- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ മുക്തയായ നഴ്സിനെ തേടി ബ്രിട്ടീഷ് മാധ്യമങ്ങൾ; പരീക്ഷണ ചികിത്സയിൽ മരണത്തെ തോൽപ്പിച്ചു ജീവിതത്തിലേക്ക് മടങ്ങി വന്ന മലയാളി നഴ്സ് ജാസ്മിൻ കാൻസർ പോരാളിയായി ലോകത്തിന്റെ മുന്നിലേക്ക്; സിനിമയിൽ ശാന്തി കൃഷ്ണ നേരിട്ട അനുഭവങ്ങൾ ജീവിതത്തിൽ കണ്ടറിഞ്ഞ ജാസ്മിൻ വിവരിക്കുമ്പോൾ പ്രതീക്ഷകൾക്ക് നൂറഴക്
ലണ്ടൻ: ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമ മലയാളികളെ തേടി എത്തിയിട്ട് അഞ്ചു വർഷങ്ങൾ പിന്നിടുന്നു. കാൻസർ എന്ന മഹാരോഗം ഒരു വീട്ടിലേക്കു ക്ഷണിക്കാത്ത അതിഥിയായി എത്തിയാൽ പിന്നെന്ത് എന്ന ചോദ്യത്തിന് ഉള്ള ഉത്തരം കൂടി ആയിരുന്നു ആ സിനിമ. ചിത്രത്തിൽ നായിക ശാന്തി കൃഷ്ണ കാൻസർ രോഗിയാണെന്ന് സംശയിക്കപ്പെടുന്ന ഘട്ടവും അതിനെ കുടുംബം കൈകാര്യം ചെയ്യുന്നതും ഒടുവിൽ കാൻസർ മുക്തയാകുന്നതും ഒക്കെ സിനിമാക്കഥയെ വെല്ലുന്ന വിധത്തിൽ യുകെ മലയാളികൾക്കിടയിൽ സംഭവിച്ചിരിക്കുകയാണ്.
യുകെ മലയാളികളുടെ ജീവിതത്തിൽ ശാന്തി കൃഷ്ണക്ക് പകരം ജാസ്മിൻ ഡേവിഡ് എന്ന നഴ്സാണ് നായിക. സിനിമയിലെ നായികയ്ക്കും ജീവിതത്തിലെ നായികയ്ക്കും സംഭവിച്ചത് സ്തനാർബുദം ആണെന്നത് മാത്രമല്ല സമാനതയായി മാറുന്നത് സിനിമ ഇറങ്ങിയ സമയത്തു തന്നെയാണ് മാഞ്ചസ്റ്റർ മലയാളി ആയ ജാസ്മിനെ തേടിയും കാൻസർ എത്തുന്നത് എന്നതും യാദൃശ്ചികതയാണ്.
എന്നാൽ സിനിമയിലെയും ജീവിതത്തിലെയും സമാനത അവിടെ തീരുകയാണ്. പിന്നീടുള്ള അഞ്ചു വർഷങ്ങൾ സിനിമയിൽ പോലും ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത അവിശ്വസനീയതയിലൂടെ കടന്നെത്തി രണ്ടു വട്ടം ആക്രമിച്ച കാൻസറിനെ പൊരുതി തോൽപ്പിച്ച ധീരയായി ലോകജനതയുടെ മുന്നിൽ നിൽക്കുകയാണ് ജാസ്മിൻ ഡേവിഡ്.
