ദുബായ്: ദുബായിൽ പനി ബാധിച്ച് മലയാളി വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ താണ സ്വദേശിനി ആലിയ നിയാസ് അലി (17)യാണ് പനിയെ തുടർന്നുണ്ടായ സങ്കീർണ്ണതകൾ കാരണം മരണമടഞ്ഞത്. ദുബായ് ഇന്ത്യൻ ഹൈസ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആലിയ. ഇക്കഴിഞ്ഞ തിങ്കളാഴ്ച വരെ ആലിയ സ്‌കൂളിൽ പോയിരുന്നു. പിന്നീടാണ് പനി മൂർച്ഛിച്ചതിനെ തുടർന്ന് ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സ തേടിയത്.

ചൊവ്വാഴ്ച രാത്രിയൊടെ ആലിയ മരണമടയുകയും ചെയ്തു. കൃത്യമായ മരണകാരണം അറിവായില്ലെങ്കിലും പനികാരണമുണ്ടായ സങ്കീർണതകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30-ന് അൽ ഖൂസിൽ നടന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ മലയാളി വിദ്യാർത്ഥിനിയാണ്് ദുബായിൽ പനിയെ തുടർന്ന് മരണമടയുന്നത്. ഇത്ദുബായിലെ മലയാളി സമൂഹത്തെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.

തിങ്കളാഴ്ച വരെ സ്‌കൂളിൽ പോയ ആലിയയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് പനി മൂർച്ഛിച്ചതും ആശുപത്രിയിൽ ചികിത്സ തേടുന്നതും. എന്നാൽ ആശുപത്രിയിൽ പ്രവേശിച്ച് ഏതാനും ചികിത്സകൾ നടക്കുന്നതിനിടെ തന്നെ മരണം സംഭവിക്കുക ആയിരുന്നു. ആലിയയുടെ പിതാവ് നിയാസ് അലി ജബൽ അലിയിൽ ദുബായ് ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനം നടത്തുകയാണ്. മാതാവ്: ഫരീദ നിയാസ്. സഹോദരങ്ങൾ: അമൻ അലി, അസാം അലി, അയാൻ അലി.

നാലാം ക്ലാസ് വിദ്യാർത്ഥിനിയായ മലയാളി അമീന ഷറഫ് രണ്ടാഴ്ച മുൻപ് പനിയും വൈറൽ ബാധയും മൂലം മരിച്ചിരുന്നു. ദുബായിലെ മിക്ക സ്‌കൂൾ അധികൃതരും രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളിൽ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ നൽകണമെന്നും സ്‌കൂളിലേക്ക് അയയ്ക്കരുതെന്നും അധികൃതർ അറിയിച്ചു. കുട്ടികൾക്ക് ഫ്‌ളൂവിനുള്ള പ്രതിരോധ കുത്തിവെപ്പ് നിർബന്ധമായും എടുക്കണമെന്ന് ആരോഗ്യപ്രവർത്തകർ നിർദേശിച്ചു.