മലപ്പുറം: ജിഹാദി ആശയങ്ങൾ വീട്ടുകാർക്ക് അയച്ച മലപ്പുറം പൊന്മള പള്ളിപ്പടി സ്വദേശി സ്വദേശി നജീബ് ( 23)രാജ്യം വിട്ടതിന് സ്ഥിരീകരണം. ഹൈദ്രാബാദ് വിമാനത്താവളം വഴി യു.എ.ഇയിലേക്കും ഇവിടെ നിന്ന് ഇറാനിലേക്കും പോയതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഇതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേ സമയം നജീബ് ഇപ്പോൾ എവിടെയുണ്ടെന്ന വിവരം വ്യക്തമല്ല. പിന്നീട് സന്ദേശങ്ങളും വീട്ടുകാർക്ക് ലഭിച്ചിട്ടില്ല.

ഓഗസ്റ്റ് 16നായിരുന്നു ഹൈദരാബാദിൽ നിന്നും നജീബ് വിമാനം കയറിയത്. തമിഴ്‌നാട് വെല്ലൂർ വി.ഐ.ടി യൂണിവേഴ്സിറ്റിയിൽ എം.ടെക്ക് വിദ്യാർത്ഥിയായ നജീബ് കൂട്ടുകാരെ കാണാനെന്ന് പറഞ്ഞായിരുന്നു വീട് വിട്ടിറങ്ങിയത്. ഒരാഴ്ച പിന്നിട്ടിട്ടും നജീബ് തിരികെ എത്തിയിരുന്നില്ല. ഇതിനിടെ നജീബിന്റെ ടെലഗ്രാം അക്കൗണ്ടിൽ നിന്നും മാതാവിന്റെ ഫോൺ നമ്പരിലേക്ക് 'ജിഹാദി' സന്ദേശങ്ങൾ ലഭിച്ചു. ഇതോടെ മാതാവ് ഖമറുന്നിസ മലപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. മകനെ കാണാനില്ലെന്നും മകൻ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോയതായി സംശയിക്കുന്നതായും മാതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. സംഭവം കഴിഞ്ഞ മാസം 28ന് മറുനാടൻ മലയാളിയാണ് പുറത്തുവിട്ടത്.

നജീബ് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ലക്ഷ്യം വെച്ച് രാജ്യം വിട്ടതാകാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. നജീബ് അയച്ച സന്ദേശങ്ങൾ അതി തീവ്രവും ഐ.എസിന്റേതിനു സാമ്യമുള്ളതുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയ മലയാളി സംഘവും ഇറാൻ വഴിയാണ് അഫ്ഗാനിസ്ഥാനിലെ ഐ.എസ് കേന്ദ്രത്തിലെത്തിയത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസ് എന്ന നിലയിൽ അതീവ ഗൗരവത്തോടെയാണ് നജീബിന്റെ തിരോധാനം പൊലിസ് അന്വേഷിക്കുന്നത്. നിലവിൽ മിസ്സിങ് കേസ് മാത്രം രജിസ്റ്റർ ചെയ്ത് പഴുതടച്ച അന്വേഷണമാണ് മലപ്പുറം പൊലീസ് നടത്തുന്നത്.

ഇറാൻ എംബസിയുമായി അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടുണ്ട്. നജീബിന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഇറാൻ എംബസിക്ക് കൈമാറി. ഇതുപ്രകാരം നജീബിനെ കണ്ടെത്താനുള്ള ശ്രമം എംബസിയും തുടങ്ങി. കണ്ടെത്തിയാൽ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് കയറ്റി വിടുമെന്നും എംബസി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ നജീബ് പഠിച്ചിരുന്ന വെല്ലൂരിലെ കോളേജിലെത്തിയും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

