ദുബായ് : ദുബായിയുടെ മണ്ണിൽ മലയാളികൾക്ക് വീണ്ടും ഭാഗ്യത്തിളക്കം. ഡ്യൂട്ടി ഫ്രീയുടെ മിലേനിയം മില്യനർ നറുക്കെടുപ്പിൽ മലയാളി യുവാവിനും കൂട്ടുകാർക്കും 10 ലക്ഷം ഡോളറാണ് (7 കോടിയിലേറെ രൂപ) സമ്മാനമായി ലഭിച്ചത്.  കൊല്ലം മേക്കോൺ കുഴിവിള വീട്ടിൽ നൗഷാദ് സുബൈറിനും (46)  ഒൻപതു കൂട്ടുകാർക്കുമാണു ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്.

ദുബായിൽ കെമിക്കൽ കമ്പനി ജീവനക്കാരനായ നൗഷാദിന്റെ പേരിൽ കൂട്ടുകാർ തുല്യമായി പണമിട്ടു ടിക്കറ്റ് എടുക്കുകയായിരുന്നു. മലപ്പുറം സ്വദേശികളായ സുരേഷ്, രഘു, പ്രദീപ്, കോട്ടയം സ്വദേശികളായ നാസർ, ഷബീർ, പത്തനംതിട്ട സ്വദേശി ചാർലി എന്നിവരാണു മറ്റു മലയാളികൾ. ഒരു ഫിലീപ്പീൻസ് പൗരനും  രണ്ടു സിറിയക്കാരും സംഘത്തിലുണ്ട്. തുക തുല്യമായി പങ്കിടുമെന്നു നൗഷാദ് അറിയിച്ചു.