- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് അപകടം; മരിച്ചവരിൽ മലയാളി സൈനീകനും; അപകടത്തിൽ പെട്ടത് പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജൽ; 7 പേർ മരണപ്പെട്ട അപകടത്തിൽ 19 പേർക്ക് പരിക്ക്

ന്യൂഡൽഹി: ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് നടന്ന അപകടത്തിൽ മരിച്ച സൈനികരിൽ മലയാളിയും.പരപ്പനങ്ങാടി സ്വദേശി കെപി എച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജൽ ആണ് മരിച്ചത്.41 വയസ്സായിരുന്നു.26 പേർ ഉൾപ്പെട്ട അപകടത്തിൽ 7 സൈനീകർ മരണപ്പെടുകയും 19 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ചിലർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒൻപതിനാണു സംഭവം.
റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിനായ വ്യോമസേനയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
രക്ഷാപ്രവർത്തനത്തിലൂടെ 26 പേരെയും പുറത്തെടുത്ത് പാർതാപൂരിലെ 403 ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഏഴ് പേർ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ 19 ജവാന്മാരെ വിമാനമാർഗം ചണ്ഡീഗഡിലേക്ക് മാറ്റിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
പരിക്കേറ്റവർക്ക് ചികിത്സാ നൽകാൻ വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ ഗുരുതരമായവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിന് വ്യോമസേനയിൽ നിന്ന് സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.


