- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാൾഡ: സംശയങ്ങളും ദുരൂഹതകളും
ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്ണുതുറന്നതു തന്നെ വലിയൊരു വർഗ്ഗീയ ലഹളയെ സാക്ഷി നിർത്തിയായിരുന്നു. ആ ശാപം എന്നും ഇന്ത്യയെ പിൻതുടർന്നിരുന്നു. ഒരുപക്ഷെ, മറ്റേതൈനേക്കാൾ അധികം ഇന്ത്യൻ മനസ്സിനെ എന്നും സ്വാധീനിച്ചിരുന്നത് മത വിശ്വാസമായിരുന്നു. ഡൊമിനിക് ലാമ്പിയർ, ലാരി കോളിൻസ് എന്നീ ബ്രിട്ടിഷുകാർ എഴുതിയ ''സ്വാതന്ത്ര്യം അർദ്ധ രാത്രിയി
ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്ണുതുറന്നതു തന്നെ വലിയൊരു വർഗ്ഗീയ ലഹളയെ സാക്ഷി നിർത്തിയായിരുന്നു. ആ ശാപം എന്നും ഇന്ത്യയെ പിൻതുടർന്നിരുന്നു. ഒരുപക്ഷെ, മറ്റേതൈനേക്കാൾ അധികം ഇന്ത്യൻ മനസ്സിനെ എന്നും സ്വാധീനിച്ചിരുന്നത് മത വിശ്വാസമായിരുന്നു. ഡൊമിനിക് ലാമ്പിയർ, ലാരി കോളിൻസ് എന്നീ ബ്രിട്ടിഷുകാർ എഴുതിയ ''സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ'' എന്ന പുസ്തകത്തിൽ ഗാന്ധിജി വധിക്കപ്പെടുന്ന രംഗം വിവരിക്കുന്നുണ്ട്. ആ സമയത്ത്, ആൾക്കൂട്ടത്തിൽ നിന്നാരോ വിളിച്ചു കൂവിയത്രെ! കൊലയാളി ഒരു മുസ്ലീമാണെന്ന്. ഉടനെ അവിടെ സന്നിഹിതനായിരുന്ന അന്നത്തെ ഗവർണർ ജനറൽ, മൗണ്ട് ബാറ്റൺ പ്രഭു ഉച്ചത്തിൽ തിരിച്ചടിച്ചു.
''വിഢി, അതൊരു ഹിന്ദുവാണെന്ന് നിനക്കറിഞ്ഞുകൂടെ?''
മരണം നടന്ന് ഏതാനും നിമിഷങ്ങൾ മാത്രം കഴിഞ്ഞപ്പോൾ നടന്ന സംഭവമാണത്. കൊലയാളികളെ കുറിച്ച് അപ്പോൾ ആർക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, മൗണ്ട് ബാറ്റന്റെ സെക്രട്ടറിക്ക് അദ്ഭുതമായി, അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി കേട്ട്.
''അങ്ങേക്ക് അതെങ്ങനെ മനസ്സിലായി?'' സെക്രട്ടറി തന്റെ സംശയം മറച്ചുവച്ചില്ല.
''എനിക്കറിയില്ല.'' മൗണ്ട് ബാറ്റൺ സെക്രട്ടറിയുടെ ചെവിയിൽ മന്ത്രിച്ചു. ''പക്ഷെ അത് ഒരു മുസ്ലിം ആയിരിക്കല്ലെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. അത് ഒരു മുസ്ലീമാണെങ്കിൽ, ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ രക്തച്ചൊരിച്ചിലിനാകും ഇന്ത്യ സാക്ഷിയാകാൻ പോകുന്നത്.''
മറ്റെന്തൊക്കെ കുറ്റങ്ങളും കുറവുകളും പറയാനുണ്ടെങ്കിലും ഇന്ത്യയുടെ മനസ്സ് അടുത്തറിഞ്ഞ ഒരാളായിരുന്നു മൗണ്ട് ബാറ്റൻ. അദ്ദേഹം ഇന്ത്യൻ മനസ്സുകളിൽ മതവിശ്വാസത്തിനുള്ള സ്വാധീനം കൃത്യമായി മനസ്സിലാക്കിയിരുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ സംഭവം.മൗണ്ട് ബാറ്റൻ മാത്രമല്ല, പല രാഷ്ട്രീയ നേതാക്കളും ഇത് മനസ്സിലാക്കിയിരുന്നു. അവർ അത് പലരീതിയിലും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് ആവേശപൂർവ്വം ജനങ്ങളെ ഇറക്കാൻ ഈ മതവിശ്വാസത്തെ ഉപയോഗിച്ചിട്ടുണ്ട്.
