ട്രിപ്പളി: വിവിധ രാജ്യങ്ങളിൽ കഴിയുന്ന മലയാളി നേഴ്‌സുമാർക്ക് എന്നും ദുരിതംതിന്നു കഴിയാനാണോ വിധി. ഇവരുടെ കണ്ണീരൊപ്പാൻ ഭരണാധികാരികൾ എന്തുകൊണ്ടാണ് മടിക്കുന്നത്. പ്രക്ഷോഭം രൂക്ഷമായ ലിബിയയിൽ 22 മലയാളി നഴ്‌സുമാരാണ് ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതക്കയത്തിൽ കഴിയുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളൊന്നും ഇവരുടെ ദുരിതം കാണുന്നില്ലേ

ഒട്ടേറെ മലയാളി നഴ്‌സുമാർ ജോലി ചെയ്യുന്നുണ്ട് ലിബിയയിൽ. രണ്ടുവർഷത്തെ കരാറിൽ ജോലിചെയ്യാനെത്തിയ 22 നഴ്‌സുമാരാണ് ബങ്കാസയിലെ അൽജമരിയ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള നഴ്‌സുമാരാണ് ഇവിടെയുള്ളത്.

2012 സെപ്റ്റംബറിലാണ് രണ്ടുവർഷത്തെ കരാർ ഒപ്പിട്ട് ഇവർ ഇവിടെ എത്തിയത്. വീട്ടിലെ ബുദ്ധിമുട്ടുകളും ദയനീയ സാഹചര്യവുമാണ് അന്യദേശങ്ങളിലേക്കു തൊഴിലെടുക്കാൻ പോകാൻ ഇവരെ പ്രേരിപ്പിച്ചത്. ഇതിന് ജീവൻതന്നെ ബലികൊടുക്കേണ്ടിവരുമോ എന്നറിയാത്ത അവസ്ഥയിലാണ് ഇവർ.

ചുറ്റും ബോംബേറും വെടിവയ്പും ഷെല്ലാക്രമണവുമൊക്കെയായി പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ് ലിബിയയിൽ. ഒക്ടോബർ 16നു കനത്ത ബോംബിങ്ങുണ്ടായതിനെത്തുടർന്ന് ഇവർ ജോലി ചെയ്തിരുന്ന ആശുപത്രി അടച്ചുപൂട്ടുകയും ഇവരോട് ഒഴിയാൻ പറയുകയും ചെയതു. ബങ്കാസിയിലെ മെഡിക്കൽ സെന്ററിൽ വെറും രണ്ടുജോഡി വസ്ത്രം മാത്രമായി ഇവർ കഴിയുകയാണിപ്പോൾ. തറയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് ഇവർ ആദ്യം അന്തിയുറങ്ങിയിരുന്നത്. ദയനീയ സാഹചര്യം കണ്ടു അധികൃതർ ആദ്യം ബെഡ് നൽകിയിരുന്നു. എന്നാൽ പിന്നീട് ഇവരും കൈയൊഴിഞ്ഞുവെന്ന് നഴ്‌സുമാർ പറയുന്നു.

കരാർ തീർന്നതിനെത്തുടർന്ന് പണം നൽകി വിടാമെന്നാണ് ആദ്യം അധികൃതർ പറഞ്ഞത്. എന്നാൽ നവംബർ 23ന് നഴ്‌സിങ് സൂപ്രണ്ട് പറഞ്ഞത് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണം എന്നാണ്. അക്കോമഡേഷൻ നൽകാനാകില്ലെന്നും എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങാനുമാണ് അധികൃതർ പറയുന്നത്. ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് ഈ മലയാളി നഴ്‌സുമാർ. ആരുടെയും സഹായം ഇവർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എങ്ങനെ നാട്ടിലേക്കു വരണം എന്നറിയാതെ പകച്ചുനിൽക്കുകയാണിവർ. രണ്ടുവർഷം ജോലിചെയ്ത ഇവർക്ക് വിവിധ ആനുകൂല്യങ്ങളിലായി പണം കിട്ടാനുണ്ട്. എന്നാൽ ഇതൊന്നും തരാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും നഴ്‌സുമാർ പറയുന്നു.

രണ്ടുകൊല്ലം ജോലി ചെയ്തതിന്റെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുപോലും ഇവർക്കു കൊടുത്തിട്ടില്ല. ആഹാരത്തിനുപോലും മറ്റുള്ളവർക്കു മുന്നിൽ തെണ്ടേണ്ട അവസ്ഥയാണുള്ളത്. നഴ്‌സുമാരെ ലിബിയയിൽ എത്തിച്ച എയിംസ് ഇന്റർനാഷണൽ ഏജൻസി പോലും തങ്ങളെ സഹായിക്കുന്നില്ലെന്നു നഴ്‌സുമാർ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായിക്കാതെ ഇവർക്ക് നാട്ടിലെത്തിക്കാൻ ആകാത്ത സാഹചര്യമാണ് നിലവിലുള്ളത്.

കഴിഞ്ഞ കുറേ മാസങ്ങളായി സംഘർഷം തുടരുകയാണ് ലിബിയയിൽ. സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ സർക്കാർ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവർത്തനം ലിബിയയിൽ തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ആറുമാസമായി ഈ പ്രതിസന്ധിക്കു സാക്ഷ്യം വഹിക്കുകയാണ് ലിബിയ. ഇൗ പ്രശ്‌നങ്ങളുടെയെല്ലാം ദുരിതമാണ് ഒരുനേരത്തെ അന്നംതേടി അവിടെയെത്തിയ മലയാളി നഴ്‌സുമാർ.

അതേസമയം, നഴ്‌സുമാരെ നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നത്. ലിബിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. രണ്ടുവർഷത്തെ കരാറുമായി 2012ലാണ് മലയാളി നഴ്‌സുമാർ ലിബിയയിൽ എത്തിയത്. വിസാ കാലാവധി അവസാനിച്ചതിനാൽ മടങ്ങി വരാനും കഴിയാത്ത അവസ്ഥയിലാണ് ഇവർ. നഴ്‌സുമാരെ നാട്ടിലെത്തിക്കാനുള്ള നടപടിയെടുക്കുമെന്നാണ് നോർക്ക അധികൃതർ പറയുന്നത്.