മക്ക: ഹജ്ജ് തീർത്ഥാടനത്തിനായി ലോകത്തിന്റെ നാനാ ഭാകത്തുനിന്നും എത്തുന്ന വിശ്വാസി ലക്ഷങ്ങൾക്ക് കൈത്താങ്ങാവുകയാണ് ഒരു കൂട്ടം മലയാളി യൂവാക്കൾ. അള്ളാഹുവിന്റെ അതിഥികളായി ഹജ്ജിനും സിയാറത്തിനുമായി എത്തുന്ന തീർത്ഥാടകരെ സഹായിക്കുന്നതിനും അവർക്കുവേണ്ട മാർഗ നിർദ്ധേശങ്ങൾ നൽകുന്നതിനും മലയാളി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കേരള ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള വളണ്ടിയർമാർക്കു പുറമെ നിരവധി മലയാളികളാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വളണ്ടിയർമാരായി സേവനമനുഷ്ടിക്കുന്നത്. ഇവരെല്ലാം മക്ക, ഹറം, ജിദ്ദ തുടങ്ങിയ പരിസര പ്രദേശങ്ങളിൽ നിന്ന് എത്തിയവരാണ്. സ്വന്തമായി സ്ഥാപനങ്ങൾ നടത്തുന്നവരും കമ്പനികളിലും കടകളിലുമൊക്കെയായി ജോലിചെയ്യുന്ന ആളുകൾ വരെയുണ്ട് ഇക്കൂട്ടത്തിൽ. ചിലർ ജോലികൾ ക്രമീകരിച്ചും മറ്റുചിലർ ജോലിയിൽ നിന്നും ലീവെടുത്തുമൊക്കെയാണ് സേവന രംഗത്ത് എത്തിയിരിക്കുന്നത്.

കെ.എം.സി.സി, ആർ.എസ്.സി തുടങ്ങിയ സംഘടനകളാണ് ഹജ്ജ് തീർത്ഥാടകർക്കുള്ള സേവന രംഗത്ത് പ്രവർത്തിക്കുന്ന പ്രധാന മലയാളി സംഘങ്ങൾ. മുസ്ലിം ലീഗ് പ്രവാസി സംഘടനയായ കെഎംസിസി യുടെ നേതൃത്വത്തിൽ ഇത്തവണ രണ്ടായിരത്തിലധികം വളണ്ടിയർമാരെയാണ് വിവിധങ്ങളായ ഭാഗങ്ങളിൽ നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി ഹജ്ജ് സേവന രംഗത്ത് പ്രവർത്തിച്ചുവരികയാണ് എസ്.എസ്.എഫ് പ്രവാസി സംഘടനയായ ആർ.എസ്.സി യും. അറഫ, മുസ്ദലിഫ, മിന,ജംറ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവരുടെ സേവനം ലഭ്യമാണ്. ഇതിനു പുറമെ മദീനയിലേക്ക് സിയാറത്തിനായി എത്തുന്ന ഹാജിമാർക്കും ഇവരുടെ സേവനങ്ങൾ ലഭ്യമാണ്.

മുക്കാൽ ലക്ഷത്തോളം സുരക്ഷാ ഭടന്മാരെ സൗദി ഗവൺമെന്റ് ഹജ്ജ് തീർത്ഥാടകർക്കുള്ള സുരക്ഷയൊരുക്കാൻ വിന്യസിക്കാനിരിക്കുമ്പോഴാണ്, മലയാളി വളണ്ടിയർ സംഘങ്ങൾ സൗദി നാട്ടിൽ സേവനത്തിന്റെ മുദ്ര പതിപ്പിച്ചിരിക്കുന്നത്. മലയാളി വളണ്ടിയർമാരുടെ പ്രവർത്തനങ്ങൽ സൗദി പൊലീസിന് ആശ്വാസകരവും തൃപ്തകരവുമാണ്. വളരെ കാലത്തെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ശേഷം പുണ്യ ഭൂമിയിൽ നാഥന്റെ ഗേഹത്തിലെത്തുന്നവർക്ക് തിരക്കും അവശതയും കൂട്ടം തെറ്റലും വരുത്തി വെയ്ക്കുന്ന ദയനീയദയിൽ നിന്ന് രക്ഷ നൽകാനുള്ള ഈ മലയാളി യുവാക്കളുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.

വെള്ളിയാഴ്ച ജുമുഅ ദിവസം തിരക്ക് നിയന്ത്രിക്കാൻ സൗദി പൊലീസിനോടപ്പം ചേർന്ന് ആർ.എസ്.സി പ്രവർത്തകർ നടത്തിയ സേവനങ്ങൽക്ക് സൗദി ഗവൺമെന്റിന്റെയും പൊലീസിന്റെയും പ്രശംസ ലഭിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും തീർത്ഥാടകർ എത്തുന്നതുകൊണ്ടു തന്നെ വളണ്ടിയർമാർക്ക് പ്രത്യേകം പരിശീലനം നൽകിയാണ് രംഗത്തേക്കിറക്കുന്നത്.

വിവിധ ഭാഷകളിൽ പരിജ്ഞാനമുള്ളവരെയാണ് ഹറമിലും പരിസരങ്ങളിലുമായി നിയോഗിക്കുന്നത്. തിക്കിലും തിരക്കിലും പെട്ട് കൂടെപ്പിറപ്പുകളെയും സ്വന്തക്കാരെയും കൂട്ടം തെറ്റി ഒറ്റപ്പെടുന്ന വയോധികരടക്കമുള്ള നിരവധി പേരുടെ രക്ഷകരയി എത്തിയ അനേകം കഥകൾ പറയാനുണ്ട് ഈ വളണ്ടിയർമാർക്കെല്ലാം. ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തുന്നതോടെ ആരംഭിക്കുന്നതാണ് ഇവരുടെ പ്രവർത്തനങ്ങൾ പിന്നീട് വിശ്രമമില്ലാത്ത നാളുകൾ ഹാജിമാർ നാട്ടിലേക്കു തിരിക്കുന്നതു വരെ ഈ മലയാളി ചെറുപ്പക്കാർ കർമ്മ നിരതരായിരിക്കും.