അതുപോലെത്തന്നെ, പല കാലങ്ങളിലായി ഭരണം പിടിച്ചെടുക്കാനും അത് നിലനിർത്താനുമൊകെ ഈ വിശ്വാസത്തെ പല നേതാക്കളും രാഷ്ട്രീയ കക്ഷികളും ദുരുപയോഗം ചെയ്തിട്ടുമുണ്ട്. ഇത്രയും കാര്യങ്ങൾ ഓർമ്മിച്ചുവേണം നമ്മൾ മാൾഡ കലാപത്തെ സമീപിക്കുവാൻ. ഇക്കഴിഞ്ഞ ജനുവരി 3 ന് ഇദാർ-എ-ഷെരിയ എന്ന സംഘടനയുടെ ബാനറിൽ നടത്തിയ ഒരു പ്രകടനത്തെ മുറിച്ചു കടക്കുവാൻ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഒരു ബസ്സ് ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് വലിയൊരു ലഹളയായി മാറിയത്. ഈ പ്രതിഷേധ പ്രകടനത്തിനു കാരണമായത് ഹിന്ദു സഭ നേതാവെന്ന് അവകാശപ്പെടുന്ന കമലേഷ് തിവാരി നടത്തിയ, മതനിന്ദയുൾക്കൊള്ളുന്ന ഒരു പ്രസംഗവും.
കമലേഷ് തിവാരിയുടെ വിവാദ പ്രസംഗം നടക്കുന്നത്, ഏതാണ്ട് ഒരു മാസം മുൻപാണ്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം ഡിസംബർ 12ന്. അതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ കേസ് എടുക്കുകയും തടവിലാക്കുകയും ചെയ്തു. ഈ സംഭവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം പെട്ടെന്ന് വികാരം പൊട്ടിത്തെറിക്കുന്നതെങ്ങനെ എന്നതാണ് ആദ്യത്തെ സംശയം. മാൾഡ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ, ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ ചെറിയ ചെറിയ അക്രമസംഭവങ്ങൾ നടന്നിരുന്നു. തൃണമൂൽ കോൺഗ്രസ്സ് നേതാവ് പ്രതിഭ റോയ് രണ്ടുപേരെ വെടിവച്ചു കൊന്ന സംഭവമാണ് ഇതിലൊന്ന്. റോയിയുടെ കാറിൽ ഒരു സൈക്കിൾ വന്നിടൈച്ചതിനെത്തുടർന്നായിരുന്നു ഡിസംബർ 27 നെ ഈ വെടിവെപ്പ് നടന്നത്.
അതുപോലെത്തന്നെ ഡിസംബർ 28ന് ബോബു നിർമ്മാണത്തിനിടെ നടന്നതെന്നു പറയപ്പെടുന്ന സ്‌ഫോടനത്തിൽ, നിലൂ ഷെയ്ഖ്, ഫൈശുൽ ഷെയ്ഖ് എന്നീ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. വേറെ രണ്ട് പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ഇതിൽ ഒരാൾ തൃണമൂലിന്റെ പ്രാദേശിക നേതാവായ നഫൗസൽ ആലമിന്റെ ബന്ധുവാണെന്നും പറയപ്പെടുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നപ്പോൾ, സ്വാഭാവികമായും ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതാണ്. എന്നിട്ടും ഇത്തരമൊരു ലഹള നടക്കുന്ന കാര്യത്തെക്കുറിച്ച്, ചെറിയൊരു സൂചനപോലും നൽകുവാൻ ഇന്റലിജൻസിനു എന്തുകൊണ്ട് കഴിഞ്ഞില്ല എന്നത് മറ്റൊരു ചോദ്യമാണ്.
പൊലീസ് സ്റ്റേഷൻ ഉൾപ്പടെയുള്ള സർക്കാർ ഓഫീസുകൾ ആക്രമിക്കുകയും പല രേഖകളും അഗ്നിക്കിരയാക്കുകയുമൊക്കെ ചെയ്ത ഒരു ലഹള മണിക്കൂറുകളോളം നിയന്ത്രിക്കപ്പെടാതെ തുടർന്നതെന്തുകൊണ്ടെന്നതാണ് മൂന്നാമത്തെ ചോദ്യം.