അന്വേഷണം പുരോഗമിക്കുന്നതിനിടെ പൊലീസ് ഈ കേസുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വാർത്ത വിവാദമായിരുന്നു. അന്വേഷണ വഴിത്തിരിവിനായി കാണാതായ വ്യക്തിയെ കുറിച്ചും അയച്ച ജിഹാദി സന്ദേശങ്ങളെ കുറിച്ചും പറയുന്നതായിരുന്നു മാധ്യമ സ്ഥാപനങ്ങളിലേക്ക് പൊലീസ് അയച്ച ഇ -മെയിൽ. പൊലീസിന്റെ ഇ-മെയിൽ അഡ്രസിൽ നിന്നു തന്നെയായിരുന്നു ഈ വാർത്ത അയച്ചിരുന്നത്. എന്നാൽ ഇത് വിവാദമാകുകയായിരുന്നു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിഷയം സംബന്ധിച്ച് പരിശോധിച്ചപ്പോൾ അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടി മാത്രമാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ സംഭവം വിവാദമാക്കിയത് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമം പിന്നിലുള്ളതായും പൊലീസ് സംശയിക്കുന്നു.

അതേസമയം ഒരു വർഷം മുമ്പ് പെരിന്തൽമണ്ണ പൊലീസിൽ രജിസ്റ്റർ ചെയ്ത അഖിൽ അബ്ദുള്ളയുടെ മിസ്സിങ് കേസ് നജീബിന്റെ കേസുമായി ബന്ധപ്പെടുത്തി, പൊലിസ് പേര് നോക്കി പകപോക്കുകയാണെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. തീവ്ര ആശയക്കാരാണ് ഇത്തരം പ്രചാരണത്തിന് പിന്നിൽ. നജീബ് ആദ്യം അഖിൽ ആയിരുന്നെന്നും പിന്നീട് മതം മാറിയതാണെന്നുമാണ് ഇവർ പറയുന്നത്. ഇങ്ങനെ മതം മാറിയവരെ സംഘ്പരിവാർ തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് പ്രചാരണം. എന്നാൽ കഴിഞ്ഞ മാസമുണ്ടായ നജീബിന്റെ തിരോധാനവും ഒരു വർഷം മുമ്പ് യമനിലെ ദമ്മാ ജിലേക്ക് പോയ അഖിൽ അബ്ദുള്ളയുടെ സംഭവങ്ങളും രണ്ടാണെന്നതാണ് വസ്തുത.

നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയാ പ്രചാരണങ്ങളും പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഒരു മാസത്തെ വിസിറ്റിങ് വിസയിലാണ് നജീബ് ഇറാനിലേക്ക് പോയിട്ടുള്ളത്. വിസ കാലാവധി തീരാൻ രണ്ട് ദിവസം മാത്രമാണ് ബാക്കി. അതേസമയം പുറത്ത് നിന്നുള്ള ഇടപെടലിനെ തുടർന്ന് ടെലഗ്രാം മെസഞ്ചർ ആപ്ലിക്കേഷൻ വഴി നജീബ് മാതാവിന് അയച്ച സന്ദേശം ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഒരു പകർപ്പ് നേരത്തെ പൊലീസിന് കൈമാറിയിട്ടുണ്ട്.

നജീബ് അയച്ച സന്ദേശത്തിൽ പറയുന്ന ചില വാചകങ്ങളിങ്ങനെ : ' കാഫിരീങ്ങളുടെ കൂടെ ജീവിക്കുന്നതിൽ ഒരർത്ഥവുമില്ല. ദാറുൽ കുഫ്റിൽ നിന്നും ഞാൻ രക്ഷപ്പെട്ടു. യഥാർത്ഥ വിശ്വാസികളായ ജിഹാദികളെ ഞാൻ കണ്ടുമുട്ടി. ഏറെ വൈകാതെ ഞാൻ ശഹീദാകും'. ആറാം ക്ലാസ് മുതൽ ബി.ടെക്ക് വരെ യു എ ഇയിൽ പഠിച്ച് വളർന്നയാളാണ് നജീബ്. പിതാവ് ഇപ്പോഴും യു.എ.ഇയിലാണ്. ഏറെ വർഷം ഗൾഫിൽ ജീവിച്ചതുകൊണ്ടുതന്നെ നജീബിന് നാട്ടിൽ ബന്ധങ്ങൾ ഇല്ല. മറ്റു കുടുംബാംഗങ്ങളോടൊപ്പം അടുത്ത കാലത്താണ് നജീബ് നാട്ടിൽ സ്ഥിരതാമസമാക്കിയത്.