- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് ആഗോള ഭീമൻ ഹ്യുവായ് നടത്തിയ മത്സരത്തിൽ വിജയിയായതു ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ; നയിച്ചത് മലയാളി പയ്യന്മാരും; ലോകത്തെ ഒന്നരലക്ഷം വിദ്യാർത്ഥികളെ തോൽപ്പിച്ച അമൽ ബേബിയും ഷിബിലും മലയാളികൾക്ക് അഭിമാനമാകുമ്പോൾ; ലോകത്തെ ഭക്ഷണ ക്ഷാമം മാറ്റാൻ സെൻസർ കൃത്രിമ ബുദ്ധിക്ക് സാധിക്കുമെന്ന് അമലും ഷിബിലും
ലണ്ടൻ: ലോകത്തെ ഭീമൻ ടെക് കമ്പനിയായ ഹ്യുവെയ് (മലയാളത്തിൽ വവായ് എന്നും വിളിക്കപ്പെടുന്നു) യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ യൂറോപ് റീജിയനിൽ വിജയികളായതു രണ്ടു ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ. കംപ്യുട്ടർ സയൻസ് വിദ്യാർത്ഥികളെ പ്രധാനമായും പങ്കെടുത്ത മത്സരത്തിൽ റെഡിങ് യൂണിവേഴ്സിറ്റി ഒന്നാം സ്ഥാനത്തും മിഡില്‍സെക്സ് യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനത്തും എത്തിയപ്പോൾ അതിൽ മലയാളികൾക്ക് കയ്യടിക്കാനും ഒരവസരം. അദ്ധ്യാപകനും വിദ്യാർത്ഥികളും ചേർന്ന നാലംഗ മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയുടെ സംഘത്തിൽ രണ്ടു വിദ്യാർത്ഥികൾ മലയാളികൾ ആണെന്നത് യുകെ മലയാളികൾക്ക് അഭിമാന നേട്ടമായി മാറുകയാണ്. ഇതിൽ അമൽ ബേബിയുടെ കുടുംബം ബ്രിട്ടനിലെ യോർക്കിലും മുഹമ്മദ് ഷിബിൽ റഷീദ് കൊയിലാണ്ടി സ്വദേശികളുമാണ്.
അന്താരഷ്ട്ര തലത്തിൽ മലയാളി തലച്ചോറിന് പകരം വയ്ക്കാൻ അധികം എതിരാളികൾ ഉണ്ടാകാറില്ല എന്ന വസ്തുതയാണ് ഒരിക്കൽ കൂടി ലോകമെങ്ങും ഉള്ള വിദ്യാർത്ഥികൾ മാറ്റുരച്ച ഈ മത്സരത്തിലൂടെ തെളിയുന്നതും . കംപ്യുട്ടർ സിസ്റ്റം എൻജിനിയറിങ് അവസാന വർഷ വിദ്യാർത്ഥികൾ കൂടിയാണ് അമലും ഷിബിലും . കണക്ഷൻ , ഗ്ലോറി , ഫ്യുച്ചർ എന്ന പ്രമേയം ആസ്പദമാക്കിയാണ് ഇത്തവണത്തെ മത്സരം നടന്നത് . കഴിഞ്ഞ അഞ്ചു വർഷമായി ലോകത്തെ ടെക് പ്രതിഭകളെ കണ്ടെത്താൻ വേണ്ടിയാണു വാവെയ് ഈ മത്സരം സംഘടിപ്പിക്കുന്നത് . രണ്ടായിരം കോളേജുകളും യൂണിവേഴ്സിറ്റികളും പങ്കെടുത്ത മത്സരങ്ങളിൽ 82 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ഉണ്ടായി എന്നതും പ്രത്യേകതയാണ് .
ലോകത്തെ ഭക്ഷണ ക്ഷാമം മാറ്റാൻ കൃത്രിമ ബുദ്ധിക്കാകുമോ?
