- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടന്റെ മണ്ണിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി മലയാളി വനിത; പത്മശ്രീക്ക് തുല്യമായ ബ്രിട്ടീഷ് എമ്പയർ പുരസ്‌കാരം കരസ്ഥമാക്കിയത് കോട്ടയംകാരിയായ നഴ്‌സ് അജിമോൾ പ്രദീപ്; രാജ്ഞിയുടെ പുരസ്‌കാരം ബോധവൽക്കരണ പ്രവർത്തനത്തിനുള്ള അംഗീകാരം; ബ്രിട്ടീഷ് സമൂഹത്തിൽ അലിഞ്ഞു നേട്ടങ്ങൾ കൊയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ച് അജിമോൾ
ലണ്ടൻ: സ്വന്തം നാട് ഉപേക്ഷിച്ച് ബ്രിട്ടന്റെ മണ്ണിലേക്ക് മലയാളികൾ കുടിയേറിയിട്ട് ഒന്നര ദശകം പിന്നിടുന്നതേയുള്ളൂ. യുകെയിലെ ഏതു ചെറിയ സ്ഥലങ്ങളിൽ പോയാലും അവിടെയെല്ലാം മലയാളികൾ ഉണ്ടാകുമെന്ന തലത്തിലേക്ക് മലയാളി കുടിയേറ്റം എത്തിക്കഴിഞ്ഞു. ബ്രിട്ടനെ പിറന്ന നാടിനെ പോലെ തന്നെ സ്‌നേഹിക്കുന്നവരാണ് ഇവിടെ എത്തിയവരെല്ലാം. നല്ല ജീവിതം കെട്ടിപ്പടുക്കുവാനും മക്കളെ നന്നായി വളർത്തുവാനും കഴിഞ്ഞ ഈ നാടിനോട് അകമഴിഞ്ഞ സ്‌നേഹവും നന്ദിയും മനസിൽ സൂക്ഷിക്കുന്നവരാണ് യുകെ മലയാളികളെല്ലാം. ബ്രിട്ടനിലെത്തി ജീവിത നേട്ടങ്ങൾ കൈവരിച്ചവർ അനേകരുണ്ട്. അതിന് പ്രായഭേദങ്ങളില്ല, കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ വർഷമാണ് ബ്രിട്ടീഷ് സർക്കാരിന്റെ പരമോന്നത പുരസ്‌കാരങ്ങളിൽ ഒന്നായ ബ്രിട്ടീഷ് എമ്പയർ മെഡൽ റോയ് സ്റ്റീഫൻ എന്ന സ്വിൻഡൻ മലയാളി നേടിയത്. ഇപ്പോഴിതാ, ആ അഭിമാന നേട്ടത്തിനു പിന്തുടർച്ചയായി ഒരു മലയാളിക്ക് കൂടി ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. കെന്റിലെ മലയാളി നഴ്‌സ് അജിമോൾ പ്രദീപിനാണ് ബ്രിട്ടീഷ് രാജ്ഞിയുടെ ബ്രിട്ട
ലണ്ടൻ: സ്വന്തം നാട് ഉപേക്ഷിച്ച് ബ്രിട്ടന്റെ മണ്ണിലേക്ക് മലയാളികൾ കുടിയേറിയിട്ട് ഒന്നര ദശകം പിന്നിടുന്നതേയുള്ളൂ. യുകെയിലെ ഏതു ചെറിയ സ്ഥലങ്ങളിൽ പോയാലും അവിടെയെല്ലാം മലയാളികൾ ഉണ്ടാകുമെന്ന തലത്തിലേക്ക് മലയാളി കുടിയേറ്റം എത്തിക്കഴിഞ്ഞു. ബ്രിട്ടനെ പിറന്ന നാടിനെ പോലെ തന്നെ സ്‌നേഹിക്കുന്നവരാണ് ഇവിടെ എത്തിയവരെല്ലാം. നല്ല ജീവിതം കെട്ടിപ്പടുക്കുവാനും മക്കളെ നന്നായി വളർത്തുവാനും കഴിഞ്ഞ ഈ നാടിനോട് അകമഴിഞ്ഞ സ്‌നേഹവും നന്ദിയും മനസിൽ സൂക്ഷിക്കുന്നവരാണ് യുകെ മലയാളികളെല്ലാം.
