- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വാസം മുട്ടിച്ചു കൊന്നുവെന്ന് ഉറപ്പിച്ച് പൊലീസ്; രതീഷ് അത് ചെയ്യുമെന്ന് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും; വീട് പണിയുമായി ബന്ധപ്പെട്ട തർക്കങ്ങളും ദുരന്തത്തിന് കാരണമായി
ലണ്ടൻ: രതീഷിനെ പരിചയമുള്ള ഒരാൾ പോലും ഈ വാർത്ത വിശ്വാസത്തിലെടുക്കില്ല- മൂന്നു പേരെ ഒറ്റയ്ക്ക് കൊല്ലുക. കാരണം അയാൾ ജീവിതകാലം മുഴുവൻ അത്രയ്ക്ക് സാധാരണക്കാരനായും സൗമ്യനായും തൃശൂരിന്റെ നാട്ടു നന്മയെയും മനസ്സിൽ താലോലിച്ചു വളർന്ന ആളായിരുന്നു. പക്ഷേ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അങ്ങനെ വിശ്വസിക്കാൻ ആണ് പൊലീസ് ശ്രമിക
ലണ്ടൻ: രതീഷിനെ പരിചയമുള്ള ഒരാൾ പോലും ഈ വാർത്ത വിശ്വാസത്തിലെടുക്കില്ല- മൂന്നു പേരെ ഒറ്റയ്ക്ക് കൊല്ലുക. കാരണം അയാൾ ജീവിതകാലം മുഴുവൻ അത്രയ്ക്ക് സാധാരണക്കാരനായും സൗമ്യനായും തൃശൂരിന്റെ നാട്ടു നന്മയെയും മനസ്സിൽ താലോലിച്ചു വളർന്ന ആളായിരുന്നു. പക്ഷേ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അങ്ങനെ വിശ്വസിക്കാൻ ആണ് പൊലീസ് ശ്രമിക്കുന്നത്. ശ്വാസം മുട്ടിയാണ് ഷിജിയും മക്കളും മരിച്ചത് എന്ന നിഗമനം മരണ കാരണം കൊലപാതകം ആണ് എന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നതായി പൊലീസ് പറയുന്നു. എന്നാൽ ഷിജിയും മക്കളും ആത്മഹത്യ ചെയ്തത് കണ്ട് സമനില വിട്ട രതീഷ് കുറ്റിക്കാട്ടിലേയ്ക്ക് ഓടിപ്പോയി സ്വയം ജീവൻ ഒടുക്കിയതാവും എന്ന് വിശ്വസിക്കാൻ ശ്രമിക്കുകയാണ് രതീഷിന്റെ സുഹൃത്തുക്കൾ.
മരണ വിവരം പുറത്തെത്തിയ ചൊവാഴ്ച തന്നെ കൊലപതകമെന്ന സംശയം ഉണ്ടായിരുന്നെങ്കിലും രതീഷിനെ അടുത്തറിയുന്ന ആരും അത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. കുടുംബ വഴക്കിനെ തുടർന്ന് ഷിജിയും മക്കളും ആത്മഹത്യ ചെയ്തത് ആയിരിക്കും എന്നാണ് ബ്രിട്ടീഷ് മലയാളികളിൽ ഏറിയ പങ്കും വിശ്വസിച്ചിരുന്നത്. എന്നാൽ ഇന്നലെ രാവിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നതോടെ ശ്വാസം മുട്ടിയാണ് മൂവരും കൊല്ലപ്പെട്ടത് എന്ന് വ്യക്തമായി. ഇതോടെ കൊലപാതകം ആയിരിക്കാം ഇതെന്ന് ആളുകൾ വിശ്വസിച്ചുതുടങ്ങി.