ലോകമെങ്ങും താരമായി മാറിയ ക്യാൻസർ രോഗിയും ബിബിസി അവതാരികയുമായ ഡെബോറ ജയിംസിന്റെ മരണ വാർത്തയറിഞ്ഞു ലോകം കരഞ്ഞു രണ്ടു നാളുകൾക്ക് ശേഷമാണു ലോകത്തിനു ഉള്ളു തുറന്നു ചിരിക്കാനായി കാൻസർ പോരാളിയായി ജാസ്മിൻ ലോകത്തിന്റെ മുന്നിലേക്ക് മാധ്യമങ്ങളിലൂടെ എത്തിയിരിക്കുന്നത് എന്നതും പ്രത്യേകതയാണ്. ലോകത്താദ്യമായി നടന്ന പരീക്ഷണത്തിലൂടെ കാൻസറിനെ തോൽപ്പിച്ച ധീര വനിതയായ ജാസ്മിന്റെ വിശേഷങ്ങൾ ലോക മാധ്യമങ്ങൾ എങ്ങും ഏറ്റെടുത്തു തുടങ്ങിയ സാഹചര്യത്തിലാണ് മറുനാടൻ മലയാളി വായനക്കാർക്ക് വേണ്ടി താൻ കടന്നു പോയ അനുഭവ വഴികളിലൂടെ ഒരിക്കൽ കൂടി സഞ്ചരിക്കാൻ ജാസ്മിൻ തയ്യാറായത്.
ആരോടും ഒളിച്ചുവയ്ക്കാതെ
അസുഖം പോലെയുള്ള കാര്യങ്ങൾ പൊതുവെ ആരോടും പറയാൻ ഇഷ്ടപ്പെടാത്തവരാണ് ഭൂരിഭാഗവും. എന്നാൽ ഇനിയൊരു ജീവിതം കൂടെയില്ലെന്നു ഓർമ്മിപ്പിച്ചു കാൻസർ പോലൊരു മഹാരോഗം തന്നിൽ ഉണ്ടെന്നു വെളിപ്പെട്ട നിമിഷം മുതൽ പ്രിയപ്പെട്ടവരോടെല്ലാം അത് മറച്ചു വയ്ക്കാതെ എല്ലാം തുറന്നു പറയുകയായിരുന്നു ജാസ്മിനും കുടുംബവും. അതുവഴി തങ്ങൾ അനുഭവിച്ച മാനസിക ഉന്മേഷവും പ്രിയപ്പെട്ടവർ നൽകിയ കരുത്തും കാൻസറിനോടുള്ള പോരാട്ടത്തിൽ ഏറ്റവും പ്രധാനമായിരുന്നു എന്നും ജാസ്മിനിപ്പോൾ ഓർമ്മിക്കുന്നു.
ചെറിയൊരു വേദനയിൽ തുടങ്ങിയ പരിശോധനകളാണ് 2017 കാൻസറിന്റെ നീരാളിക്കൈകൾ തന്നെ വരിഞ്ഞു മുറുക്കുക ആണെന്ന് ജാസ്മിൻ തിരിച്ചറിഞ്ഞത്. എന്നാൽ ഭർത്താവും മക്കളും സഹോദരന്റെ കുടുംബവും ഒക്കെ ചേർത്ത് പിടിച്ചു കൂടെ നിർത്തുക ആയിരുന്നു. കഴിയുന്നതും പോസിറ്റീവായി ചിന്തിക്കുന്നവരെ കൂടെ നിർത്തണം. നെഗറ്റീവ് ചിന്ത നൽകുന്നവരെയും പേടിപ്പിക്കുന്നവരെയും ഒക്കെ അകറ്റി നിർത്താനും കഴിയണം.
കാറിൽ പോയിരുന്നു കരയുന്ന ഭർത്താവ്, ടോയ്‌ലെറ്റിൽ സങ്കടം തീർക്കുന്ന മക്കൾ, പുറമെ എല്ലാവരും ചിരിയിലും
രോഗ നാളുകളിൽ ഒരിക്കലും ഭർത്താവ് ഡേവിഡ് തന്റെ മുന്നിൽ സങ്കടം കാട്ടിയിട്ടില്ലെന്നു ജാസ്മിൻ ഓർമ്മിക്കുന്നു. ''എപ്പോഴും ചിരിയും സന്തോഷവുമായി കൂടെ നിൽക്കും. എന്നാൽ കൂട്ടുകാരോടൊക്കെ കാറിൽ പോയിരുന്നു സങ്കടം പറഞ്ഞും വിഷമിച്ചും കഴിഞ്ഞ നാളുകൾ പിന്നീടാണ് ഞാനറിഞ്ഞത്. കുട്ടികളും അതുപോലെ തന്നെ. ടോയ്‌ലെറ്റിൽ പോകുമ്പോഴാണ് അവർ സങ്കടം തീർത്തിരുന്നത്. എന്റെ മുന്നിൽ വരുമ്പോൾ ചിരിച്ചുകൊണ്ടേയിരിക്കും. ശരിക്കും ആ സിനിമയിൽ കണ്ടതുപോലെയൊക്കെ തന്നെ.
