- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുച്ചിറപ്പള്ളിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയിൻകീഴ് സ്വദേശി ദീപു തന്നെ; സ്ഥിരീകരണവുമായി കേരള പൊലീസ്; കൊല്ലപ്പെട്ടത് കേരളത്തിൽ ഒന്നിലധികം കേസുകളിൽ പ്രതിയായ യുവാവ്
തിരുവനന്തപുരം:തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയിൻകീഴ് സ്വദേശി ദീപു തന്നെയെന്ന് കേരള പൊലീസ്. തമിഴ്നാട് പൊലീസിൽനിന്ന് വിവരം ലഭിച്ചതോടെ മലയിൻകീഴ് പൊലീസ് ദീപുവിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയ ശേഷമാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ദീപുവിനെതിരേ മലയിൻകീഴ്, ഫോർട്ട് പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
മലയിൻകീഴ് പൊലീസ് എത്തുമ്പോൾ ദീപുവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണവിവരം അറിഞ്ഞതോടെ ഇരുവരും പൊട്ടിക്കരഞ്ഞു. ഒരു വർഷത്തിലേറെയായി ദീപു വീട്ടിൽ വരാറില്ലെന്നാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ മൊഴി. കഴിഞ്ഞവർഷം ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ദീപുവും പ്രതിയായിരുന്നു. ഇതിനുപിന്നാലെയാണ് മകൻ ഒളിവിൽപോയതെന്നും മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. ദീപുവിനെതിരേ മലയിൻകീഴ്, ഫോർട്ട് പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. ദീപുവിനൊപ്പമുണ്ടായിരുന്ന അരവിന്ദും ചില കേസുകളിൽ പ്രതിയാണ്. പൂജപ്പുരയിൽ താമസിക്കുന്ന അരവിന്ദ് മിട്ടു അരവിന്ദ് എന്നാണ് അറിയപ്പെട്ടിരുന്നത്.
മോഷണശ്രമത്തിനിടെയാണ് ജനക്കൂട്ടം ഇവരെ മർദ്ദിച്ചതെന്നുമാണ് പൊലീസ് നൽകുന്ന വിവരം.വീട് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് നാട്ടുകാർ ഇവരെ പിടികൂടിയത്. കെട്ടിയിട്ട ശേഷമാണ് ക്രൂരമായി ഇരുവരേയും മർദ്ദിച്ചത്.
പൊലീസ് എത്തിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഇരുവരെയും അടുത്തുള്ള മഹാത്മാഗാന്ധി മെമോറിയൽ ആശുപത്രിയിലെത്തിച്ചെങ്കിലും ദീപു മരണമടഞ്ഞു. അരവിന്ദന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
എന്നാൽ ഇവർ മോഷണം നടത്തിയോ എന്ന് പൊലീസ് സ്ഥിരീകരിച്ചില്ല. ഇവരെ മർദ്ദിച്ച കുറച്ചുപേരെ കസ്റ്റഡിയിലെടുത്തുവെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല. സംഭവം ആൾക്കൂട്ട ആക്രമണമാണെന്നാണ് പൊലീസ് പറയുന്നത്. ഇവർ അല്ലൂര് എത്തിയതെന്തിനെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് ഡെസ്ക്