ഈസ്റ്റ് ഹാം മോർച്ചറിയിൽ നടന്ന പോസ്റ്റ് മോർട്ടത്തിൽ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയില്ലെങ്കിലും ഷിജിയും മക്കളും കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയാണന്നും രതീഷ് കഴുത്തിൽ കുരുക്ക് മുറുക്കി തൂങ്ങിയത് മൂലം ആണെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ മരണ കാരണം കൊലപാതകമോ ആത്മഹത്യയോ എന്ന് ഒരു പക്ഷേ തിരിച്ചറിയാൻ പോലും കഴിഞ്ഞെന്നു വരില്ലെന്ന അവസ്ഥയിലാണ്. രതീഷും മരിച്ചതോടെ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ പൊലീസിന് ഇല്ല. ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുമ്പോഴും തികച്ചും സൗമ്യനായ രതീഷിന് കൊല നടത്താൻ കഴിയുമോ എന്ന ആശങ്ക ഇവർ പങ്കുവെയ്ക്കുന്നുണ്ട്.
ഓരോ ദിവസവും കൂടുതൽ ആഴത്തോടെ മനസ്സിനെ വൃണപ്പെടുത്തുന്ന തരം വെളിപ്പെടുത്തലുമായാണ് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വരുന്നത്. സുഹൃത്തുക്കളും മറ്റും ആകാവുന്ന തരത്തിൽ ഇടപെട്ടിട്ടും ഒഴിവാക്കാൻ കഴിയാതിരുന്ന ഒരു ദുരന്തം കൂടി ആയി മാറുകയാണ് റോംഫോഡ് സംഭവം. കൊല്ലപ്പെട്ട ഷിജി യുകെയിൽ എത്താൻ കാരണക്കാരി ആയ സുഹൃത്ത് അടക്കം ഉള്ളവർ ഇക്കാര്യത്തിൽ രണ്ടു പേരെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചെങ്കിലും വിവാഹ ബന്ധം വേർപിരിയുക എന്ന ഉറച്ച തീരുമാനത്തിൽ ഞായറാഴ്ച എത്തി ചേർന്ന ഷിജി ഒരിക്കലും തന്റെ പിന്നിൽ രൂപം കൊള്ളുന്ന ദുരന്തത്തിന്റെ തീവ്രത മനസ്സിലാക്കിയിരിക്കില്ല. ഇക്കാര്യം നാട്ടിൽ ഉറ്റ ബന്ധുക്കളോടും ഷിജി വെളിപ്പെടുത്തുന്നതിനു സാക്ഷിയായ രതീഷ് ഇനി തനിക്കു സ്വപ്നം കണ്ട ജീവിതം ഒരിക്കലും തിരിച്ചു പിടിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതാകും ദുരന്തത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനവും.
വീട് പണിയുമായി ബന്ധപ്പെട്ട തർക്കം വളരുന്നതിന് മുൻപ് തന്നെ കുടുംബത്തിൽ ഏറെക്കുറെ ഒറ്റപ്പെട്ട നിലയിൽ ആയിരുന്നു രതീഷിന്റെ ജീവിതം എന്ന് അയൽവാസികൾ പൊലീസിനോടും മാദ്ധ്യമങ്ങളോടും വെളിപ്പെടുത്തുന്നു. അമ്മയും പെണ്മക്കളും ഒന്നിച്ചു എപ്പോഴും കാണുമെങ്കിലും പിതാവിനെ അപൂർവമായി മാത്രമാണ് ഇവരോടൊപ്പം കണ്ടിട്ടുള്ളതെന്നു അയൽവാസികൾ സൂചന നല്കുന്നു. മക്കളെ താൻ ആഗ്രഹിച്ച നിലയിൽ വളർത്താൻ കഴിയുന്നില്ല എന്ന ചിന്തയും രതീഷിനെ പ്രകോപിതനാക്കാൻ കാരണം ആയിരുന്നിരിക്കാം.