രോഗം അറിഞ്ഞതോടെ സഹോദരനെയും കുടുംബത്തെയും വിളിച്ചു വരുത്തി ഞങ്ങൾ നാലുപേരും ചേർന്നാണ് കുട്ടികളോട് പറഞ്ഞത്. ആദ്യ കേൾവിയിൽ അവർ പൊട്ടിക്കരയുക ആയിരുന്നു. ആ കരച്ചിൽ പിന്നീടൊരിക്കലും തന്റെ മുന്നിൽ കാട്ടിയിട്ടുമില്ല'', ജാസ്മിൻ ഒരിക്കൽ കൂടി താൻ കടന്നു പോയ സംഘർഷ നാളുകൾ മനസ്സിൽ ഒട്ടും ഭാരം കാണിക്കാതെ പറയുകയാണ്. പരിശോധന റിപ്പോർട്ട് വന്നപ്പോൾ ഒരുപക്ഷെ മറ്റാരുടെ എങ്കിലും റിസൾട്ട് തെറ്റി വന്നതാകും എന്ന് വരെ തോന്നിയിരുന്നു എന്നും ജാസ്മിൻ കൂട്ടിച്ചേർക്കുന്നു. കാരണം ഒരാൾക്കും ഈ രോഗം ഒറ്റ ദിവസം കൊണ്ട് മനസിലേക്ക് ഉൾക്കൊള്ളാനാകില്ല, അതിന്റെ തീവ്രത അത്ര വലുതാണ്.
അഞ്ചു വർഷത്തിൽ ഏറ്റവും ഭയാനകമായത് ആദ്യ കീമോ നൽകിയ ആദ്യത്തെ ആറു മാസങ്ങൾ
ഈ കടന്നു പോയ പ്രയാസ വഴികളിൽ ഏറ്റവും ഭയാനകമായത് ആദ്യമായി കീമോ എടുത്ത ആദ്യത്തെ ആറു മാസങ്ങൾ ആയിരുന്നു. മനുഷ്യ ശരീരത്തിന് താങ്ങാനാകാത്തതിലും വലിയ ഭാരമാണ് ഓരോ കീമോയും നൽകുന്നത്. ഡോക്ടർമാർ വളരെ ബോൾഡ് ആയി കൂടെ നിന്നതു മാത്രമാണ് ആ നാളുകളിൽ മനസിന് അൽപമെങ്കിലും ഊർജം നൽകിയത്. എന്നാൽ ആറുമാസത്തിനിടയിൽ രണ്ടാമത്തെ കീമോ എടുത്തപ്പോൾ തന്നെ ഒരു ദിവസം കുളിക്കുമ്പോൾ മുടി ഒന്നാകെ ഊർന്നു പോയത് വല്ലാത്ത അനുഭവമായി കൂടെയുണ്ട്.
