ന്യൂഡൽഹി: യെമനിൽ മലയാളിയെ ഹൂതി വിമതർ തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ട്. യെമനിൽ മതപഠനത്തിന് പോയ മലപ്പുറം അരീക്കോട് സ്വദേശി സൽമാനെയാണ് തട്ടിക്കൊണ്ട് പോയത്. ഒരാഴ്ചയായി ഇയാളെ കാണാനില്ലായിരുന്നു. അതിനിടെ, യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ യെമനിൽ നിന്ന് വ്യോമമാർഗം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് നാളെയോടെ അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഹൂതി വിമതരുടെ തടവിലാണ് സൽമാനുള്ളതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. മറ്റ് ആറ് ഇന്ത്യക്കാർക്ക് പേർക്കൊപ്പമാണ് സൽമാനെ തട്ടിക്കൊണ്ടുപോയയത്. ഇവരെ ഇന്നലെ രാത്രി മോചിപ്പിച്ചു. ഇവരാണ് സൽമാൻ തടവിലുള്ള വിവരം അറിയിച്ചത്. സൽമാന്റെ ഭാര്യയും കുഞ്ഞും യെമനിലാണ് ഉള്ളത്. ഇക്കാര്യം ഇന്ന് ഉച്ചയോടെയാണ് വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഇതിനിടെയാണ് ആഭ്യന്തരയുദ്ധം രൂക്ഷമായതിനാൽ യെമനിൽ നിന്നും വ്യോമമാർഗം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വിമാന സർവീസുകൾ നാളെയോടെ അവസാനിപ്പിക്കും. വ്യോമമാർഗം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ ഇന്നും നാളെയുമായി ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും വിദേശകാര്യ വക്താവ് സയ്യിദ് അക്‌ബറുദീൻ ആവശ്യപ്പെട്ടു.

യെമനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ കപ്പലുകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരും. 600 ഓളം യാത്രക്കാരുമായി മൂന്നു എയർ ഇന്ത്യ വിമാനങ്ങൾകൂടി യെമനിൽ നിന്നും പുറപ്പെട്ടതായും അദേഹം വ്യക്തമാക്കി. ആഭ്യന്തരയുദ്ധം രൂക്ഷമായിരിക്കുന്ന യെമനിലെ സനായിൽ നിന്ന് 1052 ഇന്ത്യക്കാരെ കൂടി ഒഴിപ്പിച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ സനായിൽ 574 പേരെ മൂന്നു എയർ ഇന്ത്യ വിമാനങ്ങൾ വഴിയും 479 പേരെ അൽ ഹുദൈദ തുറമുഖം വഴി നാവിക കപ്പലിലും രക്ഷപ്പെടുത്തി. യെമനിലുള്ള 4000ൽ അധികം ഇന്ത്യക്കാരിൽ 3300 ഓളം പേരെ യെമൻ രക്ഷാദൗത്യമായ ഓപ്പറേഷൻ റാഹത്ത് വഴി ഇതിനകം മോചിപ്പിച്ചു കഴിഞ്ഞു. ഇന്ത്യൻ നാവിക കപ്പലായ ഐഎൻഎസ് തർകാശും രക്ഷാപ്രവർത്തനങ്ങൾക്കായി യെമനിൽ എത്തിയിട്ടുണ്ട്. ഐഎൻഎസ് മുംബൈ, ഐഎൻഎസ് സുമിത്ര എന്നിവയ്ക്കു പുറമെയാണിത്.

യെമനിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെക്കൂടി രക്ഷപ്പെടുത്തുന്നതിന് വിവിധ രാജ്യങ്ങൾ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്. യുഎസ്, ഫ്രാൻസ്, ജർമനി, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ 26 രാജ്യങ്ങളാണ് പൗരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.