ശ്രീനഗർ: രാജ്യത്തിനായി സ്വജീവൻ ബലിയർപ്പിച്ച് മലയാളി സൈനികൻ. സംഘർഷ മേഖലയായ ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് സൈനികരുടെ വെടിയേറ്റാണ് മലയാളി സൈനികൻ വീരമൃത്യു വരിച്ചത്. എറണാകുളം ഉദയം പേരൂർ മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റ്യനാണ്(34) കൊല്ലപ്പെട്ടത്.

കൃഷ്ണ ഖാട്ടി സെക്ടറിൽ പാക്ക് സൈന്യം ഇന്നലെ പുലർച്ചെ 5.15 ഓടെ നടത്തിയ വെടിവയ്പിലാണ് സൈന്യത്തിൽ ലാൻസ് നായിക്കായി സേവനമനുഷ്ഠിച്ചു വന്ന ആന്റണി സെബാസ്റ്റ്യൻ വീരമൃത്യു വരിച്ചത്. പാക് സൈന്യത്തിന്റെ വെടിവെയ്‌പ്പിനെ ധീരമായി ചെറുത്തു നിന്ന ശേഷമാണ് അദ്ദേഹം മരണം വരിച്ചത്. അപ്രതീക്ഷിതമായാണ് പാക് സൈന്യം അതിർത്തിയിലേക്ക് വെടിയുതിർത്തത്. ആന്റണി സെബാസ്റ്റ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

ഒപ്പമുണ്ടായിരുന്ന സൈനികൻ ഹവിൽദാർ തമിഴ്‌നാട്ടുകാരനായ സൈനികൻ മാരിമുത്തുവിനും വെടിയേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹം പൂഞ്ചിലെ സൈനിക ആശുപത്രിയിൽ ചികിൽസയിലാണ്. അന്ന ഡയനാ ജോസഫാണ് ആന്റണി സെബാസ്റ്റ്യന്റെ ഭാര്യ. ആന്റണിയുടെ വീട്ടിലും മരണ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു.

ആന്റണിയുടെ രാജ്യത്തിന്റെ വീരപുത്രനാാണെന്നു. വീരമൃത്യു പാഴാവില്ലെന്ന് മരണം സംബന്ധിച്ച വാർത്താക്കുറിപ്പിൽ സൈന്യം വ്യക്തമാക്കി.