- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീശപിരിച്ച് ഋഷിരാജ് സിങ്, സൗന്ദര്യം കൂടിയതിനാൽ മെറിൻ ജോസഫ്, മയക്കുമരുന്ന് വേട്ടയിൽ നിശാന്തിനി, ഐബിഎൻ അവാർഡിൽ പി വിജയനും.. ഒടുവിൽ ലാത്തിയെടുത്ത യതീഷ് ചന്ദ്രയും: സോഷ്യൽ മീഡിയയിൽ മലയാളികൾക്ക് പൊലീസ് കാക്കിയോട് പ്രേമം കൂടുന്നു
തിരുവനന്തപുരം: മലയാളികൾക്ക് പൊലീസ് കാക്കിയോടുള്ള പ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ കാക്കി കുപ്പായത്തിൽ എത്തിയപ്പോഴൊക്കെ ഇരുകൈയും നീട്ടി അത്തരം സിനിമകൾ പ്രേക്ഷകർ വിജയിപ്പിച്ചിരുന്നു. ഇതിലെ വീരനായകനായി തിളങ്ങിയവരുടെ കൂട്ടത്തിൽ മുന്നിൽ സുരേഷ് ഗോപി തന്നെയാണ്. കേരളത്തിൽ അപ്പുറത്തേക്ക് പോലും കേരള
തിരുവനന്തപുരം: മലയാളികൾക്ക് പൊലീസ് കാക്കിയോടുള്ള പ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ കാക്കി കുപ്പായത്തിൽ എത്തിയപ്പോഴൊക്കെ ഇരുകൈയും നീട്ടി അത്തരം സിനിമകൾ പ്രേക്ഷകർ വിജയിപ്പിച്ചിരുന്നു. ഇതിലെ വീരനായകനായി തിളങ്ങിയവരുടെ കൂട്ടത്തിൽ മുന്നിൽ സുരേഷ് ഗോപി തന്നെയാണ്. കേരളത്തിൽ അപ്പുറത്തേക്ക് പോലും കേരളാ പൊലീസിന്റെ ബ്രാൻഡ് അംബാസിഡറായി സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രങ്ങൾ മാറി. ഭരത് ചന്ദ്രൻ ഐപിഎസ് ഇതിൽ തിളങ്ങി നിൽക്കുന്ന ചില നായക വേഷത്തിൽ ഒന്നുമാത്രം. മമ്മൂട്ടിയുടെ ഇൻസ്‌പെക്ടർ ബൽറാമും മോഹൻലാലിന്റെ ബാബ കല്യാണിയും ജനങ്ങൾക്കിടയിൽ ഇടംപിടിച്ചത് മലയാളികളുടെ കാക്കിപ്രേമത്തിന്റെ തെളിവായിരുന്നു. എന്നാൽ, യഥാർത്ഥ കേരളാ പൊലീസിന്റെ കഥ മറ്റൊന്നാണെങ്കിൽ പോലും പൊലീസ് കാക്കിയോടുള്ള വീരാരാധനയ്ക്ക് കുറവുണ്ടായിരുന്നില്ല. ഐപിഎസ് പൊലീസ് കാക്കിയോടുള്ള ഈ ആരാധന ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയും ഏറ്റെടുത്തിരിക്കയാണ് മല്ലൂസ്..
