- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിപ്പബ്ലിക്ക് പരേഡിന് സാക്ഷിയാവാൻ ഇത്തവണ മലയാളി വിദ്യാർത്ഥികളും; പ്രധാനമന്ത്രിക്കൊപ്പം പരേഡ് കാണുക 7 മലയാളി വിദ്യാർത്ഥികൾ; അവസരം കൈവന്നത് സിബിഎസ്സി പരീക്ഷയിലെ ഉയർന്ന മാർക്കോടെ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റിപ്പബ്ലിക്ദിന ചടങ്ങു കാണാൻ കേരളത്തിലെ 7 മിടുക്കരും.ആകെ 50 വിദ്യാർത്ഥികൾക്കാണ് പരേഡ് നേരിട്ട് വീക്ഷിക്കാൻ അവസരം ലഭിക്കുക. ഇതിലാണ് ഈ എഴുപേർ ഉൾപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയിൽ ദേശീയതലത്തിൽ ഓരോ വിഷയത്തിലും ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയതോടെയാണ് ഇവർക്ക് ഈ അവസരം ലഭിച്ചത്. പ്രധാനമന്ത്രിക്കും മറ്റു വിശിഷ്ട വ്യക്തികൾക്കുമൊപ്പം 'പിഎം ബോക്സിൽ' ഇരുന്നാവും ചടങ്ങു വീക്ഷിക്കുക. യാത്ര, താമസ ചെലവുകൾ കേന്ദ്രസർക്കാർ വഹിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റും ലഭിക്കും.
ഹ്യുമാനിറ്റീസിൽ ഉന്നതമാർക്ക് നേടിയ തൃശൂർ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ ലക്ഷ്മി നായർ, നിർമല ജെൻസൻ, തിരുവനന്തപുരം നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയത്തിലെ ശ്രേയ സൂസൻ മാത്യു,എറണാകുളം കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ നിയ സൂസൻ ചാലി, കൊമേഴ്സ് വിഭാഗത്തിൽ എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലെ അലിഷ പി. ഷാജി, കണ്ണൂർ ചാല ചിന്മയ വിദ്യാലയത്തിലെ ഫറാഷ ഫാത്തിമ,കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം ടി.ആർ. അഭിജിത്ത് എന്നിവരാണ് കേരളത്തിൽനിന്നു ക്ഷണം ലഭിച്ചവർ.
ഇതിനൊപ്പം ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടും തെരഞ്ഞെടുക്കപ്പെട്ടു. കൊയർ ഓഫ് കേരള എന്നതാണ് വിഷയം. 2013 ൽ ഒന്നാം സ്ഥാനം നേടിയതിനു ശേഷം 2018 ലാണ് കേരളത്തിന് ഫ്ലോട്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. ഡൽഹി കാന്റ് 10 ലെ രംഗശാല ക്യാമ്പിലാണ് ഫ്ലോട്ട് ഒരുങ്ങുന്നത്. 17 സംസ്ഥാനങ്ങളും തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുമാണ് ഇക്കുറി ഫ്ലോട്ടുകൾ അവതരിപ്പിക്കുന്നത്. കേരളത്തിനു പുറമെ ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഛത്തിസ്ഗർ, ഡൽഹി, ഗുജറാത്ത്, കർണാടക, ലഡാക്ക് (യു. റ്റി.) മഹാരാഷ്ട്ര, പഞ്ചാബ്, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ എന്നിവയാണ് ഫ്ളോട്ടുകൾ അവതരിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