കാറ്റും വെളിച്ചവും കടന്നു വരാത്ത ഒരിടുങ്ങിയ മുറിയിൽ കഴിയുന്ന അനിക്കുട്ടന്റെ ജീവിതവഴിയിലെ ചില സംഭവങ്ങളുടെ ദൃശ്യാവിഷ്‌ക്കാരമാണ് മലയൻ കുഞ്ഞ്. തന്റെമാത്രം ലോകമാകുന്ന മുറിതകരുമ്പോൾ അനിക്കുട്ടനുണ്ടാകുന്ന നടുക്കവും മരണഭയവും അതിശക്തമായി സിനിമ അവതരിപ്പിക്കുന്നുണ്ട്. ജനാലകൾ കൊട്ടിയടച്ചും പലരോടും കലഹിച്ചും ഒരു വാത്മീമീകത്തിലെന്നവണ്ണം കഴിയാൻ ആഗ്രഹിക്കുന്ന അനിക്കുട്ടന്റെ ദുരിതപർവ്വത്തിന്റെ കഥ, തികഞ്ഞ കൈയടക്കത്തോടെയാണ് സജിമോൻ പ്രഭാകരൻ സാക്ഷാത്കരിച്ചിരിക്കുന്നത്.

ചുറ്റിനും കണ്ണോടിച്ചാൽ ചിലപ്പോൾ കണ്ടേക്കാവുന്ന അപൂർവ്വം ചിലരിലൊരാളായാണ് അനിക്കുട്ടനെ സിനിമയിൽ അവതരിപ്പിക്കുന്നത്. കൈയിൽ ചുവന്ന ചരടുകെട്ടി, കാവിമുണ്ടുടുത്ത് ജാത്യാഭിമാനത്തോടെ ജീവിക്കുന്ന അനിൽകുമാറിനെപ്പോലൊരാൾ ആ മലയോര ഗ്രാമത്തിൽ വേറെയില്ല. അനിൽകുമാറിന്റെ അഛനും അമ്മയും സഹോദരിയും അമ്മാവനുമൊക്കെ മാനുഷിക മൂല്യങ്ങളോടെ ജീവിക്കുന്നവരാണ്. അഛനൊരിക്കൽ അനിൽകുമാറിനോട് പറയുന്നത് 'ജാതിയും മതവുമൊക്കെ മരിക്കുന്നതുവരേ ഒള്ളൂ. മരിച്ചാൽ എല്ലാരും മണ്ണാ...' എന്നാണ്. സിനിമയുടെ പ്രാണൻ കുടികൊള്ളുന്നതും ആ സംഭാഷണത്തിലാണ്.

'ജാതിഭ്രാന്ത് ' അനിക്കുട്ടന്റെ മാനസിക രോഗമെന്ന നിലയിലാണ് സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത്. ഉരുൾപൊട്ടൽ സൃഷ്ടിച്ച ഭീകരാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് അനിക്കുട്ടന്റെ അസുഖം ഭേദമാകുന്നത്. പ്രളയത്തിലും ഉരുൾപൊട്ടലിലുമൊക്കെ, എല്ലാത്തരം വിഭാഗീയ ചിന്തകളും മറന്ന് മനുഷ്യർ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിച്ചതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് സിനിമ . സമകാലിക ഇന്ത്യയുടെ രാഷ്ട്രീയാവസ്ഥയിൽ വളരെയേറെ പ്രസക്തിയുള്ള പ്രമേയമാണ് മലയൻ കുഞ്ഞിന്റേത് എന്നു നിസംശയം പറയാം.

'നൈതിക പിതൃത്വം' എന്ന ഉയർന്ന മാനുഷിക മൂല്യത്തെയും സിനിമ സ്പർശിക്കുന്നുണ്ട്. അനാഥയായി മാറിയ പൊന്നിയുടെ സംരക്ഷകനായി അനിക്കുട്ടൻ മാറുന്നത് മനസ്സ് നിറയ്ക്കുന്ന കാഴ്ചയാണ്. ഫഹദ് ഫാസിൽ, വിസ്മയാവഹമായ പ്രകടനമാണ് സിനിമയിലുടനീളം കാഴ്ചവച്ചിരിക്കുന്നത്. ജാഫർ ഇടുക്കിയും ജയ എസ് കുറുപ്പും വളരെ സ്വാഭാവികതയോടെ തങ്ങളുടെ റോളുകൾ മികവുറ്റതാക്കി.കലാസംവിധായകൻ ജ്യോതിഷ് ശങ്കറും സിനിമറ്റോഗ്രാഫർ മഹേഷ് നാരയണനും നടത്തിയ അതികഠിനമായ പരിശ്രമങ്ങളുടെ റിസൽട്ട് സ്‌ക്രീനിൽ കാണാനുണ്ട്.

സിനിമയിൽ ഒരു ടെയ്ൽ എൻഡായെങ്കിലും ഉൾപ്പെടുത്താമായിരുന്നു എന്നു തോന്നിയത്, ഉരുൾപൊട്ടലിനെ അതിജീവിച്ച മനുഷ്യരുടെ ദുരിതജീവിതമാണ്. പുത്തുമലയിലും കവളപ്പാറയിലും കൂട്ടിക്കലും കൊക്കയാറിലും നരകതുല്യം ജീവിക്കുന്ന പച്ചമനുഷ്യരുടെ ജീവിതത്തിൽ ഉരുൾപൊട്ടൽ അവസാനിച്ചിട്ടില്ല.