മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ മൂത്ത മകളായ മലിയ ഒബാമ കോളജ് പഠനത്തിനായി ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലേക്ക് പോയി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മലിയ ഹാർവാർഡിൽ തന്റെ മാതാപിതാക്കൾക്കൊപ്പം എത്തിയത്. കഴിഞ്ഞ ഒരു വർഷമായി അടിച്ച് പൊളിച്ച് നടന്ന് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു മലിയ ഒടുവിൽ അച്ചടക്കമുള്ള വിദ്യാർത്ഥിനിയായി ഹാർവാർഡിലെ ഡോർമിറ്ററിയിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. ആഡംബരക്കൊട്ടാരത്തിൽ നിന്നും ആൾക്കൂട്ടത്തിനിടയിലേക്ക് താമസം മാറ്റിയ 19കാരിയായ മകളെ ഹോസ്റ്റലിൽ ആക്കിയിട്ട് ഒബാമയും മിഷെലും മടങ്ങിയത് നിറകണ്ണുകളോടെയാണെന്നും റിപ്പോർട്ടുണ്ട്.

ഹാർവാർഡിലേക്കുള്ള യാത്രക്കിടയിൽ മുൻ പ്രസിഡന്റിനും കുടുംബത്തിനുമൊപ്പം സീക്രട്ട് സർവീസിലെ അംഗങ്ങളും അണിചേർന്നിരുന്നു.സൂര്യഗ്രഹണം നടക്കുന്നതിനിടെയായിരുന്നു മലിയ തന്റെ പുതിയ താമസസ്ഥലത്തേക്ക് കൂട് മാറിയത്. മലിയയെ ഡോർമിറ്ററിയിലാക്കി പുറത്തേക്ക് വരുമ്പോൾ തങ്ങളുടെ നിറകണ്ണുകൾ ആരും കാണാതിരിക്കാൻ ഒബാമയും പത്‌നിയും സൺഗ്ലാസുകൾ ധരിച്ചിരുന്നു. അവർ കുറച്ച് നേരം വിഷമിച്ച് താഴോട്ട് നോക്കിയായിരുന്നു നടന്നിരുന്നത്. തുടർന്ന് അവർ വേഗത്തിൽ വാഹനത്തിലേക്ക് നടന്ന് കയറുകയുമായിരുന്നു. ഇതിന് മുമ്പും മലിയ പഠിക്കാൻ പോകുന്ന വേളകളിൽ ഒബാമ തന്റെ വിരഹദുഃഖം പ്രകടിപ്പിച്ചിരുന്നു.

ഡോർമിറ്ററിയിലെത്തിയ പാടെ മലിയ അവിടുത്തെ സഹ അന്തേവാസികളോട് തികച്ചും അടുപ്പത്തിൽ ഇടപഴകിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഹാർവാർഡിലെ മിക്ക വിദ്യാർത്ഥികളും മാതാപിതാക്കളും മലിയയെ കണ്ടപ്പോൾ അമിതമായ ആവേശമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച കാമ്പസിലെ ഏതാനും വിദ്യാർത്ഥികൾ മലിയക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഇട്ടിരുന്നു. തിങ്കളാഴ്ച ഹാർവാർഡിലെ ഒരു റസ്റ്റോറന്റിൽ ലഞ്ചിനെത്തതിയ ഒബാമയെയും കുടുംബത്തെയും പരിചയപ്പെടാൻ ഒരു പറ്റം ആളുകൾ താൽപര്യത്തോടെ എത്തിയിരുന്നു.

തന്റെ കോളജ് പഠനത്തിന് മുമ്പ് മലിയ ഒരു വർഷം ഇടവേള എടുത്തിരുന്നു. ഒബാമ വൈറ്റ് ഹൗസിൽ നിന്നിറങ്ങാനായി മലിയ കാത്ത് നിൽക്കുകയായിരുന്നു. അതിനിടെ മലിയ നിരവധി ജോലികൾ ചെയ്ത് പരിചയം നേടിയിരുന്നു. ഹാർവെ വെയ്‌സ്റ്റെയിന്റെ പ്രശസ്തമായ പ്രൊഡക്ഷൻകമ്പനിയിൽ മലിയ ഇക്കാലത്ത് ഇന്റേൺഷിപ്പ് ചെയ്യുകയുമുണ്ടായി. ഷിക്കാഗോയിലെ ലോല്ലപലൂസ മ്യൂസിക് ഫെസ്റ്റിവലിൽ മലിയ ആടിത്തിമർക്കുന്ന വീഡിയോ ഇതിനിടെ വൈറലാവുകയും വിവാദമുണ്ടാവുകയും ചെയ്തിരുന്നു. മലിയ അർധരാത്രിയിൽ റോഡിൽ വീണുരുണ്ട് ആടിത്തിമർക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരുന്നത്. ലാസ് വാഗസ്സ് റോക്ക് ബാൻഡ് അവരുടെ ഹിറ്റ് മ്യൂസിക്ക് അവതരിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് മലിയ കസറിയിരിക്കുന്നത്. ഇത്തരത്തിൽ ആഘോഷപൂർണമായ ഒരു ജീവിതത്തിന് വിരാമമിട്ടാണ് കോളജ് പഠനത്തിന് ഈ പെൺകുട്ടി എത്തിയിരിക്കുന്നത്.