മുടി കുറേശെ കൊഴിയും എന്നായിരുന്നു കരുതിയതെങ്കിലും പേടിപ്പിക്കുന്ന വിധത്തിലാണ് അത് സംഭവിച്ചത്. തകർന്നു നിൽക്കുമ്പോൾ സങ്കടം പുറത്തു കാട്ടാതെ പത്താം ക്ലാസിൽ പഠിക്കുന്ന മകൾ ഓടിപ്പോയി മുൻപ് വാങ്ങി വച്ചിരുന്ന തൊപ്പി ധരിപ്പിച്ചു എന്റെ അമ്മയിപ്പോൾ കൂടുതൽ സുന്ദരി ആണെന്ന് പറഞ്ഞപ്പോൾ മനസ്സിൽ തോന്നിയ ധൈര്യം ആ പ്രയാസ ഘട്ടത്തിലും താങ്ങായി മാറി. മോളുടെ ജിസിഎസ്ഇ പരീക്ഷ നടക്കുന്ന സമയത്താണ് അത് സംഭവിച്ചത് എന്നും ജാസ്മിൻ ഓർമ്മിക്കുന്നു.
എന്നും രാവിലെ അത്ഭുത മരുന്നുമായി ഭർത്താവ്, ഇന്നും മുടക്കമില്ല
എന്നും പുലർച്ചെ നാലു മണിയോടെ കാരറ്റ്, ബീറ്റ്റൂട്, ഉരുളക്കിഴങ്ങ്, നാരങ്ങ, തേൻ എന്നിവയൊക്കെ ചേർത്ത് മിക്സറിൽ അടിച്ചെടുക്കുന്ന അത്ഭുത പച്ചമരുന്ന് ഈ രോഗകാലത്തു ഭർത്താവ് നൽകിയ ഏറ്റവും വലിയ താങ്ങായി മാറുക ആയിരുന്നു. ആ പതിവിന് ഇന്നും മാറ്റമില്ല, എവിടെ പോയാലും അത് കൂടെയുണ്ടാകും. എല്ലാ മതങ്ങളിലും ഈശ്വരനിലും വിശ്വസിക്കുന്ന തങ്ങൾക്ക് സെവൻത് ഡേ വിശ്വാസ സമൂഹത്തിലെ ഒരു പാസ്റ്റർ ആണ് പ്രതിരോധം വർധിപ്പിക്കാൻ സഹായിക്കുന്ന ഈ മരുന്ന് ഉപദേശിച്ചത്. നാട്ടിലും മറ്റും പലർക്കും ഗുണം ചെയ്തിട്ടുണ്ട് എന്ന അനുഭവത്തിലാണ് വെറും വയറ്റിൽ അത് കഴിച്ചു തുടങ്ങിയത്. കൂടെ ആയുർവേദ പച്ചമരുന്നുകളും കഴിച്ചിരുന്നു.
''മുടക്കമില്ലാത്ത പ്രാർത്ഥന ഒന്നും കൂടെയില്ലെങ്കിലും പതിവായി ഈശ്വരനോട് നേരിട്ട് പ്രാർത്ഥിക്കുമായിരുന്നു''
പാരമ്പര്യ ക്രിസ്ത്യാനികൾ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ വലിയ പ്രാർത്ഥന വിശ്വാസികൾ ആയിരുന്നില്ല തങ്ങളുടെ കുടുംബം എന്നാണ് ജാസ്മിൻ പറയുന്നത്. ''ബൈബിൾ വചനങ്ങളോ പ്രാർത്ഥന കീർത്തനങ്ങളോ മറ്റോ പൂർണമായും കാണാതെ ചൊല്ലാനറിയില്ല. എന്നാൽ എപ്പോഴും ഒറ്റയ്ക്കാകുമ്പോൾ ഈശ്വരനോട് നേരിട്ട് കാര്യങ്ങൾ പറയുന്ന ഒരു ശീലം പണ്ടേ ഉണ്ടായിരുന്നു. സങ്കടമായാലും സന്തോഷമായാലും അടുക്കളയിൽ ആയാലും പാട്ടു കേൾക്കുമ്പോൾ ആയാലും ഈശ്വരനോട് മിണ്ടാൻ തോന്നിയാൽ അത് ചെയ്യും. ചെടികളെയും പൂക്കളെയും ഒക്കെ ഇഷ്ടമായ താൻ അവയെ പരിചരിക്കുമ്പോഴും ഈശ്വരനോട് ആയിരുന്നു സംസാരിച്ചിരുന്നത്.
