ലിയർ ആയി അവർക്കു മനസിലായി എന്നും പറഞ്ഞു. പിന്നീട് ഫ്‌ളൈറ്റ് വൈകിപ്പിച്ചു ചെക്ക് ചെയ്തെങ്കിലും പാസ്‌പോർട്ട് കിട്ടിയില്ല. തുടർന്ന് ഫ്‌ളൈറ്റ് ഞാൻ ഇല്ലാതെ മാഞ്ചസ്റ്ററിലേക്കു പറന്നു. മഞ്ചസ്റ്റർ എയർപോർട്ടിൽ 9 മണിക്കൂറിനു ശേഷം വിമാനം ഇറങ്ങിയപ്പോഴും അവർ അന്നൗൺസ് ചെയ്തുവത്രെ. പക്ഷേ, ആരും പാസ്‌പോർട്ട് തിരിച്ചു തന്നില്ല. അതിനാൽ ഞാനിപ്പോഴും അബൂദബി എയർപോർട്ടിൽ കുടുങ്ങി കിടക്കുകയാണ്. എനിക്ക് രണ്ടു നേരം ഭക്ഷണവും കിടക്കാൻ റൂമും എയർവേഴ്‌സ് അധികതർ തന്നുവെങ്കിലും പ്രശ്‌നത്തിന് ഈ നിമിഷം വരെയും പരിഹാരമായിട്ടില്ലെന്നു ബിജേഷ് പറഞ്ഞു.

യു കെയിൽ merchant Navy 2nd Engineer course and exam ചെയ്യാനായാണ് ബിജേഷ് പുറപ്പെട്ടത്. ഇതിനകം കോഴ്‌സ് ഏഴ് മാസം പൂർത്തിയായി. ഇനി മൂന്നു മാസത്തെ പഠനവും പരീക്ഷയുമാണ് ബാക്കിയുള്ളത്. അത് പൂർത്തീകരിച്ച് മടങ്ങാനായിരുന്നു പദ്ധതി. കോഴ്‌സിനായി ആറായിരം പൗണ്ട് ഫീസ് അടച്ചിട്ടുണ്ട്. ഏഴ് ദിവസമെ ലീവ് അനുവദിക്കുകയുള്ളൂ. ഇനി നാലു ദിവസത്തിനകം ഞാൻ ക്ലാസിലെത്തിയില്ലെങ്കിൽ ഇതുവരെയുള്ള പരിശ്രമങ്ങളും പണവുമെല്ലാം പഴാവുമെന്ന് വിദ്യാർത്ഥി നിസ്സഹായനായി പറയുന്നു. പ്രശ്‌നത്തിൽ ഇത്തിഹാദ് എയർവേഴ്‌സ്, ഇന്ത്യൻ എംബസി കേന്ദ്രങ്ങളുമായും മറ്റും ബന്ധപ്പെട്ടെന്നും മലയാളി യാത്രക്കാരന്റെ പ്രശ്‌നം പരിഹരിക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും തുടരുമെന്നും കോഴിക്കോട് എംപി. എം കെ.രാഘവൻ വ്യക്തമാക്കി.