ഷാർജ: ഷാർജയിൽ മലയാളി വിദ്യാർത്ഥിനിയെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ ചാലക്കുടി അന്നമനട സ്വദേശി മേനോക്കിൽ അജയ കുമാറിന്റെ മകൾ അശ്വതി(16)യാണ് മരിച്ചത്.

മജാസ് ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിൽ ഉച്ചയ്ക്കായിരുന്നു സംഭവം. ഏഴാം നിലയിലെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ നിന്നാണ് അശ്വതി താഴെ വീണതെന്ന് കരുതുന്നു. തത്ക്ഷണം മരിച്ചു. സംഭവ സമയത്ത് ഫ്ളാറ്റിൽ മാതാപിതാക്കളുമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ പൊലീസ് ചോദ്യംചെയ്തു.

ഷാർജ ഇന്ത്യൻ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അശ്വതിക്ക് ബുധനാഴ്ച പ്ലസ് വൺ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സംഭവം. ഷാർജ കുവൈത്ത് ആശുപത്രിയിലെത്തിച്ച മൃതദേഹം കൂടുതൽ അന്വേഷണത്തിനായി ഫോറൻസിക് ലാബിലേക്ക് മാറ്റി.

ശ്രീകലയാണ് മാതാവ്. ഏക സഹോദരൻ അരവിന്ദ് ഷാർജ ഇന്ത്യൻ സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.