രോഗം വന്നപ്പോൾ ആ ശീലം അൽപം കൂടുതലായി. അത് നൽകിയ മാനസിക ധൈര്യം വാക്കുകളിൽ പറഞ്ഞു തീർക്കാനാകില്ല. സത്യത്തിൽ മരുന്നുകൾ നമ്മളെ തളർത്തുകയാണ്. മാനസികമായി കരുത്തും ഊർജ്ജവും നൽകാൻ ഒരു മരുന്നിനും കഴിയില്ല. പ്രാർത്ഥനയോ മറ്റോ വഴി മാത്രമേ ഇത് സാധ്യമാകൂ. ആദ്യം നമുക്ക് നമ്മളിൽ വിശ്വാസം ഉണ്ടാവുകയാണ് വേണ്ടത്. നമ്മൾ തളർന്നാൽ എല്ലാം തകരും. കീമോയും മറ്റും ചെയുമ്പോൾ മരുന്ന് കൊണ്ടല്ല മനോ ധൈര്യം കൊണ്ടാണ് ഈ രോഗത്തെ മറികടക്കേണ്ടത് എന്ന് ആദ്യത്തെ ഏതാനും മാസങ്ങൾക്കുള്ളിൽ ഏതു കാൻസർ രോഗിയും തിരിച്ചറിയും. അതോടെ സ്വയം ഉയർത്തെഴുന്നേൽക്കാൻ ഉള്ള വഴി തേടണം. കരയാതെയും സങ്കടം പുറത്തെടുക്കാതെയും രോഗിയെ കൂടുതൽ തളർത്താതെ കൂടെ നിൽക്കുന്ന ഒരു കുടുംബം കൂട്ടിനുണ്ടെങ്കിൽ അതിനു കഴിയും, ഉറപ്പാണ് ''- ജാസ്മിൻ ഉറച്ചു വിശ്വസിക്കുന്നു.
ബാധിച്ചത് ഏറ്റവും മാരകമായ കാൻസർ, ഫ്യൂണറൽ പ്ലാൻ വരെ ചർച്ചയിൽ
ട്രിപ്പിൾ നെഗറ്റീവ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഏറ്റവും വേഗത്തിൽ പടരുന്ന കാൻസറാണ് ജാസ്മിനെ പിടികൂടിയത്. അൽപം വലിയ മുഴ തന്നെയാണ് രൂപപ്പെട്ടതും. ഇതിനെ ചുരുക്കി ചെറുതാക്കി എടുത്തു കളയുക എന്നതായിരുന്നു ഡോക്ടർമാരുടെ വെല്ലുവിളി. ഇതിനായി തുടർച്ചയായി 15 തവണ റേഡിയേഷൻ നൽകി. ഒടുവിൽ ആറുമാസത്തിനു ശേഷം മുഴ നീക്കി. ഇതോടെ കാൻസറിന്റെ പിടിയിൽ നിന്നും മോചനമായി. വീണ്ടും സാധാരണ പോലെ ജോലിയിലേക്ക്.
14 മാസത്തേക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാൽ 2019 ഒക്ടോബറിൽ ഒരു ദിവസം ചെറുതായി ഒന്ന് ചുമച്ചു. തണുപ്പ് തുടങ്ങിയതോടെ ഉള്ള സാധാരണ ചുമ എന്നാണ് കരുതിയത്. സഹപ്രവർത്തകയായ ഡോക്ടർ ഒരു എക്‌സ്‌റേ എടുത്തു നോക്കാം എന്ന് പറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാൻസർ ഉള്ളിലേക്ക് നീങ്ങി രണ്ടു ശ്വാസ കോശങ്ങളെയും നിറയെ ബാധിച്ചതായി മനസിലാക്കുന്നത്.
