മുംബൈ: മാലേഗാവ് സ്‌ഫോടന ക്കേസിലെ ഒമ്പതിൽ എട്ട് പ്രതികളെയും വെറുതെ വിട്ടു. കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളുടെ അഭാവത്തിലാണ് മുംബൈ സെഷൻസ് ജഡ്ജ് വി. വി പാട്ടീൽ പ്രതികളെ വെറുതെവിട്ടത്. കേസിലെ ഒരു പ്രതി നേരത്തെ മരിച്ചിരുന്നു. സൽമാൻ ഫാസി, ശബീർ അഹ്മദ്, നൂറുൽ ഹുദാ ദോഹ, റഈസ് അഹ്മദ് മുഹമ്മദ് അലി, ആസിഫ് ഖാൻ, ജാവേദ് ശൈഖ്, ഫാറൂഖ് അൻസാരി, അബ്‌റാർ അഹ്മദ് എന്നിവരെയാണ് കുറ്റമുക്തരാക്കിയത്.

2006 സപ്തംബർ എട്ടിന് നാസിക് ജില്ലയിലെ മാലെഗാവിൽ ഒരു മുസ്ലിം പള്ളിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 37 പേർ കൊല്ലപ്പെടുകയും 125 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമാണ് കേസിനാധാരം. ആദ്യം മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയും എൻഐഎയും അന്വേഷിച്ചിരുന്നു.

നിരോധിത സിമി പ്രവർത്തകരായ പ്രതികൾ പാക് ഭീകര സംഘടന ലഷ്‌കർ ഇ തോയിബയുടെ സഹായത്തോടെ 2006 സെപ്റ്റംബർ എട്ടിന് സഫോടനം നടത്തിയെന്നാണ് കേസ്. മാലേഗാവിലെ ശാബ് എ ബറാത് പള്ളിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. 2008ലെ മാലേഗാവ് സ്‌ഫോടനത്തിൽ പങ്കുള്ള അഭിനവ് ഭാരത് എന്ന തീവ്രഹിന്ദു സംഘടന 2006ലെ മാലേഗാവ് സഫോടനത്തിലും പങ്കെടുത്തുവെന്ന് എൻ.ഐ.എ കണ്ടെത്തി. 2008 സംഝോത എക്സ്‌പ്രസ് സ്‌ഫോടനത്തിലെ മുഖ്യപ്രതി സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലോടെയാണ് ഈ കേസിൽ വഴിത്തിരിവുണ്ടാകുന്നത്.

രണ്ട് മലേഗാവ് സഫോടനങ്ങളിലും ഹിന്ദു സംഘടനക്ക് പങ്കുണ്ടെന്നായിരുന്നു അസീമാനന്ദയുടെ വെളിപ്പെടുത്തൽ. അസീമാനന്ദ പിന്നീട് മൊഴി മാറ്റിപ്പറഞ്ഞതും കേസിനെ ശ്രദ്ധേയമാക്കി. അതേസമയം വിചാരണയുടെ അവസാന ഘട്ടത്തിൽ സിമി പ്രവർത്തകരെ കുറ്റവിമുക്തരാക്കുന്നത് എൻ.ഐ.എ എതിർത്തെങ്കിലും ജഡ്ജ് വി.വി പാട്ടീൽ സ്വീകരിച്ചില്ല. എൻ.ഐ.എയുടെ തുടരന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും എ.ടി.എസും സിബിഐയും നേരത്തെ കണ്ടെത്തിയ തെളിവുകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് കോടതി വിലയിരുത്തി.

എ.ടി.എസും സിബിഐയും സമർപ്പിച്ച അന്തിമ റിപ്പോർട്ടിനെ പിന്തുണക്കുന്ന രീതിയിലല്ല എൻ.ഐ.എയുടെ കണ്ടെത്തലെന്നും കോടതി വിലയിരുത്തി.