പത്തനംതിട്ട: യുഎഇയുടെ ലോകകപ്പ് ക്രിക്കറ്റിൽ ടീമിൽ കളിച്ച മലയാളികളെയും ഇന്ത്യാക്കാരെയും കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അവർക്കൊന്നും സ്വന്തം ടീമിന് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, കുവൈറ്റിന്റെ വനിതാ ക്രിക്കറ്റ് ടീമിൽ അംഗമായ മലയാളി യുവതി അവർക്ക് വേണ്ടി നേട്ടങ്ങൾ കൊയ്യുകയാണ്. പത്തനംതിട്ട അഴൂർ കുരുമ്പേലിൽ വീട്ടിൽ സന്തോഷിന്റെ ഭാര്യ കലൈവാണി(39)യാണ് വിദേശത്തെ പിച്ചുകളിൽ വിജയം കൊയ്ത താരം.

കുവൈറ്റിലെ ഇന്ത്യൻ പബ്ലിക് സ്‌കൂളിൽ ഒമ്പതു വർഷമായി കായിക അദ്ധ്യാപികയാണ് കല. കുവൈറ്റിന് ആദ്യമായി രാജ്യാന്തര തലത്തിൽ വനിതാ ക്രിക്കറ്റ് കിരീടം നേടിക്കൊടുത്തു കൊണ്ടാണ് കല ശ്രദ്ധേയായത്. കല അംഗമായ കുവൈറ്റ് ദേശീയ വനിതാ ടീം നവംബറിൽ തായ്‌ലൻഡിൽ നടന്ന ചിയാങ്മയ് രാജ്യാന്തര ടൂർണമെന്റിൽ കിരീടം ചൂടി. 2014 ൽ ഒമാനിൽ ടി-20 വനിതാ ക്രിക്കറ്റിൽ കുവൈറ്റ് റണ്ണർ അപ്പായപ്പോൾ അവിടെയും കലയുണ്ടായിരുന്നു. നെൽസൺ മണ്ഡേല ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച ഫീൽഡറിനുള്ള പുരസ്‌കാരം ലഭിച്ചു.

2011 ൽ തായ്‌ലൻഡിൽ എസിസി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലും കുവൈറ്റിലെ ദക്ഷിണാഫ്രിക്കൻ എംബസി സംഘടിപ്പിച്ച നെൽസൺ മണ്ടേല ട്രോഫിയിലും കുവൈറ്റിന് വേണ്ടി കളത്തിലിറങ്ങി. ഫുട്‌ബോൾ കമ്പക്കാരുടെ നാട്ടിൽ ക്രിക്കറ്റ് പിച്ചവച്ചു തുടങ്ങുന്നതേയുള്ളൂ. കുവൈറ്റ് ടീമിൽ സ്വദേശിയായി ഒരാൾ മാത്രമാണുള്ളത്. ഇക്കഴിഞ്ഞ 12 മുതൽ 21 വരെ നടന്ന യുഎഇ ക്രിക്കറ്റ് ടൂർണമെന്റിൽ ടീമിനെ നയിച്ചത് കലയായിരുന്നു. ക്രിക്കറ്റ് ലെവൽ ടു കോച്ച് കൂടിയായ കലൈവാണി തനിമ കുവൈത്ത് അസോസിയേഷൻ ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റ്, ബ്ലസൻ ജോർജ് വോളിബോൾ ടൂർണമെന്റ് എന്നിവയുടെ പാനൽ അംഗം കൂടിയാണ്. കുവൈറ്റിലെ പത്തനംതിട്ട ജില്ലാ അസോസിയേഷൻ വനിതാ വിഭാഗം ചെയർപേഴ്‌സണാണ്.

തിരുവനന്തപുരം ലക്ഷ്മിഭായി നാഷണൽ കോളജിൽ നിന്ന് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ കല അന്തർദേശീയ തലത്തിൽ നടന്നിട്ടുള്ള വോളിബോൾ, ഫുട്‌ബോൾ, ക്രിക്കറ്റ് മത്സരങ്ങളിൽ കേരള യൂണിവേഴ്‌സിറ്റിയെ നയിച്ചു. 1993 മുതൽ 99 വരെ കേരളാ യൂണിവേഴ്‌സിറ്റിയിൽ അത്‌ലറ്റിക്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, വോളിബോൾ, ക്രിക്കറ്റ്, ഫുട്‌ബോൾ ടീം അംഗമായിരുന്നു. നമീബിയയിൽ നടക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് കല.