അൽ ഐൻ: അൽ ഐൻ- അബുദാബി റോഡിൽ അൽഖസ്‌നയിൽ ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കല്ലായി കുറ്റിച്ചിറ അക്കരപ്പറമ്പ് ഷംഷീദ് (31) ആണ് പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്. അൽ ഐൻ റമാഹിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു ഷംഷീദ്.

ഷംഷീദ് ഓടിച്ചിരുന്ന പിക്കപ്പ് താത്ക്കാലികമായി ഉണ്ടാക്കിയ പാതയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എംപ്ലോയറുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരത്തുള്ള തോട്ടത്തിൽ പോയി തിരിച്ചുവരികയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചു.
ഷംഷീദ് സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചിട്ട് പത്തു മാസമേ ആയിട്ടുള്ളൂ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി കബറടക്കി. അവിവാഹിതനാണ്. പിതാവ് മുഹമ്മദ് കോയ. മാതാവ് സൈഫുന്നീസ.