ഫേസ്‌ബുക്കിൽ സജീവമായി തുടങ്ങിയതോടെ മലയാളികളുടെ ശീലങ്ങളും ഈ നവമാദ്ധ്യമങ്ങളിലേക്ക് ആവാഹിച്ചിരുന്നു. ഇക്കൂട്ടത്തിൽ, സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും പൊലീസുകാരും എല്ലാം ഉൾപ്പെട്ടു. സിനിമാതാരങ്ങളോടുള്ള ആരാധനയ്ക്കാണ് ഫേസ്‌ബുക്കിൽ മുൻതൂക്കമെങ്കിലും അടുത്തകാലത്തായി ഈ ആരാധാന പൊലീസ് ഊദ്യോഗസ്ഥരിലേക്കും മാറിയിരിക്കയാണ്. മലയാളികളുടെ ഇഷ്ടപ്പെട്ട പൊലീസ് ഓഫീസറായ ഋഷിരാജ് സിംഗിലൂടെയാണ് ഇത്തരമൊരു കാക്കി പ്രേമത്തിന് സോഷ്യൽ മീഡിയ തുടക്കമിട്ടത്. ഇപ്പോൾ ഒടുവിൽ, അത് സമ്മിശ്ര രൂപത്തിൽ എത്തിനിൽക്കുന്നത് ആലുവ റൂറൽ എസ് പി യതീഷ് ചന്ദ്ര ഐപിഎസിലാണ്.
തങ്ങൾക്ക് ഇഷ്ടപ്പെട്ട ഓഫീസർക്ക് വേണ്ടി ലൈക്ക് പേജുകളും പിന്തുണ പേജുകളും തയ്യാറാക്കിക്കണ്ടാണ് മല്ലൂസ് സൈബർ ലോകത്ത് കാക്കിയുടെ ആരാധകരാകുന്നത്. മറ്റ് പത്രങ്ങളിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും വന്ന വാർത്തകളും ഇവരുടെ പോസിറ്റീവ് വശങ്ങളും പ്രചരിപ്പിച്ച് ലൈക്കിന്റെ എണ്ണം ദിവസം തോറും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മൂന്നാർ ഓപ്പറേഷന്റെ സമയത്ത് ഫേസ്‌ബുക്ക് പോലുള്ള മാദ്ധ്യമങ്ങൾ അത്രയ്ക്ക് സജീവമായിരുന്നില്ല. അന്ന് ചാനലുകളുടെ കാലമായതിനാൽ മീശ പിരിച്ചെത്തിയ ഹരിയാനക്കാരനായ ഋഷിരാജ് സിംഗിനെ താരമാക്കിയത് ഈ ചാനലുകളായിരുന്നു. പിന്നീട് ഫേസ്‌ബുക്ക് സജീവമായതോടെ കേരളത്തിൽ തിരികെ എത്തിയ സിംഗിനെ മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട 'സിങ്ക'മാക്കി.
രാഷ്ട്രീയക്കാരെ വകവെക്കാതെ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ധൈര്യസമേതം ചെയ്യുന്ന ഋഷിരാജ് അങ്ങനെ സൈബർ ലോകത്തിന്റെ ഇഷ്ടതാരമായി മാറി. ഋഷിരാജിന്റെ പേരിൽ മാത്രം ഒന്നിലേറെ ഫേസ്‌ബുക്ക് പേജുകൾ നിലവിലുണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ പോലും അറിവോടെയല്ല തുടങ്ങിയത്. എന്നാൽ വെറുതേ കിട്ടുന്ന പിന്തുണ വേണ്ടെന്ന് വെക്കാനും അദ്ദേഹം തയ്യാറായില്ല. മോട്ടോർ വാഹന വകുപ്പിന്റെ മേധാവിയായി നിയോഗിതനായ വേളയിലാണ് അദ്ദേഹം ശരിക്കും താരമായത്. മന്ത്രിമാരുടെ വാഹനങ്ങൾക്ക് വേഗപ്പൂട്ട് വേണമെന്ന് സിംഗിന്റെ നിർദ്ദേശം കൈയടികളോടെ സൈബർലോകവും സ്വീകരിച്ചു. ഈ സമയത്താണ് മോഹൻലാൽ സിംഗിനെ പ്രശംസിച്ച് ബ്ലോഗ് പോലും എഴുതിയത്. ഇപ്പോൾ കെഎസ്ഇബിയുടെ വൈദ്യുതി മോഷണം തടയുന്ന സംഘത്തിന്റേ മേധാവിയായപ്പോഴും മലയാളികൾക്ക് സിംഗിനോടുള്ള വീരാരാധനയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. ഫേസ്‌ബുക്കിൽ ഇപ്പോഴും സിങ് ലൈക്കും ഷെയറുമായി ആഘോഷിക്കപ്പെടുകയാണ്.