ആദ്യ ഘട്ടങ്ങളിൽ പതുങ്ങി ഇരുന്ന കാൻസർ അവസാന ഘട്ടത്തിലാണ് ലക്ഷണം കാട്ടിയതെന്നു ഡോക്ടർമാർ വ്യക്തമാക്കുമ്പോൾ ആദ്യ തവണ കൂളായി കൂടെ നിന്ന ഡോക്ടർമാരെയല്ല ജാസ്മിൻ ഇത്തവണ സ്വന്തം കണ്ണിൽ കണ്ടത്. ഇനി ഒന്നും ബാക്കിയില്ല, ഏറിയാൽ പത്തു മാസത്തെ ജീവിതം കൂടെയുണ്ടാകും എന്നാണ് അവർ പറയുന്നത്. അത് വേദന രഹിതമാക്കാൻ കീമോ ചെയ്യാമെന്ന് പറഞ്ഞപ്പോൾ പത്തു മാസമേ ഉള്ളെങ്കിൽ കീമോ വേണ്ടെന്നു തന്നെ ജാസ്മിനും. കാരണം ആദ്യ തവണ നടത്തിയ കീമോയുടെ ഭീകരനുഭവം കൂടെയുള്ളതിനാൽ തന്നെ ആയിരുന്നു ആ തീരുമാനം. എങ്കിൽ മനുഷ്യരിൽ പ്രയോഗിച്ചിട്ടില്ലാത്ത ഒരു പരീക്ഷണത്തിന് നിന്ന് കൊടുക്കാൻ തയ്യാറാണോ എന്ന ചോദ്യം ഈ ഘട്ടത്തിൽ ഉണ്ടായി.
പരീക്ഷണത്തിലും വെല്ലുവിളികൾ ഏറെ
അതിനും ജാസ്മിന്റെ ശരീരം പരീക്ഷണ മരുന്നിനോട് പ്രതികരിക്കുമോ എന്നൊക്കെ അറിയാനുള്ള നിരവധി ടെസ്റ്റുകളും മറ്റുമുണ്ട്. പരീക്ഷണമായതിനാൽ എന്തും സംഭവിക്കാം. നെതർലൻഡ് കേന്ദ്രമായ ഒരു കമ്പനിയാണ് പരീക്ഷണത്തിന് തയ്യാറാകുന്നത്. പരീക്ഷണത്തിൽ താൻ മരിച്ചാലും എന്തെങ്കിലും നേട്ടം ഉണ്ടായാൽ ഭാവിയിലെ രോഗികൾക്ക് ഗുണം ആകുമല്ലോ എന്നുമാത്രമാണ് ജാസ്മിൻ ഓർത്തത്. ഈ ചിന്ത വീട്ടിൽ എല്ലാവരും പിന്തുണച്ചു. ഒട്ടേറെ ടെസ്റ്റുകൾക്ക് ശേഷം കോവിഡ് മൂർദ്ധന്യത്തിൽ നിൽക്കുന്ന സമയത്തു തന്നെ കാൻസർ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലായ ക്രിസ്റ്റിയിൽ ഒട്ടേറെ വിദഗ്ധരുടെ നേതൃത്വത്തിൽ പരീക്ഷണ ഡോസ് തയ്യാറായി.
