റിയാദ്: ദിവസങ്ങൾ നീണ്ട ചികിത്സകൾക്കൊടുവിൽ വിഷ ഉറുമ്പു കടിച്ച സൗദി അറേബ്യയിലെ മലയാളി യുവതി മരണത്തിന് കീഴടങ്ങി. കരുവാറ്റ ഫിലാഡൽഫിയിൽ(മാമൂട്ടിൽ) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജെഫിയാണ് (33) വിഷ ഉറുമ്പിന്റെ കടിയേറ്റ് മരിച്ചത്. വിഷ ഉറുമ്പ് കടിച്ചഉടൻ തന്നെ ശരീരം മുഴുവൻ ചൊറിഞ്ഞു തടിക്കുകയും ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു.

അസ്വസ്ഥതകൾ അനുഭവപ്പെട്ട സൂസിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങൾ നീണ്ട ചികിത്സകൾക്കൊടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിഷഉറുമ്പ് കടിച്ചപ്പോൾ ശരീരത്തിനുണ്ടായ അലർജിയാണ് മരണ കാരണമായത്. സൂസിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ദിവസം ചെല്ലുന്തോറും നില കൂടുതൽ വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സൂസി മരണത്തിന് കീഴടങ്ങിയത്.

സൗദിയിൽ ജോലിയുള്ള ഭർത്താവ് ജഫിനൊപ്പമായിരുന്നു സൂസിയും മക്കളും ദീർഘകാലമായി താമസിച്ചിരുന്നത്. കഴിഞ്ഞ 19നാണ് വീടിനുള്ളിൽ വച്ച് സൂസിയെ വിഷ ഉറുമ്പ് കടിച്ചത്. കഴിഞ്ഞ മാർച്ചിലാണ് ഭർത്താവിനും മക്കൾക്കുമൊപ്പം സൂസി അവസാനമായി നാട്ടിൽ എത്തിയത്. സംസ്‌കാരം പിന്നീട് നാട്ടിൽ നടക്കും. മക്കൾ: ജോഹന്ന, ജോ.

സൂസിയുടെ മരണത്തോടെ ആശങ്കയിലായിരിക്കുകയാണ് സൗദിയിലെ മലയാളി സമൂഹം. വിഷ ഉറുമ്പ് വീട്ടിലെത്തി ആക്രമിച്ചതാണ് മലയാളി സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാക്കിയിരിക്കുന്നത്. മക്കളും കുടുംബവും ആയി താമസിക്കുന്ന വീടുകളിലേക്ക് വിഷ ഉറുമ്പുകൾ എത്തുമോ എന്ന ഭീതി ഇപ്പോൾ തന്നെ എല്ലാവരിലും പരന്നു കഴിഞ്ഞു.

വിഷ ഉറുമ്പിന്റെ ആക്രമണം നേരത്തെയും പലവട്ടം ഉണ്ടായിട്ടുണ്ട്. വളരെ അപകടകാരിയായ സാംസം ഉറുമ്പാണ് സൂസിയെ കടിച്ചത്. ശ്വാസകോശത്തിന് ചുറ്റുമുള്ള കലകളെയാണ് ഈ ഉറുമ്പിൻ വഷം ബാധിക്കുന്നത്. ഈ ഉറുമ്പ് കടിച്ചാൽ ഉടൻ തന്നെ അലർജി ഉണ്ടാവാതിരിക്കാനുള്ള മരുന്നുകൾ നൽകുകയും ഉടൻ തന്നെ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമാണ് വേണ്ടത്. എന്നാലും ഓരോരുത്തരുടെയും ശരീരത്തിന്റെ ഘടനയനുസരിച്ച് മരണം വരെ സംഭവിച്ചെന്നു വരാം.

ഈ ഉറുമ്പുകൾ കടിച്ചാൽ കൂടുതലായി അലർജി വരാൻ സാധ്യത കുട്ടികളിലാണ്. അതിനാൽ തന്നെ നമ്മൾ വളരെ അധികം സൂക്ഷിക്കേണ്ടതായിട്ടുണ്ട്. പാർക്കിലും പുറത്തും ഒക്കെ കുട്ടികളുമായി പോകുമ്പോൾ അതിനാൽ തന്നെ വളരെ അധികം ശ്രദ്ധ പുലർത്തുകയും വേണം.

ഒമാനിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. അന്ന് മലയാളിയായ കൗസല്യ എന്ന ലേഡി ഡോക്ടറാണ് മരിച്ചത്. വർഷങ്ങളായി ഒമാനിൽ ജോലി ചെയ്തിരുന്ന ഗൈനക്കോളജിസ്റ്റായിരുന്നു ഇവർ. അത്തരം അപകടകാരികളായ പ്രാണികൾ കടിച്ചാൽ നാട്ടു വൈദ്യമാണ് ഫലപ്രദമെന്നാണ് ഒമാനിലെ ജനങ്ങൾ പറയുന്നത്.

അലോപ്പതി മരുന്നുകൾ ഈ അവസ്ഥ വഷളാക്കുകയും മരണ കാരണമാവുകയും ചെയ്യുന്നു എന്ന് ഒമാനികൾ വിശ്വസിക്കുന്നു. അതിനാൽ തന്നെ വിഷ ഈച്ച പോലുള്ള അപകടകാരികളായ ഷഡ്പദങ്ങൾ കടിച്ചാൽ നാട്ടു വൈദ്യത്തെയാണ് ഇവിടുത്തെ ജനങ്ങൾ പൊതുവേ ആശ്രയിക്കുക.