റിയാദ്: സൗദിയിൽ ഒരു മാസം മുമ്പ് അറസ്റ്റിലായ മലയാളി യുവാവിനെ നിരപരാധിത്വം തെളിഞ്ഞതോടെ വിട്ടയച്ചു. ഫേസ്‌ബുക്കിലൂടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിയാദിൽ ജോലി ചെയ്തിരുന്ന യുവാവിനെ ഒരു മാസം മുമ്പാണ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.

താമസാനുമതി രേഖയുടെ (ഇഖാമ) നമ്പറിലെടുത്ത ഇന്റർനെറ്റ് വൈഫൈ സൗകര്യം ഉപയോഗിച്ച് മറ്റാരോ ചെയ്ത പ്രവൃത്തിയാണു വിനയായത്. മലസ് ജയിലിൽ നിന്നു തർഹീലിലേക്ക് (നാടുകടത്തൽ കേന്ദ്രം) മാറ്റാനുള്ള നീക്കത്തിനിടെ സംഭവമറിഞ്ഞ് സാമൂഹിക പ്രവർത്തകർ സഹായമെത്തിക്കുകയായിരുന്നു. ഇവർ സ്പോൺസറുമായി ആശയവിനിമയം നടത്തിയാണ് മോചനം സാധ്യമാക്കിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ ഇട്ടെന്നായിരുന്നു കുറ്റം.

ദൃശ്യങ്ങൾ ഷെയർ ചെയ്തത് ഇയാളുടെ ഫേസ്‌ബുക്ക് പേജിലായിരുന്നില്ല. വൈഫൈ ഇന്റർനെറ്റ് കണക്ഷൻ സ്വന്തം പേരിലായതാണു ജയിലിലെത്തിച്ചത്. ഇക്കാര്യങ്ങൾ കോടതിയിൽ മലയാളം പരിഭാഷകന്റെ സഹായത്തോടെ തെളിയിക്കാനായതോടെയാണ് നിരപരാധിത്വം തെളിയിക്കാനായത്.

സൗദിയിൽ സാമൂഹിക മാദ്ധ്യമങ്ങളിലെ ചിത്രങ്ങളും വീഡിയോകളും നിരീക്ഷണത്തിലാണ്. തീവ്രവാദം, മതനിന്ദ, അശ്ലീലം തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും നടപടിയെടുക്കും.