എന്നാൽ ശരീരത്തിൽ മരുന്നു കേറി തുടങ്ങിയപ്പോൾ തന്നെ സൈഡ് ഇഫക്ടുകൾ എത്തി. പെട്ടെന്നുള്ള ഫിറ്റ്‌സും ഉയർന്ന ശരീര താപനിലയും ഒക്കെയായി ഒരു തരത്തിലും നിയന്ത്രണ വിധേയമാകാത്ത ശരീരം. ഒരു ബാഗ് ഐവി ഫ്‌ള്യൂയിഡ് സമാനമായ മരുന്നു ശരീരത്തിൽ കയറാൻ എട്ടു മണിക്കൂർ സമയം വരെ വേണ്ടി വന്നു. ആദ്യ രണ്ടു പരീക്ഷണ ഡോസും ശരീരത്തിന്റെ പ്രതികൂല പ്രതികരണം കാരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഇതോടെ ഒരു വട്ടം കൂടി നോക്കാം എന്ന ചിന്തയിൽ അവസാനമായി മൂന്നാം വട്ടം പരീക്ഷണം. ഇത് വിജയകരമായി ശരീരം സ്വീകരിച്ചു. ഒരു പരീക്ഷണ ഘട്ടത്തിലും പരിശോധന മുറപോലെ. മാസങ്ങൾ ആശുപത്രിയിൽ കിടന്നുള്ള ചികിത്സ. മൂന്നാം ഡോസ് ശരീരം സ്വീകരിച്ചതോടെ 80 ശതമാനം രോഗവും ഭേദമായി. അടുത്ത ഡോസോടെ നൂറു ശതമാനവും രോഗം ഭേദമായതായി ഡോക്ടർമാരുടെ വിജയാഘോഷം. ആകെ മൂന്നു മാസത്തെ ചികിത്സ.
ലോകത്തു പലയിടത്തായി 30 പേരാണ് ഈ ചികിത്സ തേടിയത്. ഇതിൽ 16 പേർ ചികിത്സയുടെ ഘട്ടത്തിൽ മരണത്തിനു കീഴടങ്ങി. ബാക്കി 14 പേരിൽ ഒൻപത് പേർക്കും സൈഡ് എഫ്ഫക്റ്റ് മൂലം നിർത്തേണ്ടി വന്നു. പിന്നീടുള്ള അഞ്ചു പേരിൽ 80 ശതമാനം വിജയം. അതിൽ രണ്ടു പേർക്ക് നൂറു ശതമാനം രോഗ മുക്തി. ഈ രണ്ടു പേരിൽ ഒരാൾ യുകെ മലയാളിയായ ജാസ്മിനും മറ്റെയാൾ നെതർലൻഡ്സിൽ നിന്നുള്ള വ്യക്തിയും. നാലുതരം കാൻസറിന് ആണ് ഈ പരീക്ഷണത്തെ തുടർന്ന് പ്രതീക്ഷ വളർന്നിരിക്കുന്നത്. ബ്രെസ്റ്റ് കാൻസർ, ബൗൾ ക്യാൻസർ, ഒവേറിയൻ ക്യാൻസർ, ലങ് ക്യാൻസർ എന്നിവയാണ് ഈ ലിസ്റ്റിൽ ഇടം തേടിയത്.
കോടികൾ മുടക്കിയുള്ള ചികിത്സ, കീമോ കളകളെ കൊല്ലുമ്പോൾ പുതു ചികിത്സ ലക്ഷ്യം വയ്ക്കുന്നത് പ്രതിരോധ വർധനയിൽ
ജാസ്മിൻ ഇപ്പോൾ ജീവിച്ചിരിക്കുന്നത് കോടികൾ മുടക്കിയുള്ള ചികിത്സയെ തുടർന്നാണ്. ഒരു ഡോസ് മരുന്നിനു തന്നെ 8000 മുതൽ പതിനായിരം പൗണ്ട് ആണ് വില ഈടാക്കുന്നത്. ഇതുവരെ 25 ഡോസുകൾ സ്വീകരിച്ചു കഴിഞ്ഞു. രണ്ടു വർഷത്തേക്ക് കൂടി ചികിത്സ ചെലവ് വഹിക്കാൻ കമ്പനിയുമായുള്ള കരാർ മൂലം അവർ ബാധ്യസ്ഥരാണ്. സാധാരണ കാൻസർ ചികിത്സയിൽ കീമോ തെറാപ്പി വഴി കളകൾ എന്നറിയപ്പെടുന്ന കാൻസർ സെല്ലുകളെ നശിപ്പിക്കുകയാണ് ചെയ്യുക.
