തിരുവനന്തപുരം: ഫഹദ് നായകനാകുന്ന പുതിയ ചിത്രമാണ് 'മലയൻകുഞ്ഞ്'. നവാഗതനായ സജിമോനാണ് 'മലയൻകുഞ്ഞ്' ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഫാസിൽ ആണ് ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയമുണ്ട്. 'മലയൻകുഞ്ഞ്' എന്ന ഫഹദ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാർത്ത

മലയൻകുഞ്ഞ് ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഓണത്തിനാകും മലയൻകുഞ്ഞ് എന്ന ചിത്രത്തിന്റെ റിലീസെന്നും ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

 

കോവിഡ് കാലത്ത് ഏറെ ചർച്ചയായ ചിത്രങ്ങളായ 'സീ യു സൂൺ', 'മാലിക്' എന്നിവയ്ക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയുമുണ്ട് 'മലയൻകുഞ്ഞി'ന്. മഹേഷ് നാരായണൻ തിരക്കഥയെഴുതുന്ന ചിത്രമാണ് 'മലയൻകുഞ്ഞ്'. മഹേഷ് നാരായണനായിരിക്കും മലയൻകുഞ്ഞെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഫഹദിന്റെ 'മലയൻകുഞ്ഞ്' എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനർ. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുക. ഫഹദിന്റെ കഥാപാത്രം എന്തായാരിക്കും ചിത്രത്തിൽ എന്നതടക്കമുള്ള കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്തായാലും ഫഹദിന്റെ വേറിട്ട ചിത്രമായിരിക്കും 'മലയൻകുഞ്ഞ്' എന്നാണ് ഇതുവരെയുള്ള പ്രമോഷണൽ മെറ്റീരിയലുകളിൽ നിന്ന് വ്യക്തമാകുന്നത്.