പാരിസ്: മെസീ.... മെസീ.... നീട്ടിയുള്ള ആ വിളി കേൾക്കുമ്പോൾ തന്നെ മനസിലാകും അതൊരു മലയാളിയുടെ ശബ്ദമാണെന്ന്. അത്രത്തോളം ഉച്ചത്തിൽ അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസ താരത്തെ ഇങ്ങനെ നീട്ടി വിളിക്കാൻ ഒരു മലയാളിക്കല്ലാതെ ആർക്കു കഴിയും. ഫേസ്‌ബുക്കിൽ ആദ്യം ആ വീഡിയോ കാണുന്ന ആരുടേയും മനസിൽ തോന്നുക ഇങ്ങനെയാകും.

ലോകത്തിന്റെ ഏത് കോണിൽ എത്തപ്പെട്ടാലും അവിടെ ഒരു മലയാളി ഉണ്ടാകുമെന്ന ചൊല്ല് ശരിവയ്ക്കുന്നതാണ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന പുതിയ വീഡിയോ. ബാഴ്‌സയിൽ നിന്നും സാക്ഷാൽ ലയണൽ മെസി പാരിസിൽ വന്നിറങ്ങിയപ്പോൾ അവിടെയും ദേ ഒരു മലയാളി ആരാധകൻ.

മെസ്സി പാരിസിലെ റോയൽ മെൻക്യൂ ഹോട്ടലിൽ ആരാധകരെ അഭിവാദ്യം ചെയ്യുമ്പോണ് മെസി.... മെസി എന്ന നീട്ടിവിളി ഉണ്ടായത്. മെസി നിൽക്കുന്നതിന്റെ തൊട്ടപ്പുറത്തെ റൂമിലുണ്ടായിരുന്ന് തൃശൂർ തളിക്കുളം സ്വദേശിയായ അനസ് പി.എയാണ് ഇതിഹാസ താരത്തെ അടുത്തുകണ്ടപ്പോൾ ഉച്ചത്തിൽ വിളിച്ചത്. അനസിന്റെ വിളി മെസി ആദ്യം കേട്ടില്ലെങ്കിലും മകൻ തിയാഗോ ചൂണ്ടിക്കാണിച്ചതോടെ ശ്രദ്ധിച്ചു. തുടർന്ന് അനസിന് മെസിയുടെ അഭിവാദ്യം.


ഖത്തർ കീരീടവകാശികളായ അൽഥാനി കുടുംബത്തിലെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളിലൊരാളായ അനസ് ഷൈഖിനോടൊപ്പം അവധിക്കാലം ചിലവഴിക്കാനാണ് പാരിസിൽ എത്തിയത്. ജീവിതത്തിലെ അവിസ്മരണീയ നിമിഷമെന്നാണ് സംഭവത്തെക്കുറിച്ച് അനസിന് പറയാനുള്ളത്.

ഒരുപാടുകാലം ജീവിച്ച ബാഴ്‌സലോണയിൽനിന്ന് മറ്റൊരു രാജ്യത്തെ പരിചിതമല്ലാത്ത മഹാനഗരത്തിലേക്ക് കൂടുമാറുന്നതിന്റെ അങ്കലാപ്പിലായിരുന്നു ലയണൽ മെസ്സിയും കുടുംബവും. എന്നാൽ, പാരിസിൽ അവതരിച്ചതിനുശേഷം അതീവ ആഹ്ലാദവാനായാണ് മെസ്സി കാണപ്പെട്ടത്. ഭാര്യ അൻേറാണെല്ലയും മക്കളും മെസ്സിയെപ്പോലെ സന്തോഷഭരിതരായിരുന്നു.

പൊടുന്നനെയുള്ള കൂടുമാറ്റത്തിൽ മെസ്സിയെ ഏറെ സ്‌നേഹത്തോടെയാണ് പി.എസ്.ജി അധികൃതർ പാരിസിലേക്ക് വരവേറ്റത്. ആരാധകർ വിഖ്യാതതാരത്തിന്റെ വരവിനായി ഉറക്കമിളച്ച് കാത്തുനിന്നു. വാർത്തസമ്മേളനത്തിൽ തന്റെ സന്തോഷം മെസ്സി ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.

'ഞാനിപ്പോൾ വളരെ സന്തോഷവാനാണ്. ഒരുപാടുകാലം തുടർന്ന ബാഴ്‌സലോണയിൽനിന്നുള്ള പടിയിറക്കം ഏറെ കടുത്തതായിരുന്നു. അത്രയും നീണ്ട കാലത്തിനുശേഷം ഒരു മാറ്റമെന്നത് ബുദ്ധിമുട്ടേറിയതാണ്. പക്ഷേ, ഇപ്പോഴെന്റെ സന്തോഷം അതിരില്ലാത്തതാണ്. ബാഴ്‌സലോണയിൽനിന്നുള്ള പടിയിറക്കം പ്രഖ്യാപിച്ചതിനു പിന്നാലെ ചുരുങ്ങിയ സമയത്തിനുള്ളിൽ അനായാസം എല്ലാം നടന്നതിന് ക്ലബിനോടും എല്ലാവരോടും ഏറെ നന്ദിയുണ്ട്' -മെസ്സി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മെസ്സിയെ പി.എസ്.ജിയിൽ എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ക്ലബ് പ്രസിഡന്റ് നാസർ അൽ ഖലീഫി പ്രതികരിച്ചു.

പാർക് ഡി പ്രിൻസസിൽ മെസ്സിയെ അവതരിപ്പിക്കുന്ന ചടങ്ങിലേക്ക് കുടുംബത്തിനൊപ്പമാണ് താരം എത്തിയത്. അന്റോണെല്ലയും മക്കളും മെസ്സിയെ അനുഗമിച്ചു. മൂത്ത മകൻ തിയാഗോ പി.എസ്.ജിയുടെ വെള്ള ജഴ്‌സിയണിഞ്ഞപ്പോൾ ഇളയവരായ മാറ്റിയോയും സിറോയും നീല ജഴ്‌സിയണിഞ്ഞാണ് ചടങ്ങിലെത്തിയത്.