ആ പ്രവർത്തനത്തിൽ ശരീരത്തിലെ നല്ല കോശങ്ങളും നഷ്ടമാകും. എന്നാൽ പുതിയ ചികിത്സയിൽ കാൻസർ കളകളെ തൊടുന്നതേയില്ല. പകരം നല്ല കോശങ്ങളെ പുഷ്ടിപ്പെടുത്തി കൂടുതൽ ആരോഗ്യത്തോടെ വളർന്നു ശരീരത്തിന് പ്രതിരോധ ശേഷി കൂട്ടി കാൻസർ സെല്ലുകളെ ശ്വാസം മുട്ടിച്ചു ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാൽ ശരീരത്തിന് അമിതമായി പ്രതിരോധ ശേഷി കൂടുന്നതും നല്ലതല്ല. ഇതിനായി ജാസ്മിനെ ഇപ്പോൾ നിരന്തര നിരീക്ഷണ വിധേയമാക്കുന്നുണ്ട്. രക്ത പരിശോധനയും കരളും കിഡ്നിയും ഒക്കെ മികച്ച നിലയിലാണ് പ്രവർത്തിക്കുന്നത് എന്നതും ഒക്കെ സ്ഥിരം പരിശോധകളുടെ ഭാഗമാണ്.
വിശേഷങ്ങൾ പങ്കു വയ്ക്കാൻ ലോക മാധ്യമങ്ങൾ കൂടെയുണ്ട്
ഡോക്ടർമാർ ഇത്തരത്തിൽ ജാസ്മിനെ നിരീക്ഷണ വിധേയമാക്കുമ്പോൾ ലോകത്തിനു പ്രതീക്ഷയായി മാറിയ പേരായി ജാസ്മിനെ വിശേഷിപ്പിച്ചു ബ്രിട്ടീഷ് മാധ്യമങ്ങളും കൂടെയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ മാധ്യമങ്ങളും ഒരു വര്ഷം മുൻപേ രോഗ വിമുക്തി നേടിയ ജാസ്മിന് പുറകെയാണ്. ജാസ്മിന്റെ വിശേഷങ്ങൾ ബ്രിട്ടീഷ് മലയാളിയും നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും ഹോസ്പിറ്റൽ പരിശോധനകൾ മൂലം തിരക്കിലായിരുന്ന ജാസ്മിൻ നേരിട്ട് പറയുന്ന കാര്യങ്ങൾ വായനക്കാരെ അറിയിക്കുന്നതാണ് കൂടുതൽ നല്ലതെന്ന കാത്തിരിപ്പിലായിരുന്നു. ആ കാത്തിരിപ്പു ഇന്നലെയാണ് ജാസ്മിൻ അവസാനിപ്പിച്ചത്. ഇപ്പോൾ ബ്രിട്ടന്റെ അതിരുകൾ പിന്നിട്ടു ഇന്ത്യൻ മാധ്യമങ്ങളും ജാസ്മിന്റെ വിശേഷങ്ങളുമാണ് വായനക്കാരിലും പ്രേക്ഷകരിലും എത്തികൊണ്ടിരിക്കുന്നത്.
ഭർത്താവ് ഡേവിഡ് ലാസറിനു ഒപ്പം കൂടെ നിന്ന മക്കൾ കുറച്ചു കൂടി വലുതായി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ ആയി മാറിയിരിക്കുന്നു, മകൻ റയാൻ കംപ്യുട്ടർ കോഴ്‌സിലും മകൾ റിയോണ ബയോമെഡിക്കൽ സയൻസിലും. അമ്മയുടെ രോഗം മൂലമാണ് മെഡിസിൻ പഠനം വേണ്ടെന്നു വച്ച് റിയോണ ബയോമെഡിക്കൽ തന്നെ തിരഞ്ഞെടുത്തത്. ഭാവിയിൽ ഒരു ഗവേഷണത്തിന്റെ ഭാഗമായി രോഗികൾക്ക് മുന്നിൽ അത്ഭുതമായി എത്തണം എന്നതാണ് റിയോണയുടെ ചിന്തകൾ.