കുന്താപുരം(കർണ്ണാടക):സഹായിച്ചവർക്കെല്ലാം നന്ദി, ഇനി എന്നെപ്പോലെ ദുരിതത്തിൽ അകപ്പെടുന്നവരെ എല്ലാവരും സഹായിക്കണം.വിവരമറിഞ്ഞ് ആശ്വസിപ്പിക്കാൻ നിരവധി പേർ വിളിച്ചു,ധൈര്യം പകർന്നു.അതാണ് പിടിച്ചുനിർത്തിയത്.കർണ്ണാടകയിലെ കുന്താപുരത്ത് രണ്ടുദിവസമായി ദുരിതത്തിൽ കഴിഞ്ഞിരുന്ന മലയാളി ലോറിഡ്രൈവർ മണിക്കുട്ടന്റെതാണ് ഈ വാക്കുകൾ.

കശുവണ്ടിപ്പരിപ്പുമായി മഹാരാഷ്ട്രയിൽ നിന്നും കരുനാഗപ്പിള്ളിക്കു വരവെ ലോഡ് ചെരിഞ്ഞതിനെ തുടർന്നാണ് കൊല്ലം സ്വദേശിയായി മണിക്കുട്ടൻ കുന്താപുരത്ത് കുടുങ്ങിയത്.ഭക്ഷണവും വെള്ളവുമില്ലാതെ,ഏറെ ആശങ്കപ്പെട്ടായിരുന്നു മണിക്കുട്ടൻ ആദ്യദിവസം ഇവിടെ കഴിച്ചുകൂട്ടിയത്.

ഇന്ന് രാവിലെ മറുനാടൻ വിളിച്ചപ്പോൾ മണിക്കുട്ടൻ വിഷമതകൾ പങ്കിട്ടിരുന്നു.വെള്ളിയാഴ്ച രാത്രി മുതൽ കുന്താപുരത്ത് ഭക്ഷണവും വെള്ളവുമില്ലാതെ കനത്ത മഴയിൽ കഴിഞ്ഞുകൂടുകയായിരുന്നു.ഡ്രൈവർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ദുസ്ഥിതി വെളിപ്പെടുത്തി മണിക്കുട്ടൻ പോസ്റ്റ് ഇട്ടതോടെയാണ് വിവരം പുറഞ്ഞറിഞ്ഞത്.

ഇതെത്തുടർന്ന് ഇന്നലെ ഇതുവഴിയെത്തിയ ലോറിഡ്രൈവർമാരിൽ ചിലർ ഭക്ഷണവും വെള്ളവും മറ്റും എത്തിച്ച് നൽകിയതായും വാഹനത്തിൽ കയറ്റിയ ലോഡ് ചരിഞ്ഞ നിലയിൽ നിൽക്കുകയാണെന്നും കനത്ത മഴയുള്ളതിനാൽ കൂടുതൽ ചരിയുകയും ഇതെത്തുടർന്ന് ലോഡ് നിലം പതിക്കുമോ എന്ന ആശങ്കയിലാണ് താനെന്നും ഇന്നുരാവിലെ മണിക്കുട്ടൻ മറുനാടനോട് വ്യക്തമാക്കിയിരുന്നു.

ഉച്ചകഴിഞ്ഞ് മറുനാടൻ മണിക്കുട്ടനെ വിളിച്ചപ്പോൾ ആൾ സന്തോഷം മറച്ചുവച്ചില്ല,എല്ലാം ശരിയായി.പാലക്കാട് സ്വദേശിയായി ഹരിയുടെ ലോറി എത്തിയെന്നും ഇതിലേയ്ക്ക് ലോഡ് മാറ്റിക്കയറ്റുകയാണെന്നും ഒരുപെട്ടിക്കുപോലും കേട് സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിച്ചതായും മണിക്കുട്ടൻ അറിയിച്ചു.



ഇത് വലിയൊരളവിൽ ആശ്വാസം പകരുന്ന കാര്യമാണ്. വിവരമറിഞ്ഞ് കൂട്ടുകാരും നേരിട്ട് അറിയാത്തവരുമായ ഒരുപാടുപേർ വിളിച്ചു.ഇത് വലിയ അളവിൽ ആശ്വാസമായി.മണിക്കുട്ടൻ കൂട്ടിച്ചേർത്തു.

ഏക്പോർട്ട് കോളിറ്റിയുള്ള കശുവണ്ടിപ്പരിപ്പാണ് ലോറിയിലുണ്ടായിരുന്നത്.20 കിലോവീതമുള്ള 1200 പെട്ടികളിലാണ് ഇത് നിറച്ചിരുന്നത്. കാർഡ് ബോർഡ് പെട്ടിയായതിനാൽ ഇതിന് തണുപ്പടിച്ചാൽ കാര്യമായ കേടുപാടുകൾ സംഭവിക്കുമെന്നാണ് മണിക്കുട്ടൻ ഭയപ്പെട്ടിരുന്നത്.