ലോകമെങ്ങും സെൻസർ സാങ്കേതിക വിദ്യ ആശ്രയിക്കുന്ന കാലമാണിപ്പോൾ . ഈ വഴിക്കു തന്നെയാണ് അമലും ഷിബിലും അടങ്ങുന്ന സംഘവും ചിന്തിച്ചത് . തങ്ങളുടെ അവസാന വര്‍ഷ പ്രോജക്ടിന്റെ ഭാഗമായി തയാറാക്കിയ സ്മാർട്ട് ഗ്രീൻ ഹൗസ് സാങ്കേതിക വിദ്യ തന്നെയാണ് ഈ കംപ്യുട്ടർ സയൻസ് വിദ്യാർത്ഥികൾ ആഗോള മത്സരത്തിന് നല്കിയയതും . കോഴ്സ് ടൂട്ടർ പൂരവ് ഷായും പൂർണ പിന്തുണ നൽകിയതോടെ മത്സരത്തിൽ ആവേശത്തോടെയാണ് തങ്ങൾ പങ്കെടുത്തതെന്നു അമലും ഷിബിലും പറയുന്നു . ഒരു പക്ഷെ ഭാവിയിൽ ലോകത്തെ ഭക്ഷണ ഉത്പാദക കമ്പനികൾക്ക് ആശ്രയിക്കാവുന്ന കണ്ടെത്തൽ അയി മാറുകയാണ് അമലിന്റെയും ഷിബിലിന്റെയും സെൻസർ നിയന്ത്രിത ഗ്രീൻ ഹൗസ് പ്രോട്ടോ ടൈപ്പ് സാങ്കേതിക വിദ്യ . കാർഷിക രംഗത്ത് ആധുനികത എത്രമാത്രം വിപ്ലവകരമായ മാറ്റം ഉണ്ടാക്കും എന്നതിന്റെ കൂടി ഉദാഹരണമാകുകയാണ് സെൻസർ സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഗ്രീൻ ഹൗസ്.
തങ്ങളുടെ പരീക്ഷണ ശാലയിലെ ഗ്രീൻ ഹൗസിൽ വളർത്തിയ റാസ്പറി ചെടി അതിനാവശ്യമായ ചൂടും വെളിച്ചവും വെള്ളവും ഒക്കെ സെൻസർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വീകരിക്കുന്നതായിരുന്നു പരീക്ഷണത്തിന്റെ കാതൽ . പരീക്ഷണ ശാലയിലെ ചെടിക്കു വെള്ളവും വെളിച്ചവും ചൂടും ഒക്കെ ആവശ്യമായി വരുമ്പോൾ സെൻസർ സാങ്കേതിക വിദ്യ വഴി അത് കൃത്യമായി നൽകുവാൻ ഈ മിടുക്കർ അടങ്ങുന്ന യുവ ശാസ്ത്ര സംഘത്തിനായി . ചൂട് ക്രമീകരിക്കുവാൻ തയാറാക്കിയ വെന്റിലേറ്ററുകൾ തനിയെ തുറക്കുന്നതും അടയ്ക്കുന്നതും മുതൽ ചെടിക്കു വെള്ളം ആവശ്യം ആകുമ്പോൾ തനിയെ പ്രവർത്തിക്കുന്ന വാട്ടർ പൈപ്പ് വരെ ഇവരുടെ പരീക്ഷണത്തെ ശ്രെധേയമാക്കുകയാണ് .