അതിനിടെ കാര്യമായ സാമ്പത്തിക പ്രയാസവും ഇയാൾ നേരിട്ടിരുന്നതായി നാട്ടിൽ അടുത്തറിയുന്ന സുഹൃത്തുക്കൾ പറയുന്നു. ബാസിൽഡണിലെ കൂട്ടുകാരി മുഖേനെ യുകെ യിൽ എത്തിയ ഷിജിക്കു ജോലി സംബന്ധമായി പലവട്ടം വിസ മാറേണ്ടി വന്നിട്ടുണ്ട്. യു കെ യിൽ വക്കീലന്മാർ എന്റെ പണം ഒക്കെ തിന്നു തീർത്തു എന്നാണ് ഈയിടെ പൂരം കൂടാൻ എത്താം എന്ന് അറിയിച്ചിരുന്ന സുഹൃത്തുക്കളോട് രതീഷ് പറഞ്ഞത്. തന്റെ ക്രെഡിറ്റ് കാർഡ് ലിമിറ്റ് തീർന്നതായും സാധാരണ ജോലി ചെയ്യുന്ന തനിക്കു വീട് പണി നന്നായി പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയും രതീഷ് പങ്കിട്ടിരുന്നു. അച്ഛനും അമ്മയും നേരത്തെ മരിച്ച രതീഷ് വിവാഹ ശേഷം ഷിജിയുടെ വീട്ടുകാരെയാണ് എന്തിനും ആശ്രയിച്ചിരുന്നത്. ഇരു വീട്ടുകാരും ബന്ധുക്കളും അയൽവാസികൾ കൂടി ആയതിനാൽ ഏറെ സൗഹൃദത്തിലും അടുപ്പതിലും ആയിരുന്നു.
എന്നാൽ വീട് പണിയുടെ ചുമതല ഷിജിയുടെ സഹോദരി ഭർത്താവിനെ എല്പിച്ചത് പണം അനാവശ്യമായി ചെലവാകാൻ കാരണമായി എന്ന് രതീഷ് ഇടയ്ക്കിടെ കുറ്റപ്പെടുതിയിരുന്നത് ഭാര്യക്കും ഭർത്താവിനും ഇടയിൽ അകൽച്ച സൃഷ്ടിക്കാൻ കാരണമായി. ഇതിനിടയിൽ തറ നിർമ്മാണം പൂർത്തിയായ വീടിന്റെ അടുത്ത ഘട്ടത്തിനായി ബാങ്ക് ലോൺ എടുക്കാൻ ഷിജിയുടെ വീട്ടുകാരെ എൽപ്പിച്ചിരുന്നു. വീട് നിർമ്മാണം മറ്റൊരാൾക്ക് കൊടുക്കാൻ രതീഷ് തീരുമാനിച്ചതോടെ ഇനി ലോൺ എടുക്കേണ്ട, ആധാരം തിരികെ എല്പിച്ചേക്ക് എന്ന് ഷിജി അമ്മയോട് പറഞ്ഞതും രതീഷിനു തിരിച്ചടിയായി. ഇതോടെ വീട് നിർമ്മാണം മുന്നോട്ടു കൊണ്ട് പോകാൻ കഴിയില്ലെന്ന് അയാൾക്ക് വ്യക്തമായി. ആർക്കും യാതൊരു സൂചനയും നൽകാതെ എല്ലാം അവസാനിപ്പിക്കാൻ ഇതോടെ അയാൾ തീരുമാനിക്കുക ആയിരുന്നു എന്നാണ് സൂചനകൾ വിരൽ ചൂണ്ടുന്നത്.
അതിനിടെ ഷിജിയുടെ കൂട്ടുകാരിയുടെ മൊബൈലിലേക്ക് ഞങ്ങൾ പോകുന്നു എന്ന തരത്തിൽ മെസേജ് ചെന്നതും സംശയം സൃഷ്ടിക്കുന്നു. ഒരു പക്ഷെ കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ആണെന്ന് തോന്നിപ്പിക്കാൻ രതീഷ് തന്നെ അയച്ച സന്ദേശം ആയിരിക്കാം അതെന്നു കരുതപ്പെടുന്നു. കൊലപാതകവും തുടർന്ന് തന്റെ മരണവും തമ്മിൽ ബന്ധപ്പെടുത്തി രതീഷ് കുറിപ്പുകളോ മറ്റോ വീട്ടിൽ വച്ചിരുന്നോ എന്ന കാര്യം ഇതുവരെ ബ്രിട്ടീഷ് പൊലിസ് വെളിപ്പെടുത്തിയിട്ടില്ല.