ബ്രിട്ടനിലെത്തി ജീവിത നേട്ടങ്ങൾ കൈവരിച്ചവർ അനേകരുണ്ട്. അതിന് പ്രായഭേദങ്ങളില്ല, കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ വർഷമാണ് ബ്രിട്ടീഷ് സർക്കാരിന്റെ പരമോന്നത പുരസ്‌കാരങ്ങളിൽ ഒന്നായ ബ്രിട്ടീഷ് എമ്പയർ മെഡൽ റോയ് സ്റ്റീഫൻ എന്ന സ്വിൻഡൻ മലയാളി നേടിയത്. ഇപ്പോഴിതാ, ആ അഭിമാന നേട്ടത്തിനു പിന്തുടർച്ചയായി ഒരു മലയാളിക്ക് കൂടി ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. കെന്റിലെ മലയാളി നഴ്‌സ് അജിമോൾ പ്രദീപിനാണ് ബ്രിട്ടീഷ് രാജ്ഞിയുടെ ബ്രിട്ടീഷ് എമ്പയർ മെഡൽ ലഭിച്ചത്. ഇന്ത്യയിൽ പത്മശ്രീക്ക് തുല്യമായ ബ്രിട്ടീഷ് എമ്പയർ മെഡലിനാണ് മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ട്രാൻസ്പ്ലാന്റ് കോർഡിനേറ്ററായ അജിമോൾ പ്രദീപ് അർഹയായത്.
ഇന്നലെ നടന്ന ചടങ്ങിൽ വച്ച് അജിമോൾ പുരസ്‌കാരം ഏറ്റുവാങ്ങി. യുകെ മലയാളികളുടെയും സഹപ്രവർത്തകരുടെയും എല്ലാം പിന്തുണയോടെയും പ്രാർത്ഥനയോടെയുമാണ് ഈ പുരസ്‌കാരം തനിക്ക് ലഭിച്ചതെന്ന് അജിമോൾ പറഞ്ഞു. ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനം തോന്നിയെന്നാണ് അജിമോൾ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. ചടങ്ങിനിടയിൽ കെന്റിലെ ലോർഡ്-ലെഫ്റ്റനന്റ് പറഞ്ഞ വാചകം തന്നെ ഏറെ സ്പർശിച്ചു. ഈ മഹദ് രാജ്യത്തിന്റെ ഭാഗമായിരിക്കുവാൻ സാധിച്ചതിൽ ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അതെന്നും അജിമോൾ പറയുന്നു. ഇതുവരെ നിങ്ങൾ ഓരോരുത്തരും നൽകിയ പിന്തുണയും പ്രാർത്ഥനയ്ക്കും നന്ദി പറയുന്നുവെന്നും അതുകൊണ്ടു മാത്രമാണ് തനിക്ക് നേട്ടങ്ങൾ നേടിയെടുക്കുവാൻ സാധിച്ചതെന്നും അജിമോൾ വ്യക്തമാക്കി.
അവയവ ദാന പരിപാടിയിലൂടെ മലയാളികളുടെ മനം കവർന്ന അജിമോളിനെ തേടി 2014ൽ ബ്രിട്ടണിലെ ഏറ്റവും മികച്ച നഴ്‌സായി ബ്രിട്ടീഷ് ജേണൽ ഓഫ് നഴ്‌സിങ് തെരഞ്ഞെടുത്തത്. അനേകം നഴ്‌സുമാരെ പിന്നിലാക്കിയാണ് അജിമോൾ പ്രദീപ് നേഴ്‌സ് ഓഫ് ദി ഇയർ അവാർഡിന് അർഹയായത്. യുകെയിലെ നഴ്‌സുമാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങളിൽ ഒന്നാണ് ബിജെഎം നഴ്‌സ് ഓഫ് ദി ഇയർ അവാർഡ്. വിവിധ വിഭാഗങ്ങളിൽ നഴ്‌സുമാർക്ക് ബിജെഎം അവാർഡുകൾ നൽകാറുണ്ടെങ്കിലും അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട അവാർഡായാണ് ഇത് അറിയപ്പെടുന്നത്. കഴിഞ്ഞ വർഷമാണ് എൻഎച്ച്എസ് നഴ്‌സുമാരുടെ ബ്രാന്റ് അംബാസിഡറായി അജിമോളെ തെരഞ്ഞെടുത്തത്.
അവയവങ്ങൾ ലഭിക്കാത്തതുകൊണ്ട് അകാലത്തിൽ മരിക്കുന്ന ബ്രിട്ടണിലെ ഏഷ്യക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ അജിമോൾ നടത്തിയ പ്രയത്‌നങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകിയത്. അജിമോളിൽ നിന്നും ആവേശം ഉൾക്കൊണ്ട് കൊണ്ട് ഒട്ടേറെ പേർ അവയവദാനത്തിന് തയ്യാറായി രംഗത്ത് വന്നു. യുകെയിലെ ഏത് പ്രധാന ഏഷ്യൻ പരിപാടിക്കും അവയവദാന പ്രചാരണവുമായി അജിമോൾ എത്താറുണ്ട്.
