കലിഫോർണിയ: മലയാളികളായ സ്വവർഗാനുരാഗികൾ അമേരിക്കയിൽ വിവാഹിതരായി. ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട ഇവർ വേർ പിരിയാൻ കഴിയില്ലെന്ന് അറിഞ്ഞതോടെയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വീട്ടുകാരുടെ സമ്മതത്തോടെ തന്നെയായിരുന്നു ഇവരുടെ വിവാഹം.

ജനുവരി 18നായിരുന്നു കാർത്തിക്കിന്റെയും സന്ദീപിന്റെയും വിവാഹം. 2012 സെപ്റ്റംബറിലാണ് ഡേറ്റിങ് സൈറ്റിൽ ഇരുവരും കണ്ടുമുട്ടിയത്. ആദ്യം വല്ലപ്പോഴും മാത്രം അയച്ചിരുന്ന സന്ദേശങ്ങൾ പിന്നീട് നിരന്തരമായി. ഒടുവിൽ സന്ദേശങ്ങളുടെ പ്രവാഹം തന്നെയായി. 2012 നവംബറിലാണ് രണ്ടുപേരും ആദ്യമായി കണ്ടത്. പിന്നീട് പലപ്പോഴും ഇരുവരും ഒന്നിച്ചു കഴിഞ്ഞു.

മാസങ്ങൾ ഏറെക്കഴിഞ്ഞ് 2013 മേയിലാണ് ഇരുവരും വീടുകളിൽ കാര്യം അവതരിപ്പിച്ചത്. ചില്ലറ എതിർപ്പുകൾ ഉണ്ടായെങ്കിലും വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. തുടർന്ന് വിവാഹത്തിനുള്ള ഒരുക്കം ഒരു വർഷം നീണ്ടു.

വിവാഹത്തിനുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുലും ലോകമെമ്പാടുമുള്ള ബന്ധുക്കളെ ക്ഷണിക്കലും വിവാഹത്തിനുള്ള ആചാരരീതികൾ തീരുമാനിക്കലും എല്ലാം ഇരുവരും ചേർന്നായിരുന്നു. ഒടുവിൽ ബന്ധുക്കളുടെയും സൃഹൃത്തുക്കളുടെയും അനുഗ്രഹാശിസുകളോടെ ഇരുവരും ദാമ്പത്യ ജീവിതം ആരംഭിച്ചു.

കുടുംബത്തിൽ സവിശേഷമായ വിവാഹം നടക്കുന്നതറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കൾ ചടങ്ങിനായി ഒത്തുകൂടിയിരുന്നു. ജനുവരി 18നാണു വിവാഹം നടന്നതെങ്കിലും ഇപ്പോഴാണ് പുറംലോകമറിയുന്നത്. കേരളത്തിലെ സ്വവർഗാനുരാഗികളുടെ ഓൺലൈൻ ഗ്രൂപ്പായ ക്വീറലയാണ് കഴിഞ്ഞ ദിവസം ഇവരുടെ വിവാഹചിത്രങ്ങൾ പുറത്തുവിട്ടത്. വിവാഹത്തിന്റെ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