ലണ്ടൻ: പത്തോളം പേരുടെ ജീവനെടുത്ത യൂനിസ് കൊടുംകാറ്റിൽ മലയാളി യുവാവും ഇരയായി മാറിയെന്ന അത്യന്തം വേദനാജനകമായ വാർത്തയാണ് ഇന്ന് ലോക മലയാളി സമൂഹത്തെ തേടിയെത്തുന്നത്. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്നായ എവർ ഗ്രേഡ് കപ്പൽ യുകെയിൽ കൊടുങ്കാറ്റിനെ തുടർന്ന് നങ്കൂരമിട്ട വേളയിലാണ് അപകടമുണ്ടായത്. കപ്പൽ ജീവനക്കാരനായ എറണാകുളം ജില്ലക്കാരനായ നിഖിൽ അലക്സാണ് കപ്പൽ വലിച്ചു കെട്ടിയ കയർ പൊട്ടി വീണാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. 32 വയസുകാരനായ ഈ യുവാവിന്റെ മാഞ്ചസ്റ്ററിൽ ഉള്ള ബന്ധു അടക്കം ഉള്ളവരെ ബന്ധപ്പെട്ടാണ് കപ്പൽ കമ്പനിയും അധികൃതരും കേരളത്തിൽ ബന്ധപ്പെട്ട് കുടുംബത്തെ ദാരുണ വിവരം അറിയിച്ചിരിക്കുന്നത്. നിയമ നടപടികൾ പൂർത്തിയായ നിലക്ക് മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കഴിഞ്ഞതായാണ് കപ്പൽ കമ്പനി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം മധ്യത്തിൽ ആഞ്ഞടിച്ച യൂനിസ് കൊടുംകാറ്റിൽ യുകെയിൽ ആകെ പത്തോളം പേരാണ് കൊല്ലപ്പെട്ടത്. മലയാളികളിൽ പലരുടെയും വീടുകൾക്ക് ഓട് പറന്നു പോയും ഡ്രൈവ് വേ ഗേറ്റുകൾ മറിഞ്ഞു വീണും ഒക്കെ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നെങ്കിലും ആർക്കും തന്നെ കാര്യമായ അപകടം സംഭവിച്ചിരുന്നില്ല. എന്നാൽ ഇപ്സ്വിച്ചിന് അടുത്ത ഫെലിക്‌സിസ്റ്റോവ് പോർട്ടിൽ ഉണ്ടായ അപകടം സങ്കടകാറ്റായി മാറുകയാണിപ്പോൾ.

ഗുരുതരമായി പരുക്കേറ്റ നിഖിൽ അലക്‌സിനെ ഉടൻ എയർ ലിഫ്റ്റ് ചെയ്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം വരെ അദ്ദേഹം ജീവൻ രക്ഷ ഉപകരണ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇനി പ്രതീക്ഷയ്ക്കു വകയില്ലെന്നു ഡോക്ടർമാർ അന്തിമ വിധി എഴുതിയതോടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കുന്ന കാര്യങ്ങൾ കേരളത്തിൽ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

താൻ പോകുന്ന നാടുകളുടെയും കടൽ വിശേഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിൽ അതീവ തൽപരൻ ആയിരുന്നു നിഖിൽ. ഒരു പക്ഷെ അദ്ദേഹം അപകടത്തിൽ പെട്ടിലായിരുന്നുവെങ്കിൽ യൂനിസ് കൊടുങ്കാറ്റിൽ തന്റെ കപ്പൽ ആടിയുലയുന്നത് ഉൾപ്പെടെയുള്ള എക്‌സ്‌ക്ലൂസിവ് ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയ ഗ്രൂപ് വഴി തന്നെ ഷെയർ ചെയ്‌തേനെ. മുൻപ് ഇത്തരം പല അപൂർവ്വ ചിത്രങ്ങളും നിഖിൽ കൂട്ടുകാർക്കും സോഷ്യൽ മീഡിയ ഫോളോവേഴ്സിന് വേണ്ടിയും പങ്കുവച്ചിട്ടുണ്ട്. കടലിലെ മഞ്ഞുപാളിയിൽ നടക്കുന്നത് ഉൾപ്പെടെ സിരകളിൽ ഉറഞ്ഞു പോകും വിധം കടൽ യാത്രകളുടെ ത്രസിപ്പിക്കുന്ന ചിത്രങ്ങളും നിഖിൽ മുൻപ് പങ്കുവച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18നു എവർ ഗ്രേഡ് നങ്കൂരമിട്ട ശേഷം ഉച്ചകഴിഞ്ഞാണ് അപകടം സംഭവിക്കുന്നത്. റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ അതിവേഗം നിഖിലിനെ എത്തിച്ചെങ്കിലും തലയ്ക്കേറ്റ പരുക്ക് മാരകമായിരുന്നു. അപകടമുണ്ടായ സാഹചര്യത്തെ കുറിച്ച് കപ്പൽ കമ്പനി അധികൃതർ അന്വേഷണം നടത്തുന്നുണ്ട്. ജപ്പാനിലെ സൺ ലൈൻ കമ്പനി ഉടമസ്ഥതതയിൽ ഉള്ളതാണ് ഈ ചരക്കു കപ്പൽ.