കുവൈറ്റ്‌സിറ്റി: ഗൾഫ് കേന്ദ്രീകരിച്ചുള്ള മലയാളിയുടെ പെൺവാണിഭ മാഫിയയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. പ്രമുഖ മലയാള യുവനടിക്ക് ബന്ധമുള്ള മലയാളി യുവതികൾ അടക്കമുള്ള അനാശാസ്യസംഘത്തെ കുവൈറ്റിൽ പൊലീസ് പിടികൂടിയതോടെയാണ് ഇത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ എട്ടു പേരാണ് പിടിയലായത്.

പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്നവരാണ് കുടുങ്ങിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മലയാളത്തിലെ ഒരു യുവനടിക്ക് സംഘവുമായി ബന്ധം ഉണ്ടെന്ന് കുവൈറ്റ് പൊലീസിന് അറിവ് കിട്ടിയത്. ഈ വിവരം കേരളാ പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ ചോദ്യം ചെയ്‌തേയ്ക്കും. എന്നാൽ വിവരം സ്ഥിരീകരിക്കാൻ കഴിയാത്തതിനാൽ പൊലീസ് ഈ നടിയുടെ പേര് പുറത്തുവന്നിട്ടില്ല.

ജലിബ് അൽ ശുവൈക്കിൽ നിന്നുമാണ് ഇവർ അറസ്റ്റിലായത്. റെയ്ഡിന് ചെന്നപ്പോൾ പൂർണ്ണ നഗ്‌നരായ മൂന്ന് പ്രവാസി യുവതികളെ പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ അഞ്ചു യുവാക്കൾക്കൊപ്പം അപ്പോൾ തന്നെ പൊലീസ് പിടികൂടി. വേശ്യാലയങ്ങൾ നിയമവിരുദ്ധമായ കുവൈറ്റിൽ വലിയ രീതിയിൽ അനാശാസ്യം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു റെയ്ഡ്.

മലയാളി പെൺകുട്ടികളെ കടത്തികൊണ്ട് വന്ന് ഗൾഫിൽ അനാശാസ്യം നടത്തുന്ന മാഫിയ സജീവമാണ്. ഓൺലൈൻ പെൺവാണിഭം പുറത്തായതോടെ ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ കുവൈറ്റുമായി ബന്ധപ്പെട്ട് അന്നൊന്നും ഇത്തരത്തിൽ സൂചന ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പുതിയ വിവരത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന.