മെൽബൺ: ഓസ്‌ട്രേലിയയിൽ മലയാളി വൈദികന് കുത്തേറ്റു. ഫാ.ടോമി മാത്യു കളത്തൂരിനാണ് (48) മെൽബണിലെ പള്ളിയിൽ വെച്ച് കുത്തേറ്റത്. വടക്കൻ മെൽബണിലെ ഫോക്നർ വില്യം സട്രീറ്റിലെ കാത്തലിക് ചർച്ചിൽ ഞായറാഴ്ച പ്രാർത്ഥനക്കിടെയാണ് ആക്രമണം.

ഇന്ത്യക്കാരനാണോ എന്ന് ചോദിച്ച ശേഷമായിരുന്നു ആക്രമണം നടത്തിയതെന്നാണ് വിവരം. നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ കുർബാനയ്ക്ക് അവകാശമില്ലെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. നിങ്ങൾ ഹിന്ദുവോ മുസ്‌ളീമോ ആയിരിക്കുമെന്നും ഇയാൾ വിളിച്ചുപറഞ്ഞു. കുറച്ചുദിവസമായി ഇയാൾ പള്ളിക്കുസമീപം ചുറ്റിത്തിരിഞ്ഞ് നടന്നിരുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

അക്രമത്തിന് ശേഷം ഇയാൾ ഓടിരക്ഷപ്പെട്ടു. 60 വയസിനടുത്ത് പ്രായമുള്ള ആളാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇറ്റാലിയൻ വംശജനാണ് കുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. പ്രാഥമിക വിവരങ്ങൾ വച്ച് വംശീയ അതിക്രമമാണെന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാൽ ഇയാൾ പിടിയിലായാലേ ഇക്കാര്യത്തിൽ വ്യക്തതവരൂ എന്ന് പൊലീസ് വ്യക്തമാക്കുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

കുത്തേറ്റ വൈദികൻ മാത്യു കളത്തൂർ ആശുപത്രിയിൽ സുഖംപ്രാപിച്ച് വരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. അക്രമി ഇറ്റാലിയൻ ഭാഷയാണ് സംസാരിച്ചത്. ഇന്ത്യക്കാരനാണെങ്കിൽ നിങ്ങൾ ഹിന്ദുവോ മുസ്‌ളീമോ ആയിരിക്കുമെന്നും നിങ്ങൾക്ക് കുർബാന നടത്താൻ അവകാശമില്ലെന്നും പറഞ്ഞാണ് ആക്രമിച്ചത്. വംശീയ ആക്രമണങ്ങൾ ഇത്തരത്തിൽ മുമ്പും ഉണ്ടായിട്ടുണ്ടെന്നതിനാൽ ഇതും അത്തരത്തിലൊരു സംഭവമാണെന്ന സംശയം ശക്തമായിട്ടുണ്ട്.

എല്ലായ്‌പ്പോഴും ഇടവകക്കാരുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന പിതാവാണ് ഫാ. ടോമി കളത്തൂർ മാത്യു എന്ന് വികാരി ജനറൽ ഗ്രെഗ് ബെന്നെറ്റ് പറഞ്ഞു. കുളത്തൂർ ആശുപത്രിയിൽ സുഖംപ്രാപിച്ചുവരികയാണ്. ഉടൻ തിരിച്ചെത്തും. - അദ്ദേഹം വ്യക്തമാക്കി. അങ്ങേയറ്റം നടുക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നതെന്ന് വിശ്വാസികളും പറയുന്നു.

എല്ലാവരും പൊടുന്നനെയുണ്ടായ അക്രമത്തിൽ ഭയന്നുപോയിയെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും സഭാ വക്താവ് ഷെയ്ൻ ഹീലിയും പ്രതികരിച്ചു. അക്രമം നടത്തി പള്ളിയിലുണ്ടായിരുന്നവർ അമ്പരന്നുനിൽക്കെ അക്രമം നടത്തിയ ശേഷം ഇയാൾ സമീപത്തെ റോഡിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും വംശീയ അക്രമമാണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നുമാണ് അവരുടെ നിലപാട്.