ക്വാലാലംപൂർ: മലേഷ്യൻ പ്രധാനമന്ത്രി നജിബ് റസാക്കിനെ കോമാളിയായി ചിത്രീകരിച്ച ആർട്ടിസ്റ്റിനെതിരേ കേസ്. ഒട്ടേറെ അഴിമതിയാരോപണങ്ങൾ നേരിടുന്ന നജീവ് റസാക്കിനെതിരേയുള്ള പ്രതിഷേധ സൂചകമായി ആർട്ടിസ്റ്റ് ഫഹ്മി റസ പ്രധാനമന്ത്രിയെ കോമാളിയായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ പ്രചരിപ്പിച്ചിരുന്നു. ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രിയെ കോമാളിയായി ചിത്രീകരിച്ചു ഫഹ്മി വരച്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

പൊതുസ്ഥലങ്ങളിലും തെരുവുകളിലും മറ്റും പ്രധാനമന്ത്രിയുടെ കോമാളിചിത്രം പരസ്യമായി വച്ചാണ് ഫഹ്മി പ്രതിഷേധം പ്രകടിപ്പിച്ചത്. മലേഷ്യൻ കമ്മ്യൂണിക്കേഷൻ ആൻഡ് മൾട്ടിമീഡിയ നിയമങ്ങൾ അനുസരിച്ചാണ് ഫഹ്മിക്കെതിരേ കേസ് എടുത്തത്. പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ചതിന് 38-കാരനായ ഫഹ്മിക്ക് ഒരു വർഷത്തെ തടവും 50,000 റിങ്കിറ്റും (മലേഷ്യൻ കറൻസി) ശിക്ഷ വിധിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നജീബ് ഖജനാവിൽ നിന്ന് വികസന ഫണ്ടിലേക്കുള്ള പണം തട്ടിയെടുത്തുവെന്നാണ് നിലവിലുള്ള ആരോപണം.