അനന്തമായ സാദ്ധ്യതകൾ, ലോകം കാത്തിരിക്കുന്ന ഗവേഷണം
ഒരു പക്ഷെ വന്മുതൽ മുടക്കിൽ പ്രവര്തികുന്ന ആഗോള ഭക്ഷ്യോത്പാദന കമ്പനികൾക്ക് കുറഞ്ഞ മുതൽ മുടക്കിൽ നടപ്പാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ആയി മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയിലെ ഈ വിദ്യാർത്ഥികളുടെ കണ്ടെത്തൽ മാറിയേക്കാം . കൃത്രിമ ബുദ്ധിയുടെ സാദ്ധ്യതകൾ ലോകം മുഴുവൻ തിരഞ്ഞു കൊണ്ടിരിക്കുന്ന അവസരത്തിൽ എത്തിയ ഈ കണ്ടെത്തലിനു സ്വാഭാവികമായും ചൈനീസ് ടെക് ഭീമൻ കയ്യടി നൽകിയതും വെറുതെയാകില്ല . ഹൈബ്രിഡ് സാങ്കേതിക വിദ്യക്കൊപ്പം മനുഷ്യ സഹായം ആവശ്യമില്ലാതെയോ കുറഞ്ഞ അളവിലോ മാത്രം ഈ സാങ്കേതിക വിദ്യ വഴി സാധ്യമാക്കാൻ കഴിഞ്ഞാൽ ഭക്ഷണ ഉൽപ്പാദന ചെലവ് അനേക മടങ്ങു കുറയ്ക്കാൻ കഴിയുമെന്നത് വലിയ നേട്ടമായി മാറുകയും ചെയ്യും . ഇതിന്റെ നേരിട്ടുള്ള പ്രയോജനം മാർക്കറ്റിൽ എത്തുന്ന ഭക്ഷണ വിഭവങ്ങളിൽ പച്ചക്കറിക്കും ധാന്യങ്ങൾക്കും എല്ലാം വിലക്കുറവ് എന്ന മട്ടിലാകും സാധാരണക്കാർക്ക് അനുഭവപ്പെടുക എന്നതാണ് ഏറ്റവും പ്രധാനമായി മാറുന്നതും . അതിനാൽ തന്നെ അമലും ഷിബിലും കണ്ടെത്തിയ സാങ്കേതിക നേട്ടത്തിന്റെ പൂർണ വിവരങ്ങൾ ഇപ്പോൾ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുവാനും സാധിക്കില്ല . കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾ ആവശ്യമായ ഘട്ടത്തിലാണ് ഇവരുടെ നേട്ടം എത്തി നില്കുന്നത് .
യോർക്കിനു അഭിമാനമായി അമൽ , കൊയിലാണ്ടിക്കാർക്കു ഷിബിലും
മിഡിൽസെക്സിൽ പഠിക്കുന്ന യോർക്കിലെ അമൽ ബേബിയും കൊയിലാണ്ടിയിൽ നിന്നും കുവൈറ്റിലും അവിടെ നിന്നും മിഡിൽസെക്സിൽ എത്തിയ ഷിബിൽ റഷീദും ചേർന്ന സംഘമാണ് അസൂയാര്‍ഹമായ ഈ നേട്ടം സ്വന്തമാക്കിയത് . ഇരുവരും ചേർന്ന നാലംഗ ടീം യൂറോപ്പിലെ രണ്ടാം സ്ഥാനക്കാരായതിന്റെ ആഹ്ലാദം പങ്കിടുകയാണ് ഇപ്പോൾ . ചാലക്കുടി കറുകുറ്റി സ്വദേശിയായ പൗലോസ് തേലപ്പള്ളി ബേബിയുടെയും ഡോളിയുടെയും മകനാണ് അമൽ . ഏക സഹോദരി ജൂലിയ ബേബി ഇപ്പോൾ എ ലെവൽ അവസാന വർഷ വിദ്യാർത്ഥിയാണ് . യോർക്ക് ഹോസ്പിറ്റലിൽ സീനിയർ സ്റ്റാഫ് നേഴ്സാണ് ഡോളി . കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ആയി യുകെ മലയാളികകളാണ് ഈ കുടുംബം .
പാരമ്പര്യമായി ബിസിനസ് കുടുംബമാണ് ഷിബിലിന്റേതു . പിതാവ് അബ്ദുൽ റഷീദ് കുവൈറ്റിൽ തക്കാര ഗ്രൂപ് എന്ന പേരിൽ ഹോട്ടൽ ബിസിനസ് നടത്തുമ്പോൾ മുത്തച്ഛൻ ഉസ്മാൻ ഹാജി യുകെയിലെ ആദ്യകാല കുടിയേറ്റക്കാരൻ കൂടിയാണ് .1960 കളിലാണ് ഷിബിലിന്റെ മുത്തച്ഛൻ യുകെയിൽ എത്തുന്നത് . ഇദ്ദേഹത്തിന്റെ പേരിലാണ് യുകെയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ ഇന്ത്യൻ റെസ്റ്റോറന്റ് . ഹലാൽ റെസ്റ്റോറന്റ് എന്ന പേരിൽ ഇത് പ്രസിദ്ധവുമാണ് .