ഇനി പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ സാഹചര്യം ഒരല്പം വിശദീകരിക്കാം. മൂന്നര പതിറ്റാണ്ടുകളോളം അധികാരത്തിലിരുന്ന ഇടതു സർക്കാരിന് ബംഗാളിന്റെ വികസനം ഏറെയൊന്നും മുന്നോട്ട് കൊണ്ടുപോകാനായില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. പക്ഷെ, പൊതു വിതരണ സംവിധാനം ശക്തിപ്പെടുത്തിയും, പ്രാദേശികമായ തൊഴിലുല്പാദനത്തിലൂടെയുമെല്ലാം ഒരു പരിധിവരെ വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നു എന്നതും സത്യമാണ്. ഈ വികസനമില്ലായ്മ ഉയർത്തിപ്പിടിച്ചാണ് തൃണമൂൽ കോൺഗ്രസ്സ് ഇടതുമുന്നടിയെ തറപറ്റിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുന്നത്. എന്നാൽ, മമതയുടെ സർക്കാരിനും, സംസ്ഥാനത്തിന്റെ വികസനത്തിൽ കാര്യമായ എന്തെങ്കിലും ചെയ്യാനായില്ല എന്നു മാത്രമല്ല, ഇടതു സർക്കാരിന്റെ പല പരിപാടികളും തകിടം മറിച്ചതുവഴി കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. കേരളത്തിലുള്ളവർക്ക് അനുഭവമുള്ള കാര്യമാണ്, അവിടേക്കുള്ള ബംഗാളികളുടെ ഒഴുക്കിന് ശക്തി വർദ്ധിച്ചത് കഴിഞ്ഞ നാലരക്കൊല്ലത്തിനിടയിലാണെന്നത്. മമതയുടെ ഈ പരാജയം തന്നെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സംസ്ഥാനത്ത് വേരുറപ്പിക്കുവാനും, വളരെ മുന്നോട്ടു പോകുവാനും സഹായിച്ചത്. കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പുകാലത്ത് ഇന്ത്യ മുഴുവൻ ആഞ്ഞടിച്ച മോദി തരംഗവും ഇതിന് ഏറെക്കുറെ സഹായകമായിരുന്നു. എന്നാൽ ഇപ്പോൾ ആ തരംഗത്തിന്റെ പ്രഭാവം കുറഞ്ഞു വരികയാണെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. വിലവർദ്ധനയും മറ്റും സാധാരണക്കാരുടെ ജീവിതംകൂടുതൽ ദുസ്സഹമാക്കുമ്പോൾ, അത്തരക്കാർ ഏറെയുള്ള ബംഗാളിലും ബിജെപി ക്ക് തിരിച്ചടി ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കോൺഗ്രസ്സാണെങ്കിൽ ഇവിടെ തീരെ ദുർബലമാകുകയും ചെയ്തു. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ, വരുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ മമതക്ക് വെല്ലുവിളിയാകാൻ സാദ്ധ്യതയുള്ളത് ഇടതുമുന്നണി മാത്രമാണ്.
ഇവിടെയാണ് മതത്തിന്റെ പ്രാധാന്യം കടന്നുവരുന്നത്. ബംഗാളിലെ ജനസംഖ്യയിൽ മുസ്ലിം മതവിശ്വാസികൾ ഏതാണ്ട് 30 ശതമാനത്തോളം വരും. മൊത്തം 294 നിയമസഭ സീറ്റുകളുള്ളതിൽ ഏതാണ്ട് 124 സീറ്റുകളിലും നിർണ്ണായക സ്വാധീനം ചെലുത്തുവാൻ ഇവർക്കാകും. ഇവിടെയാണ് മുസ്ലിം സമുദായത്തെ ഒപ്പം നിറുത്തേണ്ടതിന്റെ ആവശ്യം.
