കോട്ടയം: ഗുരുതരമായ മസ്തിഷ്‌ക രോഗത്തിനുള്ള മരുന്ന് മയക്കുമരുന്നാണെന്നു തെറ്റിദ്ധരിച്ച് ചങ്ങനാശേരി സ്വദേശിയായ അമ്മയെയും കുഞ്ഞിനെയും സൗദി അധികൃതർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഹിസാനാ ഹുസൈനും (26) അവരുടെ മൂന്നു വയസുകാരൻ മകനുമാണു ദമാമിലെ ജയിലിലായത്. കുഞ്ഞിനെ പിന്നീടു വിട്ടയച്ചു. അമ്മ ഇപ്പോഴും ജയിലിൽ തന്നെയാണ്. നാട്ടിൽനിന്ന് ഇവരുടെ ചികിത്സാ റിപ്പോർട്ട് സൗദിയിലെ ഇന്ത്യൻ എംബസിക്കു കൈമാറിയിട്ടുണ്ട്. എംബസി ഇത് ഉടൻ തന്നെ സൗദി അധികൃതർക്കു നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച പകലാണു ഹിസാന കുഞ്ഞിനൊപ്പം കൊച്ചിയിൽനിന്ന് സൗദി അറേബ്യയിലുള്ള ഭർത്താവിന്റെ അടുത്തേക്കു പറന്നത്. മസ്തിഷ്‌ക സംബന്ധമായ ഗുരുതര രോഗത്തിനു കഴിഞ്ഞ മൂന്നു വർഷമായി കേരളത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റിന്റെ ചികിത്സയിലാണ് ഹിസാന. ഡോക്ടറുടെ നിർദേശപ്രകാരം ആറു മാസത്തേക്കുള്ള മരുന്നുമായാണ് അവർ സൗദിയിലേക്കു വിമാനം കയറിയത്. വിമാനത്താവളത്തിൽ ഡ്രഗ്‌സ് ആൻഡ് നാർക്കോട്ടിക് കൺട്രോൾ വിഭാഗം പിടികൂടുകയായിരുന്നു.

വിവരമറിഞ്ഞു നാട്ടിലുള്ള മാതാപിതാക്കൾ നാട്ടിൽനിന്നു ഹിസാനയുടെ ചികിത്സാ റിപ്പോർട്ട് സൗദിയിലെ ഇന്ത്യൻ എംബസിക്ക് അയച്ചുകൊടുത്തു. ഹിസാനയുടെ ഭർത്താവ് എംബസി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടുണ്ട്. ചികിത്സാ റിപ്പോർട്ട് അറ്റസ്റ്റ് ചെയ്‌തെന്നും സൗദിയിൽ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യൻ ന്യൂറോസർജന്റെ സത്യവാങ്മൂലവും വാങ്ങി ഉടൻ തന്നെ സൗദി അധികൃതർക്ക് കൈമാറുമെന്നും എംബസി അറിയിച്ചു.

ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിൽ കഴിയുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയും വിവരമറിയിച്ചിട്ടുണ്ട്. മന്ത്രാലയത്തിൽനിന്നും ഇടപെടലുണ്ടായതോടെയാണു ജയിലിൽനിന്നു കുഞ്ഞിനെ വിട്ടയയ്ക്കാൻ അധികൃതർ തയാറായത്. ഹിസാന ഉടൻതന്നെ ജയിൽ മോചിതയാകുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കളും സുഹൃത്തുക്കളും. ഡോക്ടറുടെ കുറിപ്പ് ഉണ്ടെങ്കിൽ പോലും മരുന്നുകളുമായി സൗദിയിലേക്ക് എത്തരുതെന്ന് മുന്നറിയിപ്പു നൽകാറുണ്ടെന്ന് സൗദിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.