കുവൈറ്റ്: മക്കൾക്ക് നൽകാനുള്ള സമ്മാനപ്പൊതി കൂട്ടുകാരനു നൽകി തിരിച്ചിറങ്ങിയ യുവാവ് ലിഫ്റ്റിൽ കുരുങ്ങി മരിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശിയായ നവാസ് (34) ആണ് ഇന്നലെ രാവിലെ
 അതി ദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ ഫ്ളാറ്റിൽ വച്ചായിരുന്നു അപകടം.

നാട്ടിലേക്ക് മടങ്ങുന്ന സുഹൃത്തിന്റെ കൈയിൽ മക്ക്ൾക്ക് ഉള്ള സമ്മാനം കൊടുത്തയക്കാൻ എത്തിയതായിരുന്നു നവാസ്. സമ്മാനപ്പൊതി കൂട്ടു കാരന് നൽകി തിരികെ ലിഫ്റ്റിനകത്തേക്ക് കയറാൻ സ്വിച്ച് അമർത്തിയപ്പോൾ ഡോർ തുറന്നു വന്നു. സാധാരണപോലെ നവാസ് ലിഫ്റ്റിനകത്തേക്ക് കയറി. പക്ഷേ, ലിഫ്റ്റ് തകരാറിലായിരുന്നു. ലിഫ്റ്റിലേക്ക് കാലെടുത്തു വച്ച നവാസ് താഴേക്ക് പതിച്ചു. തുടർന്ന് മുകളിലായുണ്ടായിരുന്ന ലിഫ്റ്റ് തലയിലേക്ക് പതിക്കുകയായിരുന്നു.

ലിഫ്റ്റിനടിയിൽ ഞെരിഞ്ഞമർന്ന നവാസിന്റെ മൃതദേഹം സമീപ വാസികൾ വിവരം അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. 4 മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഫയർഫോഴ്സ് ഇക്കാര്യം സാധിച്ചത്.

കഴിഞ്ഞ 9 വർഷമായി കുവൈറ്റിലുണ്ടായിരുന്ന നവാസ് മംഗഫിൽ സ്‌കൂൾ കുട്ടികൾക്കായി ട്രാൻസ്പോർട്ടേഷൻ നടത്തി വരികയായിരുന്നു. രണ്ട് പെൺകുട്ടികളാണ് നവാസിനുള്ളത്. സമ്മാനപ്പൊതി കൊടുത്തയക്കുന്ന വിവരം നാട്ടിൽ ഭാര്യയെയും കുട്ടികളെയും വിളിച്ചറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുമ്പ് നവാസിന്റെ ജീവൻ വിധി തട്ടിയെടുക്കുകയായിരുന്നു.