പരമ്പരാഗതമായി ആരുടെയും വോട്ടുബാങ്കല്ല ബംഗാളിലെ മുസ്ലിം സമുദായം. കാലാകാലങ്ങളിലായി ഇടതുപക്ഷത്തിനും കോൺഗ്രസ്സിനുമായി വിഭജിച്ചു പോവുകയായിരുന്നു ഇവരുടെ വോട്ടുകൾ. എന്നും ബിജെപിയെ സംശയത്തോടെ വീക്ഷിക്കുന്ന ഈ സമുദായത്തിൽ, ആ പാർട്ടിക്ക് പിന്തുണ നല്കുന്നവർ തുലോം കുറവാണ്. വികസന മുദ്രാവാക്യവുമായി വന്ന മമത, കോൺഗ്രസ്സ് വോട്ടുകൾ തട്ടിയെടുത്തതുപോലെ, താരതമ്യേന സാമ്പത്തികമായി പുറകിൽ നില്ക്കുന്ന മുസ്ലിം സമുദായക്കാരുടെ വോട്ടും നേടി എടുത്തിരുന്നു. ഇടതുപക്ഷത്തിനെ സഹായിച്ചിരുന്ന ഈ വിഭാഗത്തെ മമതാ ബാനർജി ആകർഷിച്ചത് വികസനം എന്ന മുദ്രവാക്യത്തിലൂടെയാണ്. എന്നാൽ കഴിഞ്ഞ നാല് കൊല്ലത്തിനുള്ളിൽ കാര്യമായ ഒരു വികസനവും കൊണ്ടുവരാൻ ആയില്ലെന്നു മാത്രമല്ല സ്ഥിതികൾ കൂടുതൽ വഷളാകുകയും ചെയ്തു. ഇത് ഈ വിഭാഗത്തെ തൃണമൂലിൽ നിന്നും അകറ്റുവാൻ തുടങ്ങി. ഈ മനമാറ്റം മനസ്സിലാക്കിയതുകൊണ്ടുതന്നെയാണ് മമതാ ബാനർജി മുസ്ലിം പ്രീണനവുമായി ഇറങ്ങിയത്. മദ്രസകളിലെ ഇമാം മാർക്ക് അലവൻസ് നൽകിയതും വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് ഏർപ്പെടുത്തിയതുമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. തൽപ്പൂക്കർ മദ്രസയിലെ അദ്ധ്യാപകനായ കാസി മസും അഖ്ത്തറിനെതിരെ, കുട്ടികളെ ദേശീയഗാനം പഠിപ്പിച്ചു എന്നതിന്റെ പേരിൽ ഫത്‌വ പുറപ്പെടുവിച്ചതും, അതിനെതിരെ എത്ര പരാതിപ്പെട്ടിട്ടും, നടപടിയുണ്ടാകാത്തതുമൊക്കെ ഇതിന്റെ ഭാഗമാണ്. പുരോഗമന ചിന്താഗതിക്കാരനായ ഒരു മുസ്ലിം അദ്ധ്യാപകന് സംരക്ഷണം നൽകുവാൻ പോലും സർക്കാർ മടിച്ചു എന്നിടത്ത് ഈ പ്രീണനത്തിന്റെ ആഴം എത്രയുണ്ടെന്ന് മനസ്സിലാക്കാം.
ബിജെപി സാന്നിദ്ധ്യം അറിയിച്ചതോടെ, ബംഗാളിലെ ഹിന്ദു വോട്ടുകളിൽ ഒരുഭാഗം അവരോടൊപ്പം പോകുമെന്നത് ഉറപ്പാണ്. ബാക്കിയുള്ളത് ഇടതുപക്ഷത്തിനും കോൺഗ്രസ്സിനും തൃണമൂലിനുമൊക്കെയായി ഭാഗിക്കപ്പെടുമ്പോൾ, പ്രീണനത്തിലൂടെ മുസ്ലിം വോട്ടുകൾ ഉറപ്പാക്കിയാൽ അത് ഭരണം നിലനിറുത്തുവാൻ മമതയെ സഹായിക്കും എന്നത് ആർക്കും മനസ്സിലാകുന്ന കാര്യമാണ്. ഈ പ്രീണനങ്ങൾക്കൊപ്പം, മതവികാരം ഉണർത്തി, മതവിശ്വാസികളെ ഏകോപിപ്പിക്കുവാൻ സാധിച്ചാൽ ഫലം ഉറപ്പിക്കാം. എന്നാൽ തെരഞ്ഞെടുപ്പ് അധികം ദൂരെയല്ലാത്ത സാഹചര്യത്തിൽ, സ്വന്തം ഭരണത്തിൻ കീഴിൽ ക്രമസമാധാനം തകർത്ത് ജനങ്ങളുടെ അപ്രീതി സമ്പാദിക്കുവാൻ ബുദ്ധിയുള്ള ഏതെങ്കിലും ഒരു ഭരണാധികാരി ശ്രമിക്കുമോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. ഇവിടെയാണ് മാൾഡ കലാപത്തിനെക്കുറിച്ചുള്ള വ്യത്യസ്തമായ സംശയങ്ങൾ ഉടലെടുക്കുന്നത്. ഒരു സാധാരണ പൊലീസ് അന്വേഷണം കൊണ്ടൊന്നും ഈ ലഹളയുടെ പിന്നാമ്പുറ രഹസ്യങ്ങൾ പുറത്തു വരില്ല. അതിന് സി ബി ഐ പോലുള്ള ദേശീയ ഏജൻസികളുടെ നേതൃത്വത്തിലുള്ള സമഗ്രാന്വേഷണം തന്നെ വേണം.