അജിമോളുടെ നേട്ടം ബ്രിട്ടീഷ് മലയാളിക്ക് കൂടി അഭിമാനമാവുകയാണ്. സാധാരണ നഴ്‌സായി യുകെയിൽ എത്തിയ അജിമോൾ ബിഎസ്ഇയും എംഎസ്ഇയും ഒക്കെ എടുത്ത് ശേഷം റിസേർച്ച് ആരംഭിച്ചപ്പോൾ വേണ്ട പിന്തുണയുമായി രംഗത്തെത്തിയതും പ്രചാരണം നൽകിയതും ബ്രിട്ടീഷ് മലയാളി ആയിരുന്നു. റിസേർച്ച് പൂർത്തിയാക്കാനുള്ള ചോദ്യാവലികളിൽ പലതും ബ്രിട്ടീഷ് മലയാളിയിലൂടെയാണ് പ്രസിദ്ധീകരിച്ചത്. തുടർന്നാണ് ഡോക്ടറേറ്റ് എടുക്കുകയും ഉപഹാർ എന്നൊരു സംഘടന ആരംഭിക്കുകയും ചെയ്ത അജിമോൾ ബ്രിട്ടണിലെ ഏറ്റവും അംഗീകാരമുള്ള നഴ്‌സായി മാറിയപ്പോൾ അജിമോൾക്ക് ആദ്യം പുരസ്‌കാരം നൽകിയത് ബ്രിട്ടീഷ് മലയാളി ആണ് എന്ന അഭിമാനം കൂടിയുണ്ട്.
പഠനനത്തിന്റെ ഭാഗമായി സൗത്ത് ഏഷ്യക്കാരുടെ അവയവദാനനം തെരഞ്ഞെടുത്ത്് യുകെയിലെ പൊതുസമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായി കണ്ടെത്തുകയും, സൗത്ത് ഏഷ്യൻ വംശജരായ അനേകം പേർക്ക് വൃക്ക രോഗം അടക്കമുള്ള രോഗങ്ങൾ പടരുകയും മാറ്റിവെയ്ക്കാൻ അവയവങ്ങൾ ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്യുന്നത് ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിൽ അജിമോളുടെ വഹിച്ച പങ്ക് വളരെ ശ്രദ്ധേയമായിരുന്നു.
ആവശ്യത്തിന് അവയവങ്ങൾ ലഭിക്കാതെ കഷ്ടപ്പെടുന്ന സൗത്ത് ഏഷ്യൻ സമൂഹത്തിന്റെ ദയനീയ സ്ഥിതി ഐടിവി പോലെയുള്ള മാധ്യമങ്ങളിലൂടെ അജിമോൾ ചർച്ചയാക്കി മാറ്റിയിരുന്നു. ഒപ്പം അവയവദാനത്തെ പ്രോത്സാഹിപ്പിക്കാനായി അജിമോൾ ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന്റെ സമയത്ത് പ്രത്യേക അനുമതി വാങ്ങി വേദിക്ക് മുന്നിൽ കൗണ്ടർ തുറന്ന് അവയവദാന സമ്മത പത്രത്തിൽ ഒപ്പുവയ്ക്കാൻ മലയാളികളെ പ്രേരിപ്പിച്ചതും ഏറെ പ്രാധാന്യം നേടിയിരുന്നു. ഇപ്പോൾ ബ്രിട്ടീഷ് എമ്പയർ മെഡൽ കൂടി അജിമോളെ തേടിയെത്തിയതോടെ യുകെ മലയാളി സമൂഹത്തിന് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി നൽകിയിരിക്കുകയാണ്.
അവയദാനത്തിന്റെ മഹത്വവും അവയവ ബോധവത്കരണ സന്ദേശവും കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ഉപഹാർ എന്ന പേരിൽ അജിമോൾ മുൻനിരയിൽ നിന്നുകൊണ്ടാണ് ഒരു സംഘടനയ്ക്ക് രൂപം നൽകിയത്. യുകെയിലെ സൗത്ത് ഏഷ്യൻ കമ്യൂണിറ്റികൾക്കിടയിൽ അവയവ ദാനവും സ്റ്റെം സെൽ ദാനവും വർദ്ധിപ്പിക്കുക വഴി നിരവധി പേരെ മരണത്തിൽ നിന്നും കര കയറ്റുക എന്ന ലഷ്യത്തോടെയാണ് ഉപഹാറിന് പ്രാരംഭം കുറിച്ചത്്. ഈ കാംപയിനെ തുടർന്ന് 3000 സൗത്ത് ഏഷ്യക്കാര അവയവദാനത്തിന് സമ്മതിപ്പിച്ച് കൊണ്ട് ഒപ്പ് വയ്‌പ്പിക്കാൻ അജിമോൾക്ക് സാധിച്ചിരുന്നു. ഇതിനെ തുടർന്ന് 25,000 പേരുടെ ജീവൻ രക്ഷിക്കുന്ന വിധത്തിൽ അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് വഴിയൊരുങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴും അവയവദാന രംഗത്ത് അജിമോൾ തന്റെ പ്രവർത്തനം തുടരുകയാണ്.
കോട്ടയം നഗരത്തിനടുത്തുള്ള ചുങ്കം സ്വദേശിയായ അജിമോളുടെ വളർച്ചയിൽ പിന്തുണ നൽകുന്ന ഭർത്താവ് പ്രദീപും മകൾ കാത്തിയും അടങ്ങുന്നതാണ് കുടുംബം.