തിരുവനന്തപുരം: സോഷ്യൽ മീഡിയയുടെ ശക്തമായ ഇടപെടൽ വിജയം കണ്ടപ്പോൾ റുബീനയ്ക്ക് ഇത് രണ്ടാം ജന്മം. മൂന്നര വർഷത്തോളമായി മാലിദ്വീപിലെ ജയിലിൽ വിചാരണ പോലുമില്ലാതെ തടവിൽ കഴിഞ്ഞ വർക്കല സ്വദേശിനി മോചിതയായി നാട്ടിലെത്തി. ഇന്ന് ഒരു മണിയോടെയാണ് റുബീന തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. സാമൂഹ്യക്ഷേമന്ത്രി എംകെ മുനീർ എംഎ‍ൽഎമാരായ വർക്കല കഹാർ, കെ.എം ഷാജി എന്നിവർ ചേർന്ന് അവരെ സ്വീകരിച്ചു.

ഒമ്പതുമാസം പ്രായമായ മകനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു എന്ന കുറ്റം ആരോപിച്ചാണ് റുബീനയെ തടവിൽ പാർപ്പിച്ചിരുന്നത്. 2010 ജൂൺ 27നാണ് റുബീനയെ മാലദ്വീപ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് മൂന്നര വർഷമമായി അവിടുത്തെ തടവറയിൽ കഴിയുകയായിരുന്നു. റുബീനക്കെതിരെ ക്രിമിനൽ കോടതിയിലുണ്ടായിരുന്ന കേസ് കഴിഞ്ഞ ബുധനാഴ്ച പിൻവലിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രശ്‌നത്തിൽ നേരിട്ടിടപെട്ടതിനെ തുടർന്നാണ് മോചനം സാധ്യമാകുന്നത്.

മാലിയിലെ ജയിലിൽ നിന്നും മോചിതനായി എത്തിയ ജയചന്ദ്രൻ മൊകേരിയിലൂടെയണ് ലോകം റുബീനയുടെ ദുരന്തത്തെ കുറിച്ച് അറിയുന്നത്. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുകയും മറുനാടൻ മലയാൡഅടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് റുബീനയുടെ മോചനത്തിനായി ഒപ്പുശേഖരണവും നടത്തുകയുണ്ടായി. ഇത് മുഖ്യമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കൈമാറുകയുമുണ്ടായി.

ഇതിന്റെ ഭാഗമായി കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർക്ക് കൂട്ടായ്മ പ്രവർത്തകർ പരാതി നൽകിയിരുന്നു. ഇതോടെ കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടുകയാണ് ഉണ്ടാത്. മൂന്നര വർഷം ഒരാളെ വിചാരണയില്ലാതെ തടവിലിട്ടത് മനുഷ്യാവകാശ ലംഘനമാണെന്നും മലയാളഭാഷ മാത്രമറിയുന്ന റുബീനയെ ദിവേഹി ഭാഷയിൽ വിചാരണ ചെയ്തതും പരിഭാഷകന്റെയും അഭിഭാഷകന്റെയും സഹായം നിഷേധിച്ചതും നീതിനിഷേധമാണെന്നായിരുന്നു ഫരീഷ കോടതിയിൽ വാദിച്ചത്.

കുഞ്ഞിന്റെ മൃതദേഹം പരിശോധിച്ച ഡോക്ടറെയോ ഭർത്താവായ ജാബിർ ഹസനെയോ വിസ്തരിക്കാത്തതും അവർ കോടതിയിൽ ചോദ്യം ചെയ്തു. കുഞ്ഞിന്റെ മരണത്തെ കുറിച്ചും റുബീനയുടെ ആത്മഹത്യയെ കുറിച്ചുമുള്ള മെഡിക്കൽ രേഖകളൊന്നും കോടതിയിൽ ഹാജരാക്കിയിരുന്നില്ല. അതിനാൽ കേസ് പുനർവിചാരണ നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും രണ്ടുതവണ വിചാരണ തീരുമാനിക്കുകയും ചെയ്തുവെങ്കിലും സാക്ഷികളായ രണ്ട് നഴ്‌സുമാർ ഹാജരായില്ല. മാലദ്വീപിലെ ഇന്ത്യ ക്‌ളബ് എക്‌സിക്യൂട്ടിവ് അംഗം മുഷ്താഖ് റുബീനയെ അനുഗമിച്ചിരുന്നു.