റിയാദ്: കുടുംബം പോറ്റാനായി സൗദിയിലേക്ക് വിമാനം കയറി മാസങ്ങൾ പിന്നിട്ടിട്ടും ശമ്പളം ലഭിക്കാതെ നരകയാതന അനുഭവിക്കുന്നത് ഒൻപതു മലയാളി വനിതകൾ. വീസ ഏജന്റുമാർ നൽകിയ വാഗ്ദാനങ്ങളിൽ വീണ് തായിഫിലുള്ള ദേവാലയത്തിൽ ക്ലീനിങ് ജോലിക്ക് എത്തിയതാണ് ഇവർ. സജിമോൾ കെ. ജോയ്, റസിയ ബീവി, ദീപ്തി മനോഹരൻ നായർ, സിന്ധു തങ്കമ്മ, ഷിനമോൾ ജബ്ബാർ, സിമി ബീഗം, ജയ രാജൻ, സിന്ധു ഗിരീഷ്, സൗമി യൂസഫ് എന്നിവരാണു സൗദിയിൽ മാസങ്ങളായി കുടുങ്ങി കിടക്കുന്നത്.

പതിനൊന്നു പേരുടെ സംഘമാണ് സൗദിയിലേക്ക് പുറപ്പെട്ടത്. ഇവരിൽ സീനത്ത് അബ്ദു റഹമാൻ എന്ന യുവതി സുഖമില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങി. ഷൈമ ഷാജഹാൻ സൗദിയിൽ തന്നെ തുടരാനും തീരുമാനിച്ചു. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഇവർ എല്ലാവരും ചേർന്ന് ഇന്ത്യൻ കോൺസുലേറ്റിന് പരാതി നൽകിയതിന് പിന്നാലെ ഉദ്യോഗസ്ഥർ സ്‌പോൺസറുമായി അനുരഞ്ജന ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത് പരാജയമായതോടെ ലേബർ കോടതിയിൽ പരാതി നൽകാനുള്ള ശ്രമത്തിലാണ് യുവതികൾ.

മാസങ്ങളായി കുടിശ്ശിക കിടക്കുന്ന ശമ്പളം തന്ന് തങ്ങളെ നാട്ടിലേക്ക് വിടണമെന്നും ഒരു ലക്ഷം രൂപ വരെയാണ് വീസയ്ക്കായി ഏജന്റുമാർ വാങ്ങിയതെന്നും യുവതികൾ പറയുന്നു. സൗദിയിലെത്തി ആറു മാസമായിട്ടും കൂട്ടത്തിൽ ഏഴു പേർക്ക് ഇഖാമ (താമസാനുമതി) ലഭിച്ചിട്ടില്ല. 

നെടുമ്പാശേരിയിൽ വച്ച് എമിഗ്രേഷൻ അധികൃതർ ഇവരുടെ രേഖകൾ പരിശോധിച്ചപ്പോൾ തൊഴിൽ കരാർ വ്യാജമാണെന്ന് സൂചിപ്പിച്ചിരുന്നു. എന്നിട്ടും കുടുംബത്തിന്റെ കഷ്ടപ്പാട് ഓർത്താണ് തങ്ങൾ വിമാനം കയറിയതെന്നും ഇവർ കണ്ണീരോടെ പറയുന്നു.