റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശിയായ വിളക്കുവെട്ടം കല്ലാർ രജീഷ് ഭവനിൽ രഘുനാഥൻപിള്ളയുടെ മകൻ ആർ.ടി രജീഷി(34)നെയാണു താമസസ്ഥലത്തിനടുത്ത് വാഹനത്തിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവാവിന്റെ വീട്ടിൽ വിളിച്ച് പണം ആവശ്യപ്പെട്ടതായുള്ള പരാതിയിൽ രജീഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മലയാളിയായ കമ്പനി മാനേജരെ കസ്റ്റഡിയിലെടുത്തു. മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ എംബസിയെ സമീപിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ബന്ധുക്കളെ രജീഷിന്റെ മരണവിവരം അറിയിച്ചത്. എട്ട് വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന രജീഷ് വിവാഹത്തിനുശേഷം രണ്ടു വർഷമായി റാസൽഖൈമയിൽ ഭക്ഷ്യധാന്യപ്പൊടികളുടെ കമ്പനിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ജനുവരി ഒന്നിനു നാട്ടിലേക്കു വരുമെന്നു രജീഷ് വീട്ടുകാരെ അറിയിച്ചിരുന്നു. ബുധനാഴ്ച വീട്ടിലേക്കു ഫോണിൽ വിളിച്ച് അച്ഛനോടും ഭാര്യയോടും സംസാരിക്കുകയും ചെയ്തു. അന്ന് രാത്രിയിലാണ് കുത്തേറ്റ് മരിച്ചത്.

താമസ സ്ഥലത്ത് സെയിൽസ് വാഹനത്തിലിരുന്നാണ് രജീഷ് നാട്ടിലുള്ളവരെ ഫോണിൽ വിളിക്കാറുള്ളത്. പുലർച്ചെ മുറിയിൽ ഇയാളെ കാണാത്തതിനാൽ ഒപ്പമുള്ളവർ നടത്തിയ തിരച്ചിലിലാണ് വാഹനത്തിൽ മൃതദേഹം കണ്ടെത്തിയത്. സെയിൽസ് വാഹനത്തിലെ കളക്ഷൻതുകയും നഷ്ടപ്പെട്ടിട്ടുള്ളതായാണ് വിവരം. കഴിഞ്ഞ ദിവസം കമ്പനിയുടെ മാനേജറായ മലയാളി രജീഷിന്റെ വീട്ടിൽ ഫോൺ വിളിച്ച് 24 ലക്ഷം രൂപ വേണം എന്ന് ആവശ്യപ്പെട്ടിരുന്നുു.

രജീഷിന്റെ സഹോദരനും റാസൽഖൈമയിലാണ് ജോലി. സഹോദരനാണ് മാനേജർക്കെതിരെ പരാതി നൽകിയത്. തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പണം ആവശ്യപ്പെട്ടത് ഇയാൾ നിഷേധിച്ചുവെങ്കിലും വീട്ടിലേക്ക് വിളിച്ചത് കണ്ടെത്തി. 15 മാസമായി രജീഷ് നാട്ടിലേക്ക് പണം അയച്ചിരുന്നില്ല. ഈ തുക മാനേജർ വാങ്ങുകയായിരുന്നുവെന്നാണ് വിവരമെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം അജ്മാനിലെ മോർച്ചറിയിലാണ്. സഹോദരന് പോലും ഇതുവരെ മൃതദേഹം കാണാൻ കഴിഞ്ഞില്ല. രജീഷിന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.

രജീഷിന് സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും ദുരൂഹ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ എംബസിയെ സമീപിച്ചിട്ടുണ്ട്.രഘുനാഥൻ പിള്ള തങ്കമ്മ ദമ്പതികളുടെ മകനാണ്. സരുണ്യയാണ് ഭാര്യ.