നഷ്ടം സംഭവിച്ചാൽ ഇത് പരിഹരിക്കുന്നതിനുള്ള തുക നൽകേണ്ടി വരുന്നമെന്ന ഭീതിയും ഇയാളെ അലട്ടിയിരുന്നു.എറ്റവും വിഷമിപ്പിച്ചതും താങ്ങാനാവാത്ത മാനസീക സംഘർഷം സമ്മാനിച്ചതും ഇക്കാര്യമായിരുന്നെന്നും മണിക്കുട്ടൻ പറയുന്നു.

ഗോവ ചെക്ക് പോസ്റ്റിലെ എക്സൈസ് പരിശോധനയാണ് ലോഡ് ചെരിയാൻ കാരണമെന്നാണ് മണിക്കുട്ടന്റെ വിശ്വാസം.മണിക്കുട്ടൻ ഓടിച്ചിരുന്ന ലോറി ചെക്ക് പോസ്റ്റിൽ എത്തുന്നതിന് 10 മിനിറ്റു മുമ്പ് ചെക്ക് പോസ്റ്റിലെത്തിയ ലോറിയിൽ നിന്നും സ്പിരിറ്റ് കണ്ടെടുത്തിരുന്നു.ഇതെത്തുടർന്ന് ഉദ്യഗസ്ഥ സംഘം പരിശോധന ഒന്നുകൂടി കടുപ്പിച്ചു.

എല്ലാവാഹനങ്ങളും പരിശോധിക്കാനും തുടങ്ങി.ഇതിനിടയിലാണ് മണിക്കൂട്ടൻ ലോഡുമായി എത്തുന്നത്.കശുവണ്ടിപ്പരിപ്പാണ് വാഹനത്തിൽ ഉള്ളതെന്നുള്ള രേഖകൾ കാണിച്ചിട്ടും ലോഡ് അഴിച്ചു പരിശോധിക്കണമെന്ന നിലപാടിൽ ഉദ്യോഗസ്ഥ സംഘം ഉറച്ചുനിന്നു.എങ്കിൽ ലോഡ് കയറ്റിവിട്ട സ്ഥാപനത്തിലെ ആളുകൾ എത്തിയ ശേഷം ലോഡ് അഴിക്കാമെന്നും കേടുപാടുപറ്റിയാൽ കുറ്റം തന്റെ തലയിലാവുമെന്നതിനാൽ ഇതിന് സമ്മതിക്കണമെന്നും മണിക്കുട്ടൻ താഴ്മയായി ഉദ്യോഗസ്ഥ സംഘത്തെ അറിയിച്ചു.

ഇതെത്തുടർന്ന് സ്ഥാപന പ്രതിനിധികൾ വരുന്നതുവരെ ചെക്കുപോസ്റ്റിൽ കാത്തുകിടക്കുകയും ഇവർ എത്തിയശേഷം ഉദ്യോഗസ്ഥ സംഘം ടാർപ്പോളിൻ മാറ്റി ലോഡ് മറിച്ചിളക്കി പരിശോധിക്കുകയും ക്രമക്കേടുകൾ ഇല്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ലോഡുമായി പോകാൻ അനുവദിക്കുകയുമായിരുന്നു.

ഇവിടെ നിന്നും വാഹനം എടുത്തതു മുതൽ ഓടിക്കാൻ മണിക്കുട്ടൻ പാടുപെടുകയായിരുന്നു. ലോഡ് ചരിഞ്ഞു വന്നിരുന്നതാണ് ഇതിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായി. അടുത്തെവിടെയെങ്കിലും സൗകര്യപ്രദമായ കേന്ദ്രത്തിലെത്തിച്ച് ലോഡ് മാറ്റിക്കയറ്റാൻ പദ്ധതിയിട്ട് മണിക്കുട്ടൻ യാത്ര തുടരുകയായിരുന്നു.കഷ്ടി 100 കിലോമീറ്റർ പിന്നിട്ടതോടെ വണ്ടികൈയിൽ നിൽക്കാതായതോടെ വാഹനം പാതവക്കിൽ ഒതുക്കുകയല്ലാതെ മണിക്കൂട്ടനു മുന്നിൽ മറ്റ് വഴികളില്ലായിരുന്നു.



ടൗണിൽ നിന്നും ദൂരെ വിജനമായ പ്രദേശത്ത് മഴയും തണുപ്പുമേറ്റ് കഴിയുന്ന മണിക്കുട്ടന്റെ ദുരവസ്ഥയറിഞ്ഞ് സുഹൃത്തുക്കൾ ഇന്ന് സഹായഹസ്തവുമായി എത്തുമെന്ന് ഉറപ്പുനൽകിയിരുന്നു.ഇത് ഇപ്പോൾ ഫലവത്തായിരിക്കുകയാണ്. ലോഡ് പകുതി ഇറക്കിക്കഴിഞ്ഞു. താമസിയാതെ ലക്ഷ്യത്തിലേയ്ക്ക് യാത്രതുടരുന്നതിനുള്ള ഒരുക്കത്തിലാണിപ്പോൾ മണിക്കുട്ടനും കൂട്ടരും.