സിംഗിന്റെ അത്രയും താരമായില്ലെങ്കിലും ഐപിഎസ് ട്രെയിനി ആയിരിക്കെ തന്നെ മലയാളികൾ താരമാക്കിയത് മെറിൻ ജോസഫ് ഐപിഎസ് എന്ന കോട്ടയത്തുകാരിയെ ആയിരുന്നു. ഇതിന്റെ കാരണമാകട്ടെ മെറിൻ ജോസഫ് ഐപിഎസ് നല്ല സുന്ദരിയായിരുന്നു എന്നത് മാത്രമായിരുന്നു. മെറിന്റെ സൗന്ദര്യം കണ്ട് അവർ കൊച്ചി നഗരത്തിൽ എസിപിയായി ചാർജ്ജെടുക്കാൻ പോകുന്നു എന്ന ഗോസിപ്പും പ്രചരിച്ചു. ഇതോടെ എന്നെ അറസ്റ്റു ചെയ്യൂ എന്ന വിധത്തിലുള്ള പോസ്റ്റുകൾ ഫേസ്‌ബുക്കിൽ നിറയുകയും ചെയ്തു. ഒടുവിൽ മെറിന് വിശദീകരണമായി രംഗത്തെത്തുകയും ചെയ്തു. എന്തായാലും സോഷ്യൽ മീഡിയയുടെ ആഘോഷത്തിന്റെ ബാക്കിപത്രമെന്നോണം എറണാകുളം ജില്ലയിൽ തന്നെ മെറിന് ആദ്യ പോസ്റ്റിങ് ലഭിച്ചു. ഇതും നവമാദ്ധ്യമങ്ങളിലൂടെ ഏറെ ആഘോഷിക്കപ്പെട്ടു. ഒടുവിൽ മെറിന്റെ വിവാഹ പോലും മാദ്ധ്യമങ്ങളിൽ വാർത്തയായി.
കൊച്ചിയിൽ എസിപിയായി ചാർജ്ജെടുത്ത പി നിശാന്തി ഐപിഎസാണ് മലയാളികളുടെ കാക്കിപ്രേമത്തിന്റെ മറ്റൊരു ഉദാഹരണം. ആഢംബര ഹോട്ടലുകളിലെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വേഷം മാറി പോലും അവർ റെയ്ഡ് നടത്താൻ എത്തി. ഇത് മാദ്ധ്യമങ്ങളിൽ വാർത്തയായതിനോടൊപ്പം ഫേസ്‌ബുക്കിൽ നിശാന്തിനിയെ വാഴ്‌ത്തിക്കൊണ്ടും രംഗത്തെത്തി ചിലർ. ഒടുവിൽ, കൊക്കെയ്ൻ കേസിന്റെ അന്വേഷണത്തിനിടെ ഇവരെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റിയതോടെ നിശാന്തിനിയെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന വിധത്തിൽ പ്രചരണങ്ങൾ നടന്നു. മുന്നും പിന്നും നോക്കാതെ സപ്പോർട്ട് ഫേസ്‌ബുക്ക് പേജുമായി രംഗത്തെത്തി ചിലർ. ഇവർക്കെതിരെ നിശാന്തിനി തന്നെ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഈ പിന്തുണക്ക് അൽപ്പം കുറവു വന്നത്.
ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയ താരമാക്കിയത് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെയാണ്. സിഎൻഎൻ - ഐബിഎന്നിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ പോപ്പുലർ ചോയിസ് പുരസ്‌ക്കാരം നേടിയ പി വിജയനും ആലുവ റൂറൽ എസ്‌പി ജി എച്ച് യതീഷ് ചന്ദ്രയുമാണ് ഇവർ. ദേശീയ ചാനലിന്റെ അവാർഡ് നിർണ്ണയ പട്ടികയിൽ ഇടം പിടിച്ചതോടയാണ് പി വിജയൻ ഐപിഎസിനെ സോഷ്യൽ മീഡിയ ആവേശത്തോടെ പുൽകിയത്. ദുരിതപൂർണ്ണമായ സാഹചര്യങ്ങളോട് പടവെട്ടി ഐപിഎസ് നേടിയ വിജയനെ ചാനൽ താരമാക്കാൻ മലയാളികൾ അരയും തലയും മുറിക്കി രംഗത്തിറങ്ങി. മറ്റാർക്കും കിട്ടാത്ത അത്രയും വോട്ടുകൾ നേടി പുരസ്‌ക്കാരം നേടിക്കൊടുക്കാനും സൈബർ മല്ലൂസിന് സാധിച്ചു.
എന്നാൽ ആലുവ റൂറൽ എസ്‌പി യതീഷ് ചന്ദ്ര ഐപിഎസിലെ ജനങ്ങൾ തിരിച്ചറിഞ്ഞത് ഹർത്താൽ ദിനത്തിൽ അങ്കമാലിയിൽ നടത്തിയ ലാത്തിചാർജ്ജിലൂടെയായിരുന്നു. വഴിയാത്രക്കാരനായ വയോധികനെ മർദ്ദിച്ചതിന്റെ പേരിൽ കർണ്ണാടക സ്വദേശിയായ ഈ യുവ ഐപിഎസ് ഓഫീസർ കടുത്ത വിമർശനം ഫേസ്‌ബുക്കിലൂടെ നേരിട്ടു. ഇടതു നേതാക്കൾ ഒന്നടങ്കം എതിർപ്പുമായി രംഗത്തെത്തിയപ്പോൾ പിന്തുണയുമായി മറ്റൊരു വിഭാഗവും എത്തുകയായിരുന്നു. സിപിഎമ്മുകാർക്കിട്ട് രണ്ട് പൊട്ടിച്ച ഐപിഎസുകാരൻ എന്ന നിലയിൽ ഒന്നിലേറെ സപ്പോർട്ട് ഫേസ്‌ബുക്ക് പേജുകളാണ് യതീഷിന് വേണ്ടി മലയാളികൾ ഒരുക്കിയത്. അതേസമയം തന്നെ എതിർക്കാൻ വേണ്ടിയുമുള്ള ചില പേജുകളും ചിലർ ആരംഭിച്ചിട്ടുണ്ട്.
ഇങ്ങനെ പൊലീസുകാരോട് ആരാധന മൂത്ത് ഫേസ്‌ബുക്കിൽ മലയാളികൾ വിലസുമ്പോൾ തന്നെ കാര്യമായി ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കി പോകുകയാണ് ഉദ്യോഗസ്ഥരുടെ പതിവ്. എന്തിനെയും വിമർശന ബുദ്ധിയോടെ കാണുക എന്നതാണ് മലയാളികളുട സ്വഭാവം എന്നതുകൊണ്ട് തന്നെ ഇപ്പോഴത്തെ ആരാധന നാളെ ദേഷ്യമായി മാറുമെന്ന കാര്യം ഇവർക്കും ബോധ്യമുണ്ട്. എന്നാൽ ശക്തമായ മാദ്ധ്യമം എന്ന നിലയിൽ സാമൂഹ്യ നന്മ്മക്കായുള്ളു കാര്യങ്ങൾ പ്രചരിപ്പിക്കാനും സോഷ്യൽ മീഡിയയെ ഉപയോഗിക്കാനാണ് കേരളാ പൊലീസ് ലക്ഷ്യമിടുന്നതും.