2024-ൽ ചൊവ്വയിലേക്ക് ആളുകളെ ആയക്കുന്ന മാർസ് വൺ പദ്ധതിയിലെ മൂന്നാം ഘട്ട ചുരുക്കപട്ടികയിൽ മലയാളി പെൺകുട്ടി ഇടം പിടിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായും പാലക്കാട് സ്വദേശിയുമായ ശ്രദ്ധ പ്രസാദാണ് മൂന്നാം ഘട്ടത്തിലും ഇടം നേടി മുന്നേറുന്ന മിടുക്കി. ശ്രദ്ധ ഉൾപ്പെടെ ഇന്ത്യക്കാരായ മൂന്നു പേരും മൂന്നാം ഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

2,02,586 അപേക്ഷകളാണ് മാർസ് വൺ യാത്രയ്ക്കായി ലഭിച്ചത്. ഇതിൽ നിന്നുള്ള തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടത്തിലാണ് 100 പേരുടെ ലിസ്റ്റ് തയാറാക്കിയത്. 50 പുരുഷന്മാരും 50 സ്ത്രീകളുമാണ് പട്ടികയിൽ ഉള്ളത്. യുഎസ് 39 , യൂറോപ്പ് 31, ഏഷ്യ 16, ആഫ്രിക്ക 7 , ഓഷ്യാന 7 എന്നിങ്ങനെയാണ് ആളുകളുടെ എണ്ണം. പദ്ധതിയുടെ ഭാഗമായി നാലു പേരെയാണ് ചൊവ്വയിലേക്ക് അയക്കുന്നത്.

ആദ്യ ഘട്ടത്തിൽ നാലു പേരെചൊവ്വയിൽ എത്തിക്കാനാണ് സംഘടനയുടെ പദ്ധതി. പിന്നീട് ചൊവ്വയിൽ മനുഷ്യരുടെ കോളനി നിർമ്മിക്കുക എന്ന ലക്ഷ്യത്തിൽ 40 പേരെ കൂടി അയക്കും. 2024ൽ നടത്തുന്ന യാത്രയുടെ അവസാന റൗണ്ടിൽ എത്തുന്നവർക്ക് ഏഴു വർഷം നീളുന്ന പരിശീലനമാണ് നൽകുക.660 പേരുടെ രണ്ടാം പട്ടികയിൽ മൂന്നു മലയാളികൾ ഉൾപ്പെടെ 44 ഇന്ത്യക്കാർ ഉണ്ടായിരുന്നു. എന്നാൽ മൂന്നാം ഘട്ട പട്ടികയിൽ ഇത് മൂന്നായി ചുരുങ്ങി.

ശ്രദ്ധയെ കൂടാതെ ഇന്ത്യക്കാരായ തരൻജീത്ത് സിങ് ഭാട്ടിയ, റിതിക സിങ് എന്നിവരാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടത്. തരൻജീത്ത് യുണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ഫ്‌ളോറിഡയിൽ വിദ്യാർത്ഥിയാണ്. റിതിക ദുബൈയിൽ താമസിക്കാരിയാണ്. ശ്രദ